Connect with us

Kerala

പാളിയത് രാജി ഒഴിവാക്കാനുള്ള ശ്രമം; സ്റ്റേ നീക്കം ആഭ്യന്തരവകുപ്പ് അറിയാതെ

Published

|

Last Updated

തിരുവനന്തപുരം: രാജി ഒഴിവാക്കുന്നതിന് സാധ്യത തേടുക, അല്ലെങ്കില്‍ ഒരു രക്ത സാക്ഷി പരിവേഷത്തോടെ പുറത്ത് പോകാന്‍ ബാബുവിന് അവസരം നല്‍കുക. പൊടുന്നനെ ഹൈക്കോടതിയില്‍ സ്റ്റേ ആവശ്യം ഉന്നയിച്ചതിലൂടെ സര്‍ക്കാര്‍ ഇതായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍, അതിവേഗം നടത്തിയ നീക്കങ്ങളെല്ലാം പരാജയപ്പെട്ടതോടെ സര്‍ക്കാറിന് വലിയ തിരിച്ചടിയാണ് ഹൈക്കോടതിയില്‍ സംഭവിച്ചത്. ആഭ്യന്തരവകുപ്പില്‍ വിശദമായ ചര്‍ച്ചകളില്ലാതെയാണ് സ്റ്റേ ആവശ്യം ഉന്നയിച്ചത്.
വിജിലന്‍സ് കോടതി വിധി വന്നതിന് പിന്നാലെ കെ ബാബു രാജിവെച്ചിരുന്നെങ്കിലും മുഖ്യമന്ത്രി ഇത് സ്വീകരിച്ചിരുന്നില്ല. കെ എം മാണിയുടെ രാജിക്കത്ത് ലഭിച്ച രാത്രി തന്നെ സ്വീകരിച്ച് ഗവര്‍ണറുടെ പരിഗണനക്കായി രാജ്ഭവനിലേക്ക് കൈമാറിയിരുന്നു. രണ്ട് ദിവസമായിട്ടും ബാബുവിന്റെ കത്തില്‍ ഒരു തീരുമാനവുമെടുക്കാതിരുന്നത് ഹൈക്കോടതിയില്‍ നിന്ന് ഒരു അനുകൂല തീരുമാനം പ്രതീക്ഷിച്ചാണെന്ന് വ്യക്തം.
ബാര്‍കോഴയില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് വി എസ് സുനില്‍കുമാര്‍ നല്‍കിയ ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നതിനിടെയാണ് അഡ്വക്കറ്റ് ജനറല്‍ വിജിലന്‍സ് കോടതി ഉത്തരവിന് സ്റ്റേ ആവശ്യപ്പെട്ടത്. പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് പറഞ്ഞിട്ടും പ്രത്യേക ഹരജി ഇന്നലെ തന്നെ നല്‍കി. ഉച്ചക്ക് ശേഷം പരിഗണിച്ച് ഇത് തള്ളിയപ്പോള്‍ കെ ബാബു നല്‍കിയ ഹരജി വിളിച്ചുവരുത്തി പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ചു. ഇന്ന് കോടതി അവധിയാണെന്ന് കൂടി കണക്കിലെടുത്ത് ഇന്നലെ തന്നെ ധൃതി പിടിച്ച് ഉത്തരവ് സമ്പാദിക്കുകയായിരുന്നു ലക്ഷ്യം.
അതിവേഗം തീരുമാനം എന്ന ആവശ്യം കോടതിയില്‍ നടക്കാതെ പോയതോടെ ബാബുവിനെ ഇനി എങ്ങിനെ സംരക്ഷിച്ച് നിര്‍ത്തുമെന്നതാണ് ഉയരുന്ന ചോദ്യം. അതേസമയം, സ്റ്റേ ആവശ്യം ഉന്നയിച്ചതും ബാബുവിന്റെ രാജിയും തമ്മില്‍ ബന്ധമില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ വിശദീകരണം. ബാബുവിന്റെ രാജി സ്വീകരിച്ചിട്ടില്ലെങ്കിലും അദ്ദേഹം ഔദ്യോഗിക വസതി ഒഴിയാന്‍ കത്ത് നല്‍കിയിട്ടുണ്ട്. എം എല്‍ എ ഹോസ്റ്റലില്‍ മുറി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാസെക്രട്ടേറിയറ്റിനും കത്ത് നല്‍കിയിട്ടുണ്ട്.
കെ ബാബു രാജിവെച്ചെങ്കിലും അദ്ദേഹത്തിനെതിരായ അന്വേഷണം സ്റ്റേ ചെയ്താല്‍ കുറ്റം ചെയ്യാതെ പുറത്ത് പോകേണ്ടി വന്നു എന്ന പ്രതീതിയെങ്കിലും സൃഷ്ടിക്കാമെന്നായിരുന്നു ഗ്രൂപ്പ് നേതാക്കളുടെ കണക്ക് കൂട്ടല്‍.
ഹൈക്കോടതിയില്‍ സ്റ്റേ ആവശ്യം ഉന്നയിച്ചത് വിജിലന്‍സിലോ ആഭ്യന്തരവകുപ്പിലോ കൂടിയാലോചന നടത്താതെയാണെന്നാണ് സൂചന. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ലെങ്കിലും ഉദ്യോഗസ്ഥ തലത്തില്‍ വേണ്ടത്ര കൂടിയാലോചനകള്‍ നടന്നിട്ടില്ലെന്നാണ് വിവരം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ട് ആവശ്യപ്പെട്ടതനുസരിച്ചാണ് എ ജി അപ്പീല്‍ നല്‍കിയത്. ഇക്കാര്യത്തില്‍ രമേശ് ചെന്നിത്തലക്ക് പ്രതിഷേധമുണ്ടെന്നറിയുന്നു. അപ്പീല്‍ നല്‍കണമെന്ന ആവശ്യം ഔദ്യോഗികമായി വിജിലന്‍സ് ആവശ്യപ്പെട്ടിരുന്നുമില്ല. ഇതാണ് ബാബുവിനെ സംരക്ഷിക്കാന്‍ ഉന്നത തലങ്ങളില്‍ മാത്രം നടത്തിയ ചര്‍ച്ചയുടെ ഫലമാണ് സ്റ്റേ നീക്കത്തിന് പിന്നിലെന്ന സംശയം ബലപ്പെടുത്തുന്നതും
അതേസമയം, ബാബുവിന്റെ കേസില്‍ വിജിലന്‍സ് മനപ്പൂര്‍വ്വം വീഴ്ച വരുത്തിയെന്ന പരാതി എ ഗ്രൂപ്പ് നേതാക്കള്‍ പരസ്യമായി ഉന്നയിച്ച് തുടങ്ങിയിട്ടുണ്ട്. ബാബുവിനെതിരെ കോടതി യാതൊരു വിധിയും പുറപ്പെടുവിച്ചിട്ടില്ലെന്നും വിജിലന്‍സ് കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനാലാണ് കോടതി വിമര്‍ശനമുണ്ടായതെന്നും എ ഗ്രൂപ്പിലെ പ്രമുഖനായ എം എം ഹസന്‍ ഇന്നലെ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. വിധി പുറപ്പെടുവിച്ച ജഡ്ജിക്കെതിരെയും ഹസന്‍ ശക്തമായി രംഗത്തു വന്നു.