റിപ്പബ്ലിക് ദിനം

Posted on: January 26, 2016 4:46 am | Last updated: January 25, 2016 at 10:42 pm
SHARE

രാജ്യം ഇന്ന് റിപ്പബ്ലിക് ദിനമാഘോഷിക്കുകയാണ്. സ്വന്തമായ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ ഇന്ത്യ ഒരു പരമാധികാര രാഷ്ട്രമായി പ്രഖ്യാപിച്ചതിന്റെ 67-ാമത് അനുസ്മരണ ദിനം. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സിസ് ഹോളണ്ടെയുടെ സാന്നിധ്യത്തില്‍ കനത്ത സുരക്ഷാ സംവിധാനങ്ങളോടെയാണ് ഈ വര്‍ഷത്തെ ആഘോഷം. ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് കാല്‍ ലക്ഷം പോലീസുകാര്‍, 200 ദ്രുതകര്‍മ സംഘങ്ങള്‍, 2000 ട്രാഫിക് പോലീസ്, 850 പി സി ആര്‍ വാഹനങ്ങള്‍, 1,430 സി സി ടി വി ക്യാമറകള്‍ തുടങ്ങി വിപുലമായ സുരക്ഷാ സജ്ജീകരണങ്ങളാണ് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയത്.
രാജ്യത്തിന്റെ സൈനിക ശക്തിയും വിവിധ മേഖലകളില്‍ കൈവരിച്ച നേട്ടവും പ്രദര്‍ശിപ്പിക്കുന്ന രാജ്പഥ് പരേഡും പ്രധാനമന്ത്രിയുടെ പതിവ് ചെങ്കോട്ട പ്രസംഗവുമായി ആഘോഷം അവസാനിക്കുമ്പോഴും 1950 ജനുവരി 26ന് ഇന്ത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കുമ്പോള്‍ മുന്നോട്ടുവെച്ചിരുന്ന ലക്ഷ്യങ്ങള്‍ എത്രത്തോളം കൈവരിച്ചു എന്ന ചോദ്യത്തിന് മുന്നില്‍ ബന്ധപ്പെട്ടവര്‍ക്ക് തലതാഴ്‌ത്തേണ്ടി വരികയാണ്. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയാണ് റിപ്പബ്ലിക്കിന്റെ ലക്ഷ്യങ്ങളായി രേഖപ്പെടുത്തപ്പെട്ടത്. പൗരസ്വാതന്ത്ര്യവും മൗലികാവകാശങ്ങളും സംരക്ഷിക്കുക, സ്ഥിതി സമത്വവും അവസരസമത്വവും ഉറപ്പ് വരുത്തുക, സമൂഹത്തില്‍ പരസ്പര ഐക്യവും ആദരവും സൃഷ്ടിക്കുക തുടങ്ങിയവയാണ് വിവക്ഷ. ഈ ലക്ഷ്യങ്ങളില്‍ രാജ്യം എത്രത്തോളം മുന്നോട്ട് പോയി? ജാതി വ്യവസ്ഥയുടെ ബലിയാടാകേണ്ടി വന്ന ദളിതനായ ഗവേഷക വിദ്യാര്‍ഥി രോഹിതിനെയും ഹിന്ദുത്വ ഫാസിസത്തിന്റെ ഇര മുഹമ്മദ് അഖ്‌ലാഖിനെയും മുന്‍നിര്‍ത്തി വേണം ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടേണ്ടത്.
സവര്‍ണ ഫാസിസത്തിന്റെ തേര്‍വാഴ്ചയില്‍ ദളിത് സമൂഹത്തിന്റെ നിലനില്‍പ്പ് അപകടത്തിലാണെന്ന സത്യത്തിലേക്കാണ് രോഹിത് വെമുലയുടെ ആത്മഹത്യ വിരല്‍ ചൂണ്ടുന്നത്. സാമൂഹിക പരിഷ്‌കരണ ചിന്തകള്‍ക്കും ശാസ്ത്രാവബോധത്തിനും കരുത്തേകേണ്ട ഉന്നത കലാലയ ക്യാമ്പസുകളില്‍ പോലും ജാതിയുടെ അടിസ്ഥാത്തില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വിവേചനത്തിന്റെ മതില്‍ക്കെട്ടുകള്‍ സൃഷ്ടിക്കപ്പെടുന്നുവെങ്കില്‍ മറ്റു തലങ്ങളില്‍ സ്ഥിതി എത്രത്തോളം ദയനീയമായിരിക്കണം? ജാതിഭേദത്തിന്റെ ഭാഗമായി രാജ്യത്ത് ഓരോ 18 മിനുട്ടിലും ഒരു ദളിതന്‍ ക്രൂരമായി കൈയേറ്റം ചെയ്യപ്പെടുന്നു. ദിനേന മൂന്ന് ദളിത് സ്ത്രീകളെങ്കിലും ബലാത്സംഗത്തിന് വിധേയരാകുന്നു. 38 ശതമാനം സ്‌കൂളുകളില്‍ ജാതിവിവേചനവും വന്‍തോതില്‍ തൊട്ടുകൂടായ്മയും നിലനില്‍ക്കുന്നു. ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും പൊലീസ് സ്‌റ്റേഷനിലും റേഷന്‍ കടകളിലും കയറാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമില്ല. ആരോഗ്യ മേഖലയിലെ പ്രവര്‍ത്തകര്‍ ദളിതരുടെ താമസസ്ഥലത്തു പോകാന്‍ വിസമ്മതിക്കുന്നു. ജനങ്ങള്‍ തിരഞ്ഞെടുത്ത ദളിത് പ്രതിനിധികള്‍ക്ക് പഞ്ചായത്ത് ഓഫീസുകളില്‍ കയറുന്നതിന് പോലും വിലക്ക്. ഇന്ത്യന്‍ റിപ്പബ്ലിക് 65 വര്‍ഷം പിന്നിട്ടിട്ടും ദളിതരെ മനുഷ്യരായി കാണാന്‍ വിസമ്മതിക്കുന്ന ജാതിക്കോമരങ്ങളുടെ മനോഗതി മാറ്റിയെടുക്കാനോ അവരുടെ പരാക്രമങ്ങളില്‍ നിന്ന് ദളിതര്‍ക്ക് രക്ഷ നല്‍കാനോ ഭരണകൂടങ്ങള്‍ക്ക് കഴിയാത്ത സാഹചര്യത്തിലാണ് നാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്.
