നാടന്‍പാട്ടില്‍ മനം കവര്‍ന്ന് കൊണ്ടോട്ടിയിലെ കുട്ടികള്‍

Posted on: January 25, 2016 10:56 am | Last updated: January 25, 2016 at 11:04 am
SHARE
nadan pattu
എച്ച് എസ് എസ് വിഭാഗം നാടന്‍ പാട്ടില്‍ എ ഗ്രേഡ് നേടിയ ഇ എം ഇ എ എച്ച് എസ് എസ് കൊണ്ടോട്ടിയിലെ കുട്ടികള്‍

തിരുവനന്തപുരം: തനിമ വിടാത്ത വരികള്‍ ഹൃദയത്തില്‍ ആവാഹിച്ച് ഇ എം ഇ എ എച്ച് എസ് എസ് കൊണ്ടോട്ടിയിലെ കുട്ടികള്‍ ഈണത്തില്‍ ചൊല്ലിയ നാടന്‍പാട്ടിലെ ഈരടികള്‍ കാണികളുടെ മനസിനുള്ളിലേക്കാണ് പതിഞ്ഞത്. ‘കിഴക്കു ഉദിവാരംല്യാ പടിഞ്ഞാറസ്തമനംല്യാ’ എന്നു തുടങ്ങുന്ന വരികളാണ് കുട്ടികള്‍ ഒത്തിണക്കത്തോടെ പാടി എ ഗ്രേഡ് നേട്ടം കരസ്ഥമാക്കിയത്. പറയസമുദായത്തിന്റെ പാരമ്പര്യ അനുഷ്ഠാന കര്‍മ്മമായ നാല്‍പ്പത്തിയേഴര പാളത്തെയ്യത്തിന്റെ അകമ്പടിപ്പാട്ടാണ് ഇവര്‍ പാടിയത്. നാടിനും നാട്ടാര്‍ക്കും വീടിനും വീട്ടാര്‍ക്കും ഐശ്വര്യസിദ്ധിക്കായി പാടാറുള്ള ഈരടികള്‍ ശ്രീരാഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തനത് ചിട്ടവട്ടങ്ങള്‍ പാലിച്ച് ചൊല്ലിത്തീര്‍ത്തത്. ഇത് തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇ എം ഇ എ എച്ച് എസ് എസിലെ വിദ്യാര്‍ഥികള്‍ സംസ്ഥാന കലോത്സവത്തിനെത്തുന്നത്. മൂന്നു തവണയും എ ഗ്രേഡ് നേടുന്ന പ്രകടനമാണ് ടീം കാഴ്ച വെച്ചത്. മലപ്പുറം കിഴിശ്ശേരിയിലുള്ള നിലാവ് നാട്ടറിവ് പഠന കേന്ദ്രത്തിന്റെ എല്ലാമെല്ലാമായ സി മോഹന്‍ദാസാണ് ഇവരുടെ ഗുരു. 15 വര്‍ഷത്തിലേറെയായി നാടന്‍മേഖലയില്‍ കഴിവു തെളിയിച്ചിട്ടുള്ള മോഹന്‍ദാസ് 2015ല്‍ ഹരിയാനയില്‍ നടന്ന ദേശീയോദ്ഗ്രഥന നാടന്‍ കലാ സംഗമത്തില്‍ മികച്ച കലാകാരനായും തിരഞ്ഞെടുത്തിട്ടുണ്ട്. 30 ടീമുകള്‍ പങ്കെടുത്ത മത്സരം മികച്ച നിലവാരം പുലര്‍ത്തിയതായി വിധികര്‍ത്താക്കള്‍ വിലയിരുത്തി. പഴമയിലേക്കുള്ള തിരിച്ചു പോക്ക് ഉറപ്പാക്കണമെന്നും സംഘഗാനത്തിന്റെ താളത്തിലുള്ള ചൊല്ലലല്ല നാടന്‍പാട്ടിന് വേണ്ടതെന്നും വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here