ടാക്‌സി വിളിക്കാന്‍ ആപ്പുമായി കര്‍വ; 3000 പുതിയ കാറുകള്‍ കൂടി

Posted on: January 25, 2016 7:28 pm | Last updated: January 25, 2016 at 7:28 pm

taxi appദോഹ: ടാക്‌സി വിളിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി കര്‍വ യാത്രക്കാരിലേക്ക്. ടാക്‌സികള്‍ നാലായിരത്തില്‍നിന്ന് ഏഴായിരമാക്കി ഉയര്‍ത്തുമെന്നും കര്‍വ അധികൃതര്‍ വ്യക്തമാക്കി. ഐഫോണ്‍, ആന്‍ഡ്രോയ്ഡ് മൊബൈലുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന ആപ്പ് ഉപയോഗിച്ച് സിംഗിള്‍ ക്ലിക്കില്‍ മിനിറ്റുകള്‍ക്കുള്ളില്‍ ടാക്‌സി ലഭ്യമക്കുന്നതിനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തുന്നതെന്ന് അധികൃതര്‍ വിശദീകരിച്ചു. ടാക്‌സി സേവനം നേരത്തേ ബുക്ക് ചെയ്യുന്നതിനും പെട്ടെന്ന് വാഹനം ലഭിക്കുന്നതിനുമുള്ള സൗകര്യം ആപ്പിലുണ്ട്. ഡ്രൈവര്‍ക്കും വാഹനത്തിനും ആകെ സേവനത്തനും മാര്‍ക്കിടാനും ആപ്പില്‍ സൗകര്യമുണ്ട്.
നാലു ഫ്രാഞ്ചൈസി കമ്പനികളിലായി 4,000 കാറുകളാണ് ഇപ്പോള്‍ രാജ്യത്ത് സര്‍വീസ് നടത്തുന്നത്. ടാക്‌സി വാഹനങ്ങള്‍ ഏഴായിരത്തിലേക്ക് ഉയര്‍ത്താന്‍ ഉദ്ദേശിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. സേവനം വര്‍ധിപ്പിക്കുന്നതിനായി കൂടുതല്‍ ടാക്‌സി ഓപറേറ്റര്‍മാര്‍ക്ക് ലൈസന്‍സ് നല്‍കും. ടാക്‌സി സേവനത്തില്‍ ശ്രദ്ധേയമായ സൗകര്യമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഫ്രാഞ്ചൈസി കമ്പനികളുമായും മറ്റു വകുപ്പുകളുമായും സഹകരിച്ച് ആപ്പ് വികസിപ്പിച്ച കര്‍വ സൊലൂഷന് നന്ദി അറിയിക്കുന്നതായും മുവാസലാത്ത് സി ഇ ഒ ഖാലിദ് അല്‍ ഹൈല്‍ പറഞ്ഞു.
ആധുനിക ഗതാഗത സൗകര്യമൊരുക്കുക എന്നതാണ് മുഖ്യലക്ഷ്യം. യാത്രക്കാരുടെ സേവനത്തിനായി ഏറ്റുവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നു. രാജ്യത്ത് ജനസംഖ്യ വര്‍ധിക്കുകയും നഗരത്തില്‍ വ്യത്യസ്ത പരിപാടികള്‍ നിരന്തരമായി അരങ്ങേറുകയും ചെയ്യുന്ന സാഹചര്യത്തില്‍ മികച്ച ടാക്‌സി സേവനം ഒരുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളുടെ പ്രതീക്ഷകള്‍ക്കനുസരിച്ചു തന്നെ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനാണ് ശ്രമിക്കുന്നത്. കര്‍വ ഇന്റഗ്രേഡ്റ്റ് സൊലൂഷന്‍ രൂപപ്പെടുത്തിയത് ഈ ലക്ഷ്യത്തിലാണ്.
കേന്ദ്രീകൃത കാള്‍ സെന്ററിനു പുറമേയാണ് ആപ്പ് ഏര്‍പ്പെടുത്തുന്നത്. ടാക്‌സി സേവനം ഏറ്റവും മെച്ചപ്പെടുത്തുന്നതിനാണ് ശ്രമിക്കുന്നത്. ടാക്‌സി സേവനം കൂടുതല്‍ പേര്‍ക്ക് പ്രയോജനപ്രദമാകുന്നതിന് പുതിയ ആപ്പ് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ഫ്രാഞ്ചൈസികള്‍ക്കൂടി സേവനത്തിന്റെ ഭാഗമാകുന്നതോടെ ടാക്‌സികള്‍ 7000 ആകും. ഇപ്പോള്‍ നാലു ഫ്രാഞ്ചൈസി കമ്പനികളിലായി 4,000 ടാക്‌സികളാണ് സര്‍വീസ് നടത്തുന്നത്. ടാക്‌സി കമ്പനിയുടെ വളര്‍ച്ച ലക്ഷ്യം ഷെയര്‍ഹോള്‍ഡിംഗ് കമ്പനിയാക്കി മാറ്റുന്നത് ആലോചനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നാലു കമ്പനികള്‍ക്കാണ് പുതുതായി ഫ്രാഞ്ചൈസി നല്‍കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം വേള്‍ഡ് കപ്പ് നടക്കുന്ന 2022 ആകുമ്പോഴേക്കും ടാക്‌സികളുടെ എണ്ണം 9,000 ആക്കുകയാണ് ലക്ഷ്യമെന്ന് കര്‍വ ടാക്‌സി മാനേജ്‌മെന്റ് ഓഫീസ് മാനേജര്‍ അലി ഇമാദി പറഞ്ഞു.
സേവനങ്ങളുടെയും വാഹനങ്ങളുടെയും നിലവാരം ഉറപ്പു വരുത്തുന്നതിന് സംവിധാനമുണ്ട്. പരിശോധനകളും നടക്കുന്നു. വാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെയും അംഗീകാരം സൂക്ഷ്മതയോടെയാണ് നിര്‍വഹിക്കുന്നത്.