ഹിമപാതം: വാഷിംഗ്ടണില്‍ ഓഫീസുകള്‍ അടച്ചു; ന്യൂയോര്‍ക്ക് സാധാരണ നിലയിലേക്ക്

Posted on: January 26, 2016 12:12 am | Last updated: January 26, 2016 at 12:12 am

fog at whitehouseവാഷിംഗ്ടണ്‍: കൊടുംതണുപ്പിലും ഹിമപാതത്തിലും ദുസ്സഹമായ ന്യൂയോര്‍ക്കില്‍ ജനജീവിതം സാധാരണ നിലയിലേക്ക്. അതേസമയം രാജ്യതലസ്ഥാനമായ വാഷിംഗ്ടണിലും സമീപ നഗരങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്‌കൂളുകളും പ്രവര്‍ത്തനം നിര്‍ത്തി. മാന്‍ഹട്ടന്‍ നഗരത്തില്‍ ഇന്നലെ തെളിഞ്ഞ ആകാശമായിരുന്നു. സൂര്യപ്രകാശം ഏല്‍ക്കാനായി ജനങ്ങളും സഞ്ചാരികളും പുറത്തിറങ്ങി. ജനം കാറുകള്‍ക്ക് മുകളില്‍ പുതഞ്ഞ മഞ്ഞുകട്ടകള്‍ നീക്കുന്നുണ്ടായിരുന്നു. ന്യൂയോര്‍ക്ക് നഗരത്തില്‍ ചരിത്രത്തിലെ രണ്ടാമത്തെ മഞ്ഞ് വീഴ്ചയാണ് അനുഭവപ്പെട്ടത്. വാഷിംഗ്ടണില്‍ താറുമാറായ ഗതാഗത സംവിധാനം ഇപ്പോഴും പുനഃസ്ഥാപിച്ചിട്ടില്ല. വളരെ സാവാധാനത്തിലാണ് ഇവ പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഹിമപാതത്തിലും തണുപ്പിലും അമേരിക്കയില്‍ ഇതുവരെ 20 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് നഗരത്തില്‍ 68 സെന്റീ മീറ്റര്‍ കനത്തിലാണ് മഞ്ഞുപാളികളുള്ളത്. 2006ല്‍ 68.3 സെന്റീ മീറ്ററാണ് ഇതിന് മുമ്പുള്ള റെക്കോര്‍ഡ്. അറകന്‍സാസ് സ്‌റ്റേറ്റില്‍ മഞ്ഞുവീഴ്ചയെ തുടര്‍ന്നുണ്ടായ കാറപകടത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. മേരിലാന്‍ഡില്‍ ഒരാളും ന്യൂയോര്‍ക്കില്‍ മൂന്ന് പേരും മരിച്ചു. വെര്‍ജീനിയയില്‍ ഹൈപ്പോതെര്‍മിയ ബാധിച്ച് ഒരാള്‍ മരിച്ചു. കാര്‍ബണ്‍ മോണോക്‌സൈഡ് വാതകം ശ്വസിച്ച് പെന്‍സില്‍വാനിയയില്‍ ഒരാളും മരിച്ചതായി അധികൃതര്‍ പറഞ്ഞു. ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും നിരക്കുകളില്‍ വാഹനമിറങ്ങുന്നതിന് വിലക്കും ഗവര്‍ണര്‍ ഏര്‍പ്പെടുത്തി.
വാഷിംഗ്ടണ്‍ നാഷനല്‍ മൃഗശാലയില്‍ മഞ്ഞുപാളികളുടെ കനം 57 സെന്റീ മീറ്ററായിരുന്നു. വിമാനത്താവളത്തില്‍ 29.2 സെന്റീ മീറ്റര്‍ കനത്തില്‍ മഞ്ഞുവീഴ്ചയുണ്ടായതായി കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മേഖലയില്‍ ഏറ്റവും വലിയ മഞ്ഞുവീഴ്ചയുണ്ടായത് വെര്‍ജീനിയയുടെ പടിഞ്ഞാറന്‍ പ്രദേശമായ ഗ്ലെന്‍ഗാറി നഗരത്തിലാണ്. ശനിയാഴ്ച വൈകുന്നേരം പ്രവര്‍ത്തനം നിര്‍ത്തിയ ട്രെയിനുകളും മെട്രോയും ഞായറാഴ്ച വീണ്ടും സര്‍വീസ് തുടങ്ങിയിട്ടുണ്ട്. 3,900 വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി ഏവിയേഷന്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റുകള്‍ പറയുന്നു. അതസമയം ന്യൂയോര്‍ക്കിലെ ചില വിമാനത്താവളങ്ങളില്‍ പരിമിത സര്‍വീസുകള്‍ നടത്തി. മഞ്ഞു വീഴ്ചയില്‍ നോര്‍ത്ത് കരോലിനയില്‍ ഒന്നര ലക്ഷവും ന്യൂ ജേഴ്‌സിയില്‍ 90,000 വീടുകളിലും വൈദ്യുതി ബന്ധം നിലച്ചിട്ടുണ്ട്. ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് ഇവ പുനഃസ്ഥാപിച്ചത്.