ഇറാനും ചൈനയും ബന്ധം ശക്തമാക്കി; പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് അസ്വസ്ഥത

Posted on: January 25, 2016 1:11 pm | Last updated: January 25, 2016 at 1:11 pm
SHARE

iran chinaടെഹ്‌റാന്‍: പാശ്ചാത്യന്‍ രാജ്യങ്ങള്‍ ചുമത്തിയ ഉപരോധങ്ങള്‍ക്കിടയിലും ഇറാനൊപ്പം നിന്ന ചൈനയെ പുകഴ്ത്തി ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ. പടിഞ്ഞാറന്‍ രാജ്യങ്ങളെ ഇറാന്‍ ഒരിക്കലും വിശ്വസിച്ചിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഉപരോധം പിന്‍വലിച്ച ശേഷം ചൈനയുമായുള്ള ഇറാന്റെ ബന്ധത്തെ പടിഞ്ഞാറന്‍ രാജ്യങ്ങളെ അസ്വസ്ഥമാക്കിത്തുടങ്ങിയിട്ടുമുണ്ട്.
ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗ് നടത്തിയ ഇറാന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളും ഉഭയകക്ഷി വ്യാപാരം അടുത്ത പത്ത് വര്‍ഷത്തിനിടെ 600 ബില്യന്‍ ഡോളര്‍ ആയി ഉയര്‍ത്താന്‍ കരാറിലെത്തി. ഇതിന് പുറമേ ഊര്‍ജം, വ്യവസായം, ഗതാഗതം, റെയില്‍വേ, പുതിയ സാങ്കേതിക വിദ്യ, ടൂറിസം, പരിസ്ഥിതി തുടങ്ങിയ വ്യത്യസ്ത മേഖലകളിലായി ഇറാനും ചൈനയും തമ്മില്‍ 17 രേഖകളില്‍ ഒപ്പ് വെച്ചു. ഇറാഖ്, സിറിയ, അഫ്ഗാന്‍, യമന്‍ എന്നീ രാജ്യങ്ങളിലെ തീവ്രവാദത്തിനെതിരെയും ഇരു രാഷ്ട്രങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കും. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് സി ജിന്‍പിംഗ് ഇറാനിലെത്തിയത്. ഇതിന് മുമ്പ് അദ്ദേഹം സഊദി അറേബ്യയും ഈജിപ്തും സന്ദര്‍ശിച്ചിരുന്നു. 14 വര്‍ഷത്തിനിടെ ഇറാന്‍ സന്ദര്‍ശിക്കുന്ന ആദ്യ ചൈനീസ് നേതാവാണ് അദ്ദേഹം.
പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയുമായി ജിന്‍പിംഗ് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഉപരോധാനന്തര കാലഘട്ടത്തില്‍ ഇറാനുമായി പുതിയ ഒരു ബന്ധം സ്ഥാപിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹം പറഞ്ഞു. ഇറാനുമായി കൂടുതല്‍ സഹകരണത്തിന് ചൈന തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ സ്വതന്ത്ര രാജ്യങ്ങളോടുള്ള കരാറുകള്‍ വികസിപ്പിക്കാന്‍ ഇറാന്‍ പ്രതിജ്ഞാബദ്ധമാണ്. മേഖലയിലെ തീവ്രവാദ സംഘടനകള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ യു എസിനെ വിശ്വസത്തിലെടുക്കാന്‍ കഴിയില്ല. രാജ്യം നേരിട്ട ഉപരോധക്കാലത്ത് പോലും ചൈന ഇറാനുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. ഇറാന്റെ വിശ്വാസം നേടാന്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കൊന്നും ആയിട്ടില്ല. ചൈന പോലുള്ള വിശ്വസ്തരായ രാജ്യങ്ങളുമായി ബന്ധം കൂടുതല്‍ ശക്തമാക്കാനാണ് ഇറാന്റെ താത്പര്യം- ഖാംനഈ കൂട്ടിച്ചേര്‍ത്തു.
സാമ്പത്തിക ഉപരോധങ്ങള്‍ മൂലം ഇറാന്‍ വര്‍ഷങ്ങളായി പ്രയാസം നേരിടുകയായിരുന്നു. എന്നാല്‍ അടുത്തിടെ ഐക്യരാഷ്ട്ര സഭയും അമേരിക്കയും യൂറോപ്യന്‍ യൂനിയനും ആണവ പദ്ധതികളുടെ പേരില്‍ ചുമത്തിയിരുന്ന ഉപരോധം പിന്‍വലിച്ചിരുന്നു.
2012ല്‍ ആണവ പദ്ധതികളുടെ പേരില്‍ യു എസ് ഉപരോധമേര്‍പ്പെടുത്തിയപ്പോഴും സമ്മര്‍ദങ്ങളെ അതിജയിച്ച് ചൈന ഇറാനില്‍ നിന്ന് എണ്ണ വാങ്ങിയിരുന്നു. 2014ല്‍ 52 ബില്യന്‍ ഡോളറിന്റെ വ്യാപാരം ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ നടന്നിട്ടുണ്ട്. എന്നാല്‍ എണ്ണ വിലയിലുണ്ടായ ഇടിവിനെ തുടര്‍ന്ന് വ്യാപാരം കുറവായിരുന്നു. ഊര്‍ജ ആവശ്യങ്ങളില്‍ 10-15 ശതമാനവും ചൈന ആശ്രയിക്കുന്ന് ഇറാനെയാണ്. അതുകൊണ്ട് തന്നെ ഇറാനുമായുള്ള ബന്ധം ശക്തമാക്കേണ്ടത് ചൈനക്ക് അനിവാര്യമാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഇറാനുമായുള്ള ബന്ധം സഊദി ബന്ധത്തില്‍ വിള്ളലുണ്ടാക്കാതിരിക്കാനും ചൈന ശ്രദ്ധിക്കുന്നുണ്ട്.