Connect with us

Kerala

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍: മുസ്‌ലിം വിരുദ്ധ സമീപനങ്ങളില്‍ നിന്ന് പിന്മാറണം മുസ്‌ലിം സംഘടനകള്‍

Published

|

Last Updated

കോഴിക്കോട്: കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെയും കോഴിക്കോട് കോര്‍പറേഷന്റെയും സഹകരണത്തോടെ ഡി സി ബുക്‌സ് അടുത്ത മാസം നാല്, അഞ്ച്, ആറ്, ഏഴ് തീയതികളില്‍ കോഴിക്കോട്ട് സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ മതങ്ങളെ കുറിച്ച് പൊതുവിലും ഇസ്‌ലാമിനെ കുറിച്ച് പ്രത്യേകിച്ചും നിലനില്‍ക്കുന്ന ചില മുന്‍വിധികളുടെ അടിസ്ഥാനത്തില്‍ ഒരുക്കിയതില്‍ മുസ്‌ലിം സംഘടനകള്‍ ആശങ്ക രേഖപ്പെടുത്തി.
ചിന്ത എന്ന തലക്കെട്ടില്‍ സംഘടിപ്പിക്കപ്പെട്ട സെഷന്‍ ഇസ്‌ലാമിനെ കുറിച്ചുള്ള ഒരു ചര്‍ച്ച മാത്രമാക്കി ചുരുക്കും വിധത്തിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഒപ്പം ഈ സെഷനില്‍ ചര്‍ച്ചക്കുവേണ്ടി ക്ഷണിക്കപ്പെട്ടവരാകട്ടെ ഇസ്‌ലാമിനെ മുസ്‌ലിം വിശ്വാസികളെ പോലെ പിന്തുടരാറില്ല എന്ന് പലപ്പോഴായി വ്യക്തമാക്കിയവരും അത്തരത്തിലുള്ള നിലപാടുകളോടെ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും സമീപിക്കുന്നവരുമാണ്.
ഇത്തരത്തില്‍ നിലപാടെടുക്കുന്നവരുടെ മുന്‍കൈയില്‍ മാത്രമേ ഇസ്‌ലാമിനെക്കുറിച്ചുള്ള സംവാദം നടക്കാവൂ എന്ന സമീപനം ജനാധിപത്യവിരുദ്ധവും മതവിശ്വാസികളെ അവഹേളിക്കുന്നതുമാണ്.
മതത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇസ്‌ലാമിനെ കുറിച്ചു മാത്രമായി മാറ്റുന്നതിനും ഇസ്‌ലാമിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇസ്‌ലാം വിമര്‍ശകരിലൂടെ മാത്രം ഉയര്‍ത്തി ക്കൊണ്ടുവരിക എന്നതിനും പിന്നില്‍ നിഗൂഢമായ രാഷ്ട്രീയ താത്പര്യങ്ങള്‍ ഉണ്ട് എന്ന് ന്യായമായും സംശയിക്കുന്നു.
ഇത്തരം കുത്സിത രാഷ്ട്രീയ താത്പര്യങ്ങള്‍ നടപ്പാക്കാനുള്ള വേദിയായി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനെ മാറ്റുന്നതില്‍ പ്രതിഷേധിക്കുന്നതായും മത വിശ്വാസികളെ അപരവത്കരിക്കുന്ന ജനാധിപത്യ വിരുദ്ധമായ ഇത്തരം പ്രവര്‍ത്തികള്‍ക്ക് കൂട്ടുനില്‍ക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പിന്മാറണമെന്നും മുസ്‌ലിം സംഘടനാ നേതാക്കള്‍ അറിയിച്ചു.