എന്ത് ഭക്ഷിക്കണമെന്ന് ഹിന്ദുത്വ ഫാസിസം തീരുമാനിക്കുന്ന അവസ്ഥയോളമെത്തിയിരിക്കുന്നു മോദിയുടെ ഭരണത്തില്‍ ഇന്ത്യയെന്ന വസ്തുതയിലേക്കാണ് അഖ്‌ലാഖിന്റെ ദാരുണ മരണം വിരല്‍ ചൂണ്ടുന്നത്. ഹൈന്ദവേതര സമുദായങ്ങള്‍ ഹിന്ദുസംസ്‌കാരങ്ങളെ ദേശീയതയായി അംഗീകരിക്കുകയോ അതിന് തയ്യാറാകാത്തവരെ നാടുകടത്തുകയോ ഉന്മൂലനാശം ചെയ്യുകയോ വേണമെന്ന ഗോള്‍വാള്‍ക്കറുടെ നയം നടപ്പാക്കുന്നതിന്റെ ഭാഗമായിരുന്നു ആ സംഭവം. മുസ്‌ലിംകള്‍ക്ക് ജോലിയോ വാടകക്ക് വീടോ ലഭിക്കണമെങ്കില്‍ തങ്ങളുടെ മതവും മതചിഹ്നങ്ങളും മറച്ചുവെക്കുകയും വേഷവിതാനങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യേണ്ട അവസ്ഥയാണ് ഇന്ന് രാജ്യത്തിന്റെ പല ഭാഗത്തുമുള്ളത്. കൊല്‍ക്കത്തയിലെ ഹസീനാ ബീഗത്തിന് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ലഭിക്കാന്‍ ലക്ഷ്മി എന്ന പേരില്‍ അപേക്ഷ നല്‍കുകയും ഹൈന്ദവ വേഷം ധരിക്കുകയും ചെയ്യേണ്ടിവന്നു. എം ബി എ ബിരുദധാരിയായ അലിഖാന് മുസ്‌ലിമായ ഒറ്റക്കാരണത്താല്‍ മുംബൈയിലെ ഹരേ കൃഷ്ണ എക്‌സ്‌പോര്‍ട്ട്‌സ് കമ്പനി ജോലി നിഷേധിച്ചു. മുസ്‌ലിം വേഷം ധരിച്ചവര്‍ക്ക് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പോലും പ്രവേശാനുമതി നിഷേധിക്കുന്ന സ്ഥിതിവിശേഷം കേരളത്തില്‍ വരെയുണ്ട്. ദേശീയതയുടെ പേരില്‍ ആസൂത്രിതമായി വളര്‍ത്തിയെടുത്ത സവര്‍ണ ഫാസിസം പൊതുമേഖലകളില്‍ പോലും അത്രമാത്രം സ്വാധീനം നേടിക്കഴിഞ്ഞിട്ടുണ്ട്. കല്‍ബുര്‍ഗി, ദബോല്‍ക്കര്‍, പന്‍സാരെ എന്നിവരുടെ കൊലപാതകങ്ങള്‍, നാല്‍പ്പതിലേറെ പ്രമുഖരായ എഴുത്തുകാര്‍ക്ക് ദേശീയ പുരസ്‌കാരങ്ങള്‍ തിരിച്ചുകൊടുക്കേണ്ടിവന്ന സാഹചര്യം തുടങ്ങിയ സംഭവങ്ങളും ഇതോടു ചേര്‍ത്ത് വായിക്കേണ്ടതാണ്. എവിടെ ഭരണ ഘടനാ ശില്‍പ്പികളും മുന്‍കാല രാഷ്ട്ര നായകരും ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയ നീതിയും സ്വാതന്ത്ര്യവും അവസരസമത്വവും? ഭരണഘടന ഉറപ്പുനല്‍കിയ മൗലികാവകാശങ്ങളും മതസ്വാതന്ത്ര്യവും അതിന്റെ പൂര്‍ണാര്‍ഥത്തില്‍ അനുഭവിക്കാനുള്ള സാഹചര്യം രാജ്യത്ത് നിലനില്‍ക്കുമ്പോഴാണ് നമ്മുടെ റിപ്പബ്ലിക് ദിനാഘോഷം സാര്‍ഥമാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here