Connect with us

National

എന്‍ജിനീയറിംഗ് ബിരുദധാരികള്‍ 80 ശതമാനവും ജോലിക്ക് കൊള്ളാത്തവരെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ 80 ശതമാനം എന്‍ജിനീയറിംഗ് ബിരുദധാരികളും “ജോലിക്ക് കൊള്ളാത്തവരെ”ന്ന് റിപ്പോര്‍ട്ട്. എന്‍ജിനീയറിംഗ് അടക്കമുള്ള പ്രൊഫഷനല്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരമുയര്‍ത്തേണ്ട അവശ്യകതയിലേക്കാണ് ആസ്പയറിംഗ് മൈന്‍ഡ്‌സ് നാഷനല്‍ എംപ്ലോയബിലിറ്റി റിപ്പോര്‍ട്ട് വെളിച്ചം വീശുന്നത്. പരിശീലനത്തിലെ അപര്യാപ്തതയും പ്രായോഗിക വിദ്യാഭ്യാസ പദ്ധതിയുടെ അഭാവവും എന്‍ജിനീയറിംഗ് പഠനം വെറും കാട്ടിക്കൂട്ടലാക്കുകയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍, സ്വാശ്രയ, സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് നിരവധി ബിരുദധാരികള്‍ ഇറങ്ങുന്നുണ്ട്. എന്നാല്‍ ഇവരില്‍ ഭൂരിപക്ഷത്തിനും തങ്ങള്‍ക്കാവശ്യമായ നൈപുണ്യം ഇല്ലെന്നാണ് കോര്‍പറേറ്റ് കമ്പനികള്‍ പറയുന്നത്.
2015ല്‍ 650 കോളജുകളില്‍ നിന്നായി ബിരുദം നേടിയ 1,50,000 ഉദ്യോഗാര്‍ഥികളെക്കുറിച്ചാണ് ആസ്പയറിംഗ് മൈന്‍ഡ്‌സ് പഠനം നടത്തിയത്. ഇതില്‍ 80 ശതമാനം പേരും ജോലി നേടാനുള്ള കഴിവുകളും പരിശീലനവും ആര്‍ജിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. എന്‍ജിനീയറിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുളച്ച് പൊങ്ങുകയാണ്. ഇവിടെയൊക്കെ വിദ്യാര്‍ഥികള്‍ എത്തുന്നുമുണ്ട്. എന്നാല്‍ ഒട്ടു മിക്കവയും ജോലിക്കായുള്ള തയ്യാറെടുപ്പുകളല്ല നടത്തുന്നതെന്ന് ആസ്പയറിംഗ് മൈന്‍ഡ്‌സ് സി ടി ഒ വരുണ്‍ അഗര്‍വാള്‍ പറഞ്ഞു. നഗരങ്ങളെ കണക്കിലെടുക്കുമ്പോള്‍ ഡല്‍ഹിയിലാണ് സ്ഥിതി ഏറ്റവും മെച്ചം. ഇവിടെ നിന്നിറങ്ങുന്ന എന്‍ജിനീയറിംഗ് ബുരുദധാരികള്‍ക്ക് മെച്ചപ്പെട്ട പരിശീലനം സിദ്ധിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തൊട്ടുപിറകില്‍ ബംഗളൂരുവാണ്. സംസ്ഥാനങ്ങളെ കണക്കിലെടുക്കമ്പോള്‍ കേരളവും ഒഡീഷയുമാണ് മുന്നില്‍. പഞ്ചാബും ഉത്തരാഖണ്ഡുമാണ് പിന്നില്‍. എംപ്ലോയബിലിറ്റിയുടെ കാര്യത്തില്‍ സ്ത്രീകളും പുരുഷന്‍മാരും തുല്യ നിലയിലാണെന്ന് പഠനം വ്യക്തമാക്കുന്നു. നോണ്‍- ഐ ടി, ബി പി ഒ, കണ്ടന്റ് ഡവലപെര്‍ തുടങ്ങിയ മേഖലയില്‍ സ്ത്രീകള്‍ക്ക് നേരിയ മുന്‍തൂക്കമുണ്ട്.

---- facebook comment plugin here -----

Latest