സ്ത്രീകള്‍ക്കെതിരെ അക്രമം: ഇന്ത്യ നാലാം സ്ഥാനത്ത്

Posted on: January 25, 2016 1:24 pm | Last updated: January 25, 2016 at 1:24 pm

womenപാലക്കാട്: ലോകത്ത് സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ അക്രമം നടക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്ത്. പെണ്‍ ഭ്രൂണഹത്യ, ശിശുമരണം, ഗാര്‍ഹിക പീഡനം ഇവയിലെല്ലാം ഇന്ത്യ മുന്‍നിരയിലാണെന്ന് റോയിട്ടേഴ്‌സ് നടത്തിയ പഠനത്തിലാണ് കണ്ടെത്തിയിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരെ ഏറ്റവും അധികം ക്രൂരതകള്‍ നടക്കുന്നത് അഫ്ഗാനിസ്ഥാനിലാണ്. കോംഗോയും പാക്കിസ്ഥാനുമാണ് ഇക്കാര്യത്തില്‍ ഇന്ത്യയേക്കാള്‍ മുന്നില്‍ നില്‍ക്കുന്ന മറ്റു രാജ്യങ്ങള്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ സൊമാലിയയാണ് അഞ്ചാം സ്ഥാനത്ത്. ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടം നേടിയ മൂന്ന് രാജ്യങ്ങളും ദക്ഷിണേഷ്യന്‍ രാജ്യങ്ങളാണെന്നതാണ് പട്ടികയുടെ പ്രത്യേകത. ആരോഗ്യ പ്രശ്‌നങ്ങള്‍, ലൈംഗീക പീഡനം, ലൈംഗികേതര പീഡനം, ദുരാചാരങ്ങള്‍, സാമ്പത്തിക പര്യാപ്തത ഇല്ലായ്മ, പെണ്‍വാണിഭം എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ലോകമെമ്പാടുമുള്ള 123 വിദഗ്ധര്‍ രാജ്യങ്ങളെ വിലയിരുത്തി തയ്യാറാക്കിയ ലിസ്റ്റാണിത്.
2009ല്‍ ഇന്ത്യയില്‍ പത്ത്‌കോടി ആളുകളാണ് മനുഷ്യക്കടത്തില്‍ ഉള്‍പ്പെട്ടത്. ഇതില്‍ 90 ശതമാനം ഇന്ത്യക്കുള്ളില്‍ തന്നെയായിരുന്നു. ആ കാലയളവില്‍ 30 ലക്ഷം സ്ത്രീകള്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നു. അതില്‍ 40 ശതമാനം കുട്ടികളായിരുന്നു. അടിമവേലക്കും നിര്‍ബന്ധിത വിവാഹത്തിനുമൊക്കെ പെണ്‍കുട്ടികള്‍ വിധേയരാകുന്നുണ്ട്.
ഇന്ത്യയുടെ തലസ്ഥാനമായ ദില്ലിയിലും മറ്റ് വന്‍ നഗരങ്ങളിലും സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ അനുദിനം കൂടിവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.