വിലയില്‍ ധാരണയായില്ല; ഇന്ത്യ- ഫ്രാന്‍സ് റാഫേല്‍ വിമാന കരാര്‍ ഒപ്പിട്ടു

Posted on: January 26, 2016 12:17 am | Last updated: January 26, 2016 at 12:17 am
SHARE

rafel dealന്യൂഡല്‍ഹി: ഫ്രഞ്ച് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനത്തിലെ മുഖ്യ അജന്‍ഡയായിരുന്ന ഇന്ത്യാ- ഫ്രാന്‍സ് റാഫേല്‍ യുദ്ധ വിമാന കരാറില്‍ ഇരു രാജ്യ തലവന്മാരും ഒപ്പിട്ടു. വില സംബന്ധിച്ച് ധാരണയാകാതെയാണ് 60000 കോടിയിലധികം രൂപ ചെലവില്‍ 36 റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങുന്ന കരാറാണായിരിക്കുന്നത്. വിലയും കരാറുമായി ബന്ധപ്പെട്ട് സാമ്പത്തിക കാര്യങ്ങളും ഉടന്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്യസ് ഹോളണ്ടേയും പറഞ്ഞു. കരാര്‍ ഒപ്പിട്ട ശേഷം ഇരു നേതാക്കളും നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതിപക്ഷമുള്‍പ്പെടെ രാജ്യത്തെ പ്രതിരോധ വിദഗ്ധരുടെയും വന്‍ വിമര്‍ശങ്ങള്‍ അവഗണിച്ചാണ് നരേന്ദ്രമോദി സര്‍ക്കാര്‍ വലിയ കരാറിന് രൂപം നല്‍കിയിരിക്കുന്നത്. റാഫേല്‍ യുദ്ധവിമാനങ്ങളുടെ ഉപയോഗം മിക്ക ലോക രാജ്യങ്ങളും കുറച്ചുകൊണ്ടുവരുന്ന സാഹചര്യത്തിലാണ് കോടിക്കണക്കിന് രൂപ മുടക്കിയുള്ള കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്. റാഫേല്‍ യുദ്ധവിമാന കരാറിന് പുറമെ 12 കരാറുകളും ഇരുരാജ്യങ്ങളും ഒപ്പിട്ടിട്ടുണ്ട്.
അതേസമയം റാഫേല്‍ യുദ്ധ വിമാന കരാര്‍ സംബന്ധിച്ച വിലയുടെ കാര്യത്തില്‍ മാത്രമാണ് തര്‍ക്കമുള്ളതെന്നും ഇത് ഉടന്‍ തന്നെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫ്രാന്‍സ്യസ് ഹോളണ്ടേയും പറഞ്ഞു. വിമാനത്തിന്റെ കാര്യക്ഷമത സംബന്ധിച്ച വിമര്‍ശങ്ങളെ തള്ളിക്കളഞ്ഞ അദ്ദേഹം റാഫേല്‍ വിമാനങ്ങള്‍ ഇറാഖിലും സിറിയിയലും ഇസില്‍ വിരുദ്ധപോരാട്ടത്തിന് ഉപയോഗിച്ച് വരികയാണെന്നും ഇതേകുറിച്ച് ആശങ്ക വേണ്ടെന്നും പറഞ്ഞു. ബഹിരാകാശ മേഖലയിലെ സഹകരണത്തിനും കാലാവസ്ഥാ വ്യതിയാന പഠനത്തിനുമായി ഇരുരാജ്യങ്ങളും ചേര്‍ന്ന് ഉപഗ്രഹം വിക്ഷേപിക്കാനും ധാരണയായി. ജയ്താപൂര്‍ ആണവ നിലയത്തിന്റെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാനും, കൂടുതുല്‍ ആണവ നിലയങ്ങള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. സൗരസഖ്യത്തിന്റെ ഭാഗമായി കൂടുതല്‍ പാരമ്പര്യേതര ഊര്‍ജ മേഖലയിലും സഹകരിക്കും.
അംബാല-ലുധിയാന റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണത്തിന്റെ ഭാഗമായി ഫ്രാന്‍സിലെ അല്‍സ്റ്റോം കമ്പനിയില്‍ നിന്ന് 800 പുതിയ കോച്ചുകള്‍ വാങ്ങാനുള്ള ഇന്ത്യന്‍ റെയില്‍വേയുമായുള്ള കരാറും ഒപ്പിട്ടവയില്‍ ഉള്‍പ്പെടും.
ഭീകരതക്കെതിരായ സഹകരണവും, ആഭ്യന്തര സുരക്ഷസംബന്ധിച്ച ചര്‍ച്ചകളും തുടരാനും തീരുമാനിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here