Connect with us

Ongoing News

മണ്‍മറയുന്ന കലാരൂപങ്ങള്‍ക്ക് കലോത്സവത്തിലൂടെ പുനര്‍ജ്ജനി

Published

|

Last Updated

തിരുവനന്തപുരം: കാലത്തിന്റെ മലവെള്ളപ്പാച്ചലില്‍ പെട്ട് കേരളീയ സമൂഹത്തില്‍ നിന്ന് വിസ്മൃതമായിക്കൊണ്ടിരിക്കുന്ന കലാരൂപങ്ങള്‍ക്ക് കലോത്സവത്തിലൂടെ പുനര്‍ജ്ജനി. വഞ്ചിപ്പാട്ട്, കോല്‍ക്കളി, പരിചമുട്ട്കളി, അറബനമുട്ട്, നാടന്‍പാട്ട്, പൂരക്കളി, വട്ടപ്പാട്ട്, ചവിട്ടുനാടകം, ചാക്യാര്‍കൂത്ത്, കൂടിയാട്ടം, നങ്ങ്യാര്‍കൂത്ത്, മുഷാറ എന്നിങ്ങനെ അന്യം നിന്നുപോയ കലാരൂപങ്ങളാണ് കലോത്സവ വേദികളില്‍ തനിമ തെല്ലും ചോര്‍ന്നുപോകാത്ത വിധം അവതരിപ്പിച്ചത്. കലോത്സവത്തിന്റെ സമാപന ദിവസമായ ഇന്നലെ പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന ഹൈസ്‌കൂള്‍ വിഭാഗം നാടന്‍പാട്ട് മത്സരം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.
മത്സരത്തില്‍ അരങ്ങേറുന്ന പ്രകടനം കാണികളെയും ആവേശത്തിലാക്കുകയാണ്. എല്ലാ പ്രകടനങ്ങള്‍ക്കും കാണികളുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഓളം നല്‍കുന്ന പാട്ടുകള്‍ക്ക് താളം പിടിച്ച് പ്രോത്സാഹനവും നല്‍കുന്നുണ്ട്. 22 ടീമാണ് എച്ച് എസ് വിഭാഗം നാടന്‍പാട്ട് മത്സരത്തില്‍ പങ്കെടുത്തത്. പടയണി പാട്ട്, പുള്ളുവന്‍പാട്ട് തുടങ്ങിയ വൈവിധ്യമാര്‍ന്ന ഗാനരീതികളാണ് അരങ്ങേറിയത്.
പൂജപ്പുര മൈതാനിയില്‍ വഞ്ചിപ്പാട്ട് മത്സരമാണ് നടന്നത്. മലയാള സാഹിത്യ ശാഖകളില്‍ സുപ്രധാനമായ സ്ഥാനം അലങ്കരിക്കുന്ന ഒന്നാണ് വഞ്ചിപ്പാട്ട്. വഞ്ചി അല്ലെങ്കില്‍ തോണി തുഴയുന്നവര്‍ പാടുന്ന പാട്ടുകളാണ് വഞ്ചിപ്പാട്ട്. വള്ളപ്പാട്ട് എന്നും പറയാറുണ്ട്. കുചേലവൃത്തം, ലക്ഷണോപദേശം, പാര്‍ഥസാരഥി വര്‍ണന, ഭീഷ്മപര്‍വം, സന്താനഗോപാലം, ബാണയുദ്ധം എന്നീ കഥകളെ ആസ്പദമാക്കിയുള്ള വഞ്ചിപ്പാട്ടുകള്‍കള്‍ക്കാണ് കേരളത്തില്‍ പ്രാധാന്യം.
പ്രചുര പ്രചാരം നേടിയ ആയോധനകലകളില്‍ ഒന്നാണ് പരിചമുട്ടുകളി. പത്തോ പന്ത്രണ്ടോ പുരുഷന്മാരടങ്ങിയ സംഘമാണ് ഇത് അവതരിപ്പിക്കുന്നത്. യുവാളും പരിചയും കൈയ്യിലേന്തി ആശാന്‍ ചൊല്ലുന്ന പാട്ടിന്റെ ഈണത്തില്‍ കളരിച്ചുവടുകള്‍ വെച്ച് നൃത്തം ചെയ്യുന്നു. കളരിപ്പയറ്റിന്റെയും പരിചകളിയുടേയും സ്വാധീനം ഈ കലാരൂപത്തില്‍ കാണാം. കേരളത്തിലെ െ്രെകസ്തവ വിവാഹാഘോഷങ്ങള്‍, പള്ളിപ്പെരുന്നാള്‍ എന്നിവിടങ്ങളിലാണ് മുന്‍കാലങ്ങളില്‍ ഇതു കണ്ടുവരാറുള്ളത്.
ക്ഷേത്രങ്ങളിലും കാവുകളിലും നടക്കുന്ന മറ്റൊരു കലയാണ് പൂരക്കളി. കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ ഉള്‍പ്പെടുന്ന ഉത്തരമലബാറാണ് പൂരക്കളി യുടെ ഈറ്റില്ലം. കളിക്കാരുടെ എണ്ണത്തിനും കര്‍ശനമായ നിയന്ത്രണമില്ല. കളിക്കാര്‍ വിളക്കിന് ചുറ്റും വൃത്താകൃതിയില്‍ നിന്നുകൊണ്ടാണ് കളിക്കുന്നത്. ഇടയ്ക്ക് വെച്ച് കളിയില്‍ ചേരുകയും ഒഴിഞ്ഞു പോകുകയുമാവാം. പണിക്കര്‍ പാട്ട് ചൊല്ലുന്നതിനൊപ്പം ശിഷ്യന്മാര്‍ ഏറ്റുപാടിക്കളിക്കുന്നു. ഇടക്ക് പണിക്കരും കളിയില്‍ കൂടും.
