Connect with us

Gulf

ഏഴു ട്രാഫിക് സേവനങ്ങള്‍ ഫെബ്രുവരി മുതല്‍ ഓണ്‍ലൈനില്‍

Published

|

Last Updated

ദോഹ: ട്രാഫിക് വിഭാഗവുമായി ബന്ധപ്പെട്ട ഏഴു സേവനങ്ങള്‍ ഓണ്‍ലൈനിലൂടെ സ്വീകരിക്കാനുള്ള സൗകര്യം ഫെബ്രുവരി മുതല്‍ നിലവില്‍ വരും. സ്ട്രീറ്റുകള്‍ അടച്ചിടുക, പാര്‍കിംഗ് സ്ഥലങ്ങള്‍ ഉപയോഗിഗിക്കുക, പ്രൈവറ്റ് പാര്‍കിംഗിനുള്ള അപേക്ഷ, വാഹനങ്ങള്‍ക്കുള്ള സ്റ്റിക്കറുകള്‍, കൊമേഴ്‌സ്യല്‍ കണ്‍സ്ട്രക്ഷന്‍ ലൈസന്‍സുകള്‍, സ്പീഡ് ഹംപുകള്‍ സ്ഥാപിക്കുക തുടങ്ങിയ സേവനങ്ങള്‍ക്കുള്ള അപേക്ഷകളാണ് ഓണ്‍ലൈനിലൂടെ സ്വീകരിക്കുകയെന്ന് ആഭ്യന്തര മന്ത്രാലയം ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് റോഡ് സേഫ്റ്റി ആന്‍ഡ് എന്‍ജിനീയറിംഗ് വിഭാഗം അസി. ഡയറക്ടര്‍ ലെഫ്. കേണല്‍ ജമാല്‍ മുഹമ്മദ് അല്‍ ശരീം പറഞ്ഞു.
മന്ത്രാലയത്തിന്റെ സേവനങ്ങള്‍ എളുപ്പവും വേഗവുമാക്കുന്നതിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ കൊണ്ടുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കടലാസ്‌രഹിത ഇടപാടുകള്‍ എന്ന ആശയത്തില്‍ മന്ത്രാലയം നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെയും ഭാഗമായാണ് പുതിയ സേവനങ്ങള്‍. ഉപഭോക്താക്കള്‍ക്ക് അടുത്ത മാസം മുതല്‍ സേവനങ്ങള്‍ ആഭ്യന്തര മന്ത്രാലയം വെബ്‌സൈറ്റ് വഴിയോ ഹുകൂമി പോര്‍ട്ടല്‍ വഴിയോ സമര്‍പ്പിക്കാനാകും. ഈ സേവനങ്ങള്‍ ഇലക്‌ട്രോണിക്‌വത്കരണത്തിലൂടെ അതിവേഗം ലഭ്യമാക്കുന്നതിന് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഡിപ്പാര്‍ട്ടമെന്റ് തയാറെടുത്തിട്ടുണ്ട്.
അടുത്ത ആറു മാസത്തിനിടെ കൂടുതല്‍ ഇലക്‌ട്രോണിക് സേവനങ്ങള്‍ ഓണ്‍ലൈനില്‍ കൊണ്ടുവരുമെന്ന് ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി എന്‍ജിനീയറിംഗ് വിഭാഗം ട്രാഫിക് പ്ലാനിംഗ് വിഭാഗം മേധാവി ക്യാപ്റ്റന്‍ എന്‍ജിനീയര്‍ മുഹമ്മദ് മിസ്ഫര്‍ അല്‍ ഹാജിരി പറഞ്ഞു. പരിചരണമാവശ്യുള്ള ജനങ്ങള്‍ക്കു വേണ്ട സേവനങ്ങളും ട്രക്ക് പെര്‍മിറ്റുകളുമാണ് ഓണ്‍ലൈനാകുക. അടുത്ത മാസം ആദ്യം മുതല്‍ പേപ്പറില്‍ അപേക്ഷ സമര്‍പ്പിക്കുന്ന രീതി നിര്‍ത്തലാക്കി പൂര്‍ണമായും ഓണ്‍ലൈനില്‍ അപേക്ഷിക്കുന്ന രീതിയാണ് വരിക. വ്യക്തികള്‍ക്ക് ഓഫീസുകളില്‍ പോകാതെ മൊബൈലോ കംപ്യൂട്ടറോ ഉപയോഗിച്ച് അപേക്ഷ സമര്‍പ്പിക്കുന്നത് വളരെ എളുപ്പം സൃഷ്ടിക്കും. സമാര്‍ട്ട് ഐ ഡി കാര്‍ഡ് ആക്ടിവേറ്റ് ചെയ്താണ് ഓണ്‍ലൈന്‍ സേവനങ്ങള്‍ സമര്‍പ്പിിക്കാന്‍ കഴിയുകയെന്ന് അദ്ദേഹം വിശദീകരിച്ചു. അംഗീകൃത ഷോപ്പുകളില്‍നിന്നും ഐ ഡി കാര്‍ഡ് റീഡര്‍ വാങ്ങണം. അംഗീകൃത ഷോപ്പുകള്‍ എം ഒ ഐ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ശേഷം മെത്രാഷ് സേവനങ്ങള്‍ക്കു വേണ്ടി രജിസ്റ്റര്‍ ചെയ്യണം. ഫൈര്‍ഫോക്‌സ്, ഗൂഗിള്‍ ക്രോം, എക്‌സ്‌പ്ലോറര്‍ എട്ട് ബ്രൗസറുകളില്‍ സുഗമമായി ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗിക്കാം. ജാവ പ്ലഗ്ഇന്‍ സോഫ്റ്റ്‌വെയര്‍ വേര്‍ഷന്‍ 7.0യോ ശേഷമുള്ള വേര്‍ഷനുകളോ ഇന്‍സ്റ്റാള്‍ ചെയ്യണം.