Connect with us

Articles

അര്‍ബുദം: കേരളം അടിയന്തരമായി ചെയ്യേണ്ടത്

Published

|

Last Updated

അമിതമായി ദേഷ്യം വരുന്ന പ്രകൃതിക്കാരില്‍ കോശങ്ങള്‍ അമ്ലാവസ്ഥയിലായതിനാല്‍ ക്യാന്‍സര്‍ രോഗം വരാന്‍ സാധ്യത ഏറെയാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ സ്ഥിരീകരിച്ചിരിക്കുന്നു. എന്നു വേണമെങ്കിലും ആര്‍ക്ക് വേണമെങ്കിലും ക്യാന്‍സര്‍ രോഗത്തന്റെ അടിമകളാകാം എന്ന മാനസികാവസ്ഥയിലേക്ക് നീങ്ങിയിരിക്കുന്നു നമ്മുടെ നാട്ടിലെ ആളുകള്‍. നഗര ഗ്രാമ വ്യത്യാസമില്ലാതെ കേരളത്തിലെ ഏത് ഇടവഴികള്‍ പരിശോധിച്ചാലും ഒന്നോ രണ്ടോ കിടപ്പുരോഗികളും രണ്ടോ മൂന്നോ ചികിത്സിച്ചുകൊണ്ടിരിക്കുന്ന രോഗികളും ഉണ്ടാകുമെന്ന അവസ്ഥ. രോഗം ക്യാന്‍സറാണെന്ന് തിരിച്ചറിയുന്നതോടെ രോഗിയും വീട്ടുകാരും പൊട്ടിത്തകരുന്നു. ഭാരിച്ച ചികിത്സാ ചെലവും രോഗി രക്ഷപ്പെടില്ലെന്ന ധാരണയുമാണ് കാരണം. റേഡിയേഷന്‍, കീമോ തെറാപ്പി, നിരന്തരമായുള്ള മരുന്നുകള്‍, ഓപ്പറേഷന്‍ എങ്ങിനെ പോയാലും അനേക ലക്ഷങ്ങള്‍ ചെലവാകും. അതോടെ ശരാശരി വരുമാനമുള്ള കുടുംബം വന്‍ കടബാധ്യതയിലാകും. രോഗി രക്ഷപ്പെടുകയെന്നത് അപൂര്‍വവും.
പല കുടുംബങ്ങളും ചികിത്സ നിറവേറ്റാനാകാതെ തകര്‍ന്നടിയുന്ന സ്ഥിതിയാണ്. 2012ല്‍ ഇന്ത്യയില്‍ 6.5 ലക്ഷം പേരാണ് ക്യാന്‍സര്‍ മൂലം മരണമടഞ്ഞത്. ഓരോ വര്‍ഷത്തിലും പുതുതായി 10 ലക്ഷം പുതിയ രോഗികളെ തിരിച്ചറിയുന്നു. 2035 ആകുന്നതോടെ ഈ രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 16.5 ലക്ഷമായി മാറുമെന്ന് കണക്കാക്കുന്നു. ക്യാന്‍സര്‍ ബാധിച്ച് മരിക്കുന്നവരില്‍ സ്ത്രീകളും പുരുഷന്‍മാരും ഏതാണ്ട് ഒരേ ശതമാനത്തില്‍ തന്നെയാണ്. പുരുഷന്മാരില്‍ പ്രോസ്‌ട്രേറ്റ്, ശ്വാസകോശം, കരള്‍, വയറ്, കഴുത്ത് എന്നിവിടങ്ങളിലാണ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സ്ത്രീകളില്‍ ഓവറി, ഗര്‍ഭപാത്രം, സ്തനം എന്നിവിടങ്ങളിലെ ക്യാന്‍സറുകളാണ് കൂടുതല്‍ കാണുന്നത്.
വികസിത രാജ്യങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നതിലും കുറവാണ് ഇന്ത്യയില്‍ കണ്ടുപടിക്കപ്പെടുന്നത്. എന്നാല്‍, മരണ സംഖ്യ ഇന്ത്യയിലാണ് കൂടുതല്‍. ഇവിടെ രോഗം മൂര്‍ഛിച്ച അവസ്ഥയിലാണ് രോഗ വിവരം സ്ഥിരീകരിക്കപ്പെടുന്നത്. രോഗം ഉണ്ട് എന്ന് മനസ്സിലാക്കിയാല്‍ പോലും ചെലവും ഭയവും നിമിത്തം രോഗികള്‍ വിവരം പുറത്ത് പറയാറില്ല. പ്രായമുള്ളവരാണെങ്കില്‍, രോഗികളോട് ബന്ധുക്കളും പറയില്ല. രോഗം പ്രാരംഭ ദിശയിലാണെങ്കില്‍ ചികിത്സിച്ചാല്‍ മാറാവുന്നതേയുള്ളൂ ക്യാന്‍സര്‍. കണ്ടെത്തി ചികിത്സിക്കാനുള്ള ഡിറ്റക്ഷന്‍ സെന്ററുകളുടെ അപര്യാപ്തതയും