കേരളത്തിലെ വിവിധ സമുദായക്കാരുടെ ഇടയില്‍ പ്രചാരത്തിലുള്ള നാടന്‍ വിനോദമാണ് കോല്‍ക്കളി. കോലടിക്കളി, കമ്പടിക്കളി എന്നിങ്ങനെ പല പേരുകളിലും അറിയപ്പെടുന്നു. വന്ദനക്കളി, വട്ടക്കോല്‍, ചുറ്റിക്കോല്‍, തെറ്റിക്കോല്‍, ഇരുന്നുകളി, തടുത്തുകളി, താളക്കളി, ചവിട്ടിച്ചുറ്റല്‍, ചുറഞ്ഞു ചുറ്റല്‍, ചിന്ത്, ഒളവും പറവും തുടങ്ങി അറുപതോളം ഇനങ്ങള്‍ കോല്‍ക്കളിയില്‍ ഉണ്ട്. സാധാരണഗതിയില്‍ എട്ടോ പത്തോ യുവാക്കള്‍ പ്രത്യേക വേഷം ധരിച്ചാണ് കോല്‍ക്കളിയില്‍ പങ്കെടുക്കുന്നത്. മണിയുള്ളതോ ഇല്ലാത്തതോ ആയ കമ്പുകളാണ് കോല്‍കളിക്ക് ഉപയോഗിക്കുന്നത്. നൃത്തം ചെയ്യുന്നവര്‍ വട്ടത്തില്‍ ചുവടുവെച്ച് ചെറിയ മുട്ടുവടികള്‍ കൊണ്ട് താളത്തില്‍ അടിക്കുന്നു. നൃത്തം പുരോഗമിക്കുന്നതനുസരിച്ച് കോല്‍കളിക്കാരുടെ വൃത്തം വലുതാവുകയും ചുരുങ്ങുകയും ചെയ്യുന്നത്. അകമ്പടിഗാനം പതിയെ ഉയര്‍ന്ന് നൃത്തം തീരാറാവുന്നതോടേ ഉച്ചസ്ഥായിയിലെത്തുന്നു.
ഒപ്പനയ്ക്കു സമാനമായ ഒരു മാപ്പിള കലാരൂപമാണ് വട്ടപ്പാട്ട്. ഒപ്പനയില്‍ പെണ്ണുങ്ങളെന്നതു പോലെ വട്ടപ്പാട്ട് ആണുങ്ങളാണ് അവതരിപ്പിക്കുന്നത്. കല്ല്യാണവുമായി ബന്ധപ്പെട്ട് ആളുകള്‍ കൂടിയിരുന്ന് സന്തോഷം പ്രകടിപ്പിക്കാനായി ചൊല്ലിയിരുന്ന പാട്ടാണ് വട്ടപ്പാട്ട്. ലോകപൈതൃകമായി യുനെസ്‌കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്തരൂപമാണ് കൂടിയാട്ടം. മിഴാവ്, കുഴിത്താളം, ഇടക്ക, കൊമ്പ്, ശംഖ് എന്നീ ദേവവാദ്യങ്ങള്‍ ചേര്‍ത്തുള്ള മേളമാണ് ആദ്യം. പിന്നീട് വിദൂഷകവേഷം ധരിച്ച ചാക്യാര്‍ രംഗത്ത് പ്രവേശിക്കുകയും കഥാസന്ദര്‍ഭത്തെ വിവരിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് കഥാപാത്രങ്ങള്‍ തിരശ്ശീല താഴ്ത്തി പ്രവേശിക്കുകയും കഥ ആടുകയും ചെയ്യുന്നു. കൂടിയാട്ടത്തില്‍നിന്നു വേറിട്ട് ക്ഷേത്രങ്ങളില്‍ ഒരു ഏകാംഗാഭിനയമായി ചെയ്തുവരുന്ന ഒരു കലാരൂപമാണ് നങ്ങ്യാര്‍ക്കൂത്ത്. കൂടിയാട്ടത്തില്‍ സ്ത്രീവേഷങ്ങള്‍ കെട്ടുന്നത് നങ്ങ്യാന്മാരാണ്. നങ്ങ്യാന്മാര്‍ മാത്രമായി നടത്തുന്ന കൂത്താണ് നങ്ങ്യാര്‍ക്കൂത്ത്.
മാപ്പിളകലകളില്‍ ഏറെ പുരാതനമെന്ന് പറയാവുന്ന കലാപ്രകടനമാണ് അറബനമുട്ട്. ഉത്തരകേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ പ്രചാരമുള്ള അനുഷ്ഠാനകല. വൃത്താകൃതിയില്‍ വളച്ചുണ്ടാക്കുന്ന അറബനയുടെ ഒരു ഭാഗം പൊതിയാന്‍ ആട്ടിന്‍തോലാണ് ഉപയോഗിക്കുക. അറബനമുട്ട്, അറവനക്കളി, റബാന എന്നീ പേരുകളിലും ഈ കല അറിയപ്പെടുന്നു. ആറംഗ പുരുഷന്മാരാണ് അറബനമുട്ടിന് ഉണ്ടാവുക. വെള്ളമുണ്ട്, വെള്ളഷര്‍ട്ട്, വെള്ളത്തുണികൊണ്ടുള്ള സവിശേഷരീതിയിലെ തലക്കെട്ട് എന്നിങ്ങനെയുള്ള മലബാറിലെ പാരമ്പര്യവേഷമാണ് അറബനമുട്ട്കളിക്കാരുടെ വേഷം. പാട്ടുകള്‍ അറബി ഭാഷയിലെ ബൈത്തുകളാണ്.

Latest