ഇസ്‌ലാമിക പാരമ്പര്യമന്വേഷിച്ച് മയോട്ടയില്‍ നിന്നുള്ള സംഘം മഅ്ദിനിലെത്തി

Posted on: January 25, 2016 11:52 pm | Last updated: January 25, 2016 at 11:52 pm
SHARE

മലപ്പുറം: കേരളത്തിലെ ഇസ്‌ലാമിക പാരമ്പര്യത്തില്‍ നിന്ന് പാഠങ്ങള്‍ തേടി ഫ്രാന്‍സ് സര്‍ക്കാര്‍ അധീനതയിലുള്ള ദ്വീപ് സമൂഹ രാജ്യമായ മയോട്ടയില്‍ നിന്ന് നാല് പേരടങ്ങുന്ന സംഘം മലപ്പുറം മഅ്ദിന്‍ അക്കാദമിയിലെത്തി. മയോട്ട മുസ്‌ലിം ഉലമാ യൂനിയന്‍ പ്രസിഡന്റ് ബാഹസന്‍ സയ്യിദ് ഹസ്സാനി, സെക്രട്ടറി ശൈഖ് യൂനുസ് മുഖദ്ദര്‍ എന്നിവരെ കൂടാതെ മയോട്ടയിലെ നഗരമായ ചിറോംഗി മേയര്‍ ഹനിമ ഇബ്‌റാഹീമയും സംഘത്തിലുണ്ട്. മുസ്‌ലിം ഭൂരിപക്ഷമുള്ള മയോട്ടയിലെ സാംസ്‌കാരിക മാറ്റങ്ങളെ പ്രതിരോധിക്കാനും തനത് സൂഫീ ഇസ്‌ലാമിക പാരമ്പര്യം സംരക്ഷിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് സംഘത്തിന്റെ വരവ്. ‘ആദ്യ തവണ കേരളത്തില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ തന്നെ ഇവിടുത്ത ഇസ്‌ലാമിക അന്തരീക്ഷം ഏറെ ആകര്‍ഷിച്ചു. 40 വര്‍ഷം മുമ്പ് ഞങ്ങളുടെ പൂര്‍വീകര്‍ പിന്തുടര്‍ന്നിരുന്ന ഇസ്‌ലാമിക സംസ്‌കാരത്തോട് ഏറെ ചേര്‍ന്ന് നില്‍ക്കുന്ന സംസ്‌കാരമാണ് ഇവിടുത്തേത്. ഇവിടുത്തെ പാഠം ഞങ്ങളുടെ പുതുതലമുറക്ക് പഠിപ്പിച്ചു കൊടുക്കുകയാണ് ഈ സന്ദര്‍ശനത്തിന്റെ ലക്ഷ്യം, ‘സയ്യിദ് ഹസ്സാനി പറഞ്ഞു.
ഫ്രഞ്ച് ഭരണ കൂടത്തിന് കീഴിലായതിനാല്‍ ഇവിടുത്തെ സാംസ്‌കാരിക രംഗത്തും മാറ്റങ്ങള്‍ വേഗത്തിലാണെന്ന്. പുതുതലമുറയെ സംരക്ഷിക്കാന്‍ സൂഫി ഇസ്‌ലാമിക പാരമ്പര്യമാണ് അഭിമാകാമ്യമെന്നും അദ്ദേഹം പറഞ്ഞു. മഅ്ദിന്‍ വൈസനീയം ആഘോഷങ്ങളുടെ ഭാഗമായുള്ള സാംസ്‌കാരിക വിനിമയ പദ്ധതിയുടെ ഭാഗമായാണ് ഇവര്‍ മലപ്പുറത്തെത്തിയത്. മയോട്ടയില്‍ നടക്കാനിരിക്കുന്ന ഇസ്‌ലാമിക സമ്മേളനത്തിലേക്ക് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയെയും ഇവര്‍ ക്ഷണിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here