സംസ്ഥാനത്ത് പെണ്‍കുട്ടികളുടെ അനുപാതം കുറയുന്നു

Posted on: January 25, 2016 1:32 pm | Last updated: January 25, 2016 at 1:32 pm

girl populationപാലക്കാട്: സംസ്ഥാനത്ത് പെണ്‍കുട്ടികളുടെ അനുപാതം കുത്തനെ കുറയുന്നതായി റിപ്പോര്‍ട്ട്. 2011ലെ ദേശീയ സെന്‍സസ് റിപ്പോര്‍ട്ടിലാണ് ആയിരം ആണ്‍കുട്ടികള്‍ക്ക് 964 പെണ്‍കുട്ടികളാണ് കേരളത്തിലുള്ളതെന്ന് സൂചിപ്പിക്കുന്നത്. ഗ്രാമ നഗരഭേദമെന്യേ 19 വയസ്സുവരെയുള്ള പെണ്‍കുട്ടികളുടെ എണ്ണം കറയുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2011ല്‍ നടത്തിയ സെന്‍സസ് അനുസരിച്ച് കേരളത്തിലെ ജനസംഖ്യ 3,34,06. 061 ആണ്. സ്ത്രീകളുടെയും പുരുഷന്മാരുടെയും മൊത്തം എണ്ണമെടുത്താല്‍ സ്ത്രീകള്‍ തന്നെയാണ് കൂടുതല്‍. എന്നാല്‍, കുട്ടികള്‍ക്കിടയില്‍ പെണ്‍കുട്ടികളുടെ അനുപാതം കുറഞ്ഞു വരികയാണ്. കേരളത്തില്‍ 19 വയസ്സു വരെയുള്ള 1,04,41,526 കുട്ടികളാണുള്ളത്. ഇതില്‍ 53,17,940 ആണ്‍കുട്ടികളുണ്ടെങ്കില്‍ 51,23,586 പെണ്‍കുട്ടികള്‍ മാത്രമേയുള്ളൂ. അതായത് കുട്ടികള്‍ക്കിടയില്‍ ആണ്‍- പെണ്‍അനുപാതം ആയിരം ആണ്‍കുട്ടികള്‍ക്ക് 964 പെണ്‍കുട്ടികള്‍ മാത്രം. ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും കണക്കുകള്‍ വേവ്വേറെ പരിശോധിച്ചാലും സ്ഥിതി സമാനമാണ്. നഗരങ്ങളിലാണ് പെണ്‍കുട്ടികളുടെ എണ്ണം ഏറ്റവും കുറവ്. ആയിരം ആണ്‍കുട്ടികള്‍ക്ക് 926 പെണ്‍കുട്ടികള്‍മാത്രമേയൂള്ളൂ. സ്ത്രീകള്‍ പുരുഷമാരേക്കാള്‍ മുന്നിട്ട് നില്‍ക്കുന്ന രാജ്യത്ത് ഏക സംസ്ഥാനമാണ് കേരളം. മഹാരാഷ്ട്രയില്‍ ബീഡ് ജില്ലയിലാണ് ഏറ്റവും കുറഞ്ഞ ആണ്‍- പെണ്‍ അനുപാതമുള്ളത്. ആയിരം ആണ്‍കുട്ടികള്‍ക്ക് 801 പെണ്‍കുട്ടികള്‍ മാത്രമാണ് ജില്ലയിലുള്ളത്. ഇങ്ങനെ പോയാല്‍ കേരളം ഇതിന് മറികടന്ന് ഒന്നാം സ്ഥാനത്തെത്തുമെന്നാണ് സൂചന. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പെണ്‍ ഭ്രൂണഹത്യ നടക്കുന്ന ഉസിലാംപട്ടി മോഡലില്‍ കേരളത്തിലും ഭ്രൂണഹത്യ നടക്കുന്നതാണ് പെണ്‍കുട്ടികളുടെ അനുപാതം കുറയാനിടയാക്കുന്നതെന്ന് പറയപ്പെടുന്നു. ഭ്രൂണഹത്യ നിരോധിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് ചില സ്വകാര്യാശുപത്രികള്‍ കേന്ദ്രീകരിച്ച് പെണ്‍ ഭ്രൂണഹത്യ നടന്നു കൊണ്ടിരിക്കുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍ പ്രകാരം ആറ് വയസ്സിനു താഴെയുള്ള സ്ത്രീപുരുഷ അനുപാതത്തില്‍ പെണ്‍കുട്ടികളുടെ എണ്ണം കുറഞ്ഞു വരുന്നു. സ്വകാര്യാശുപത്രികളില്‍ പെണ്‍ ഭ്രൂണഹത്യ കൂടി വരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഗര്‍ഭസ്ഥശിശുവിന്റെയും മാതാവിന്റെയും ആരോഗ്യ സ്ഥിതി മനസ്സിലാക്കുന്നതിനുവേണ്ടിയാണ് ആധുനിക രീതിയിലുള്ള ഭ്രൂണപരിശോധന നടക്കുന്നത്. എന്നാല്‍, ഇതിന്റെ മറവില്‍ ലിംഗ പരിശോധന നടത്തുകയും പെണ്‍ ഭ്രൂണഹത്യ നടത്തുകയും ചെയ്യുന്നുവെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍. പെണ്‍കുട്ടികള്‍ മാതാപിതാക്കള്‍ക്ക് ഭാരമാണെന്ന തെറ്റായ ധാരണയാണ് ഇത്തരത്തില്‍ ഭ്രൂണഹത്യകള്‍ വ്യാപകമാകാന്‍ കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.