ഇന്ത്യയില്‍ മരണം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. കേരളത്തില്‍ പ്രതിവര്‍ഷം 35,000 ക്യാന്‍സര്‍ രോഗികളുടെ വര്‍ധനവാണുണ്ടാകുന്നത്. വായ, ശ്വാസകോശം എന്നിവിടങ്ങളിലെ ക്യാന്‍സറാണ് പുരുഷന്മാരില്‍ പുതുതായി കാണുന്നതെങ്കില്‍ സ്തനത്തിലും ഗര്‍ഭ പാത്രത്തിവുമായി ബന്ധപ്പെട്ട ക്യാന്‍സറാണ് സ്ത്രീകളില്‍ കൂടുതലായി കാണുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രതിവര്‍ഷം സംസ്ഥാന സര്‍ക്കാറിന്റെ ക്യാന്‍സര്‍ ചികിത്സാ പദ്ധതിയായി സുകൃതം പദ്ധതിയിലൂടെ ക്യാന്‍സര്‍ രോഗികള്‍ക്ക് സഹായം എത്തിക്കുന്നതിനായി 250 കോടി രൂപയാണ് ചെലവിടുന്നത്. ഒരു രോഗിക്ക് 50,000രൂപയെങ്കിലും ചികിത്സാ ചെലവ് ലഭിക്കുന്ന പദ്ധതിയാണിത്. കീമോ തെറാപ്പിയായാലും റേഡിയേഷന്‍ ചികിത്സ ആയാലും രണ്ട് രണ്ടര ലക്ഷമെങ്കിലും ഒരു രോഗി ചെലവിടേണ്ടിവരുന്ന അവസ്ഥയാണ്. 2015ല്‍ 1,55,000 പുതിയ സ്തന ക്യാന്‍സറുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതില്‍ 76,000 സ്ത്രീകളെങ്കിലും മരിക്കുമെന്ന് ഉറപ്പായ കേസുകളാണ്. ഉള്ള വിവരം പുറത്ത് പറയാത്തതും തിരിച്ചറിയാന്‍ വൈകുന്നതും മരണനിരക്ക് വര്‍ധിക്കാന്‍ കാരണമാകുന്നു.
ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളെക്കാള്‍ ക്യാന്‍സര്‍ നിരക്ക് കേരളത്തിലാണ് കൂടുതല്‍ എന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. കേരളത്തിലെ ഓരോ ഒരു ലക്ഷം പേരിലും പുരുഷന്മാരില്‍ 133 പേരും സ്ത്രീകളില്‍ 123 പേരും രോഗ ബാധിതരാണ്. രോഗം ആരംഭത്തില്‍ തിരിച്ചറിഞ്ഞാല്‍ രക്ഷപ്പെടാന്‍ 50 ശതമാനം സാധ്യതയുണ്ട്. സംസ്ഥാനത്തെ ക്യാന്‍സര്‍ രോഗം വരുന്നതില്‍ 90 ശതമാനവും ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളാണ്. ഭക്ഷണ പദാര്‍ഥങ്ങള്‍, മദ്യപാനം, പുകവലി, കുടിവെള്ളം, പുകയില ഉത്പന്നങ്ങളുടെ ഉപയോഗം, പഴം-പച്ചക്കറികളിലെ കീടനാശിനി ഉപയോഗം, മത്സ്യം മാംസം എന്നിവയിലെ മാരക വിഷാംശങ്ങള്‍, ആഹാര പദാര്‍ഥങ്ങളില്‍ മായമായി ചേര്‍ക്കുന്ന വിഷരാസ പദാര്‍ഥങ്ങള്‍, മൊബൈല്‍ ഫോണുകളില്‍ നിന്നും ടവറുകളില്‍ നിന്നും നിരന്തരമായി ശരീരത്തിലെത്തുന്ന മൈക്രോ വെയ്‌വ് റേഡിയേഷനുകള്‍, പ്ലാസ്റ്റിക്കില്‍ നിന്നെത്തുന്ന വിഷാംശങ്ങള്‍, ധരിക്കുന്ന വസ്ത്രങ്ങളിലെയും കളിപ്പാട്ടങ്ങളിലെയും മാരക രാസ പദാര്‍ഥങ്ങള്‍ എന്നിവയെല്ലാം രോഗത്തിന് വഴിവെക്കുന്നു.
സംസ്ഥാനത്തെ ഒരു ലക്ഷം സ്ത്രീകളില്‍ 40 പേര്‍ക്കെങ്കിലും സ്തന ക്യാന്‍സര്‍ ഉണ്ട് എന്ന് 2012ല്‍ തിരുവനന്തപുരം ആര്‍ സി സി കണ്ടെത്തിത്തിയിട്ടുണ്ട്. 2013ലെ കണക്കനുസരിച്ച് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനുള്ളില്‍ സംസ്ഥാനത്ത് 280 ശതമാനം രോഗികളുടെ വര്‍ധനവുണ്ടായിട്ടുണ്ട്. ഇതില്‍ സ്തനാര്‍ബുദം 11 ശതമാനവും സ്ത്രീകളില്‍ തന്നെ തൈറോയിഡ് ക്യാന്‍സര്‍ എട്ട് ശതമാനവും ആണ്. ശ്വാസകോശ ക്യാന്‍സര്‍ രോഗികളുടെ എണ്ണവും വയറ്റില്‍ അര്‍ബുദം ബാധിക്കുന്നവരുടെ എണ്ണവും ക്രമാതീതമായി പെരുകിവരികയാണ്. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ തിരുവനന്തപുരം ആര്‍ സി സിയുടെ ക്യാന്‍സര്‍ റജിസ്റ്ററിയില്‍ എഴുതപ്പെട്ടത് മൂന്ന് ലക്ഷം രോഗികളുടെ പേരുകളാണ്. അര്‍ബുദത്തെ കുറിച്ചുള്ള അജ്ഞതയും അനാവശ്യ ഭയപ്പാടുമാണ് പലപ്പോഴും രോഗികള്‍ പ്രാരംഭ ദശയില്‍ ചികിത്സക്ക് എത്താതിരിക്കാന്‍ കാരണം.
ക്യാന്‍സര്‍ കണ്ടുപിടിക്കുന്ന സെന്ററുകളുടെ അഭാവം എടുത്തുപറയേണ്ടതാണ്. ജില്ലാ ക്യാന്‍സര്‍ ഡിറ്റക്ഷന്‍ സെന്ററുകളും റീജ്യനല്‍ ക്യാന്‍സര്‍ സെന്ററുകളും തുറക്കേണ്ടതായിട്ടുണ്ട്. രോഗികളില്‍ അര്‍ബുദത്തെ കുറിച്ചുള്ള ശരിയായ അവബോധം സൃഷ്ടിക്കണം. ഈ രോഗികളോടു സമൂഹത്തിനുള്ള മനോഭാവം മാറ്റണം. അമിതമായ അനുകമ്പയോടെ/ അതിസഹതാപത്തോടെ കാണാതെ അവരെ സാധാരണ രോഗികളെ പോലെ കാണണം. രോഗത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ അകറ്റാന്‍ ബോധവത്കരണ സെന്ററുകള്‍ പ്രദേശികമായി സ്ഥാപിക്കണം.
അര്‍ബുദത്തിന് കാരണമാകുന്ന എല്ലാ സ്രോതസ്സുകളും അടക്കണം. മായം ചേര്‍ത്ത് ഭക്ഷണ പദാര്‍ഥങ്ങള്‍ നല്‍കുന്നവരെയും പഴങ്ങള്‍, പച്ചക്കറികള്‍, മറ്റു ആഹാര പദാര്‍ഥങ്ങള്‍ എന്നിവയില്‍ ക്യാന്‍സറിന് കാരണമാകുന്ന രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത് വില്‍പ്പന നടത്തുന്നവര്‍, രോഗകാരണമാകുന്ന പ്രിസര്‍വേറ്റീവുകള്‍ ചേര്‍ത്തുള്ള ടിന്നിലടച്ച ആഹാര പദാര്‍ഥങ്ങള്‍ കച്ചവടം ചെയ്യുന്നവര്‍, മായം ചേര്‍ത്ത് പാലുണ്ടാക്കുന്നവര്‍ എന്നിവരെ നിയന്ത്രിക്കണം. ശരീരത്തില്‍ മാരക രാസപദാര്‍ഥങ്ങള്‍ എത്തുന്നത് ഏത് വിധേനയും തടയണം. അര്‍ബുദ കാരണമാകുന്ന പദാര്‍ഥങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത കൊലക്കുറ്റത്തിന് കേസെടുക്കണം. പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചിട്ടുണ്ടെങ്കിലും അത് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. ഈ നിയമം കര്‍ക്കശമായി പാലിക്കപ്പെടണം. പുകയില ഉത്പന്നങ്ങള്‍, പാന്‍പരാഗ് പോലുള്ള ഉത്പന്നങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ കണ്ടെത്തി അവ നശിപ്പിക്കണം.
അര്‍ബുദ രോഗത്തിനുള്ള മരുന്നുകളുടെ വില നിയന്ത്രണം കര്‍ശനമായി പാലിക്കപ്പെടണം. അങ്ങനെ ക്യാന്‍സര്‍ രോഗികളുടെ കുടുംബം കടക്കെണിയിലാകുന്നത് തടയണം.

Latest