Connect with us

Articles

ഡല്‍ഹി വഴികാട്ടുന്നു

Published

|

Last Updated

മൂന്ന് ഫ്‌ളൈ ഓവറുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുമ്പോള്‍ 350 കോടി രൂപ ലാഭിക്കുക! അതെ, നമ്മുടെ രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണിത്. സര്‍ക്കാറിന്റെ ഏത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും അനുവദിച്ച തുക പിന്നീട് വര്‍ധിപ്പിക്കുക എന്ന ചരിത്രമല്ലാതെ അനുവദിച്ചതില്‍ നിന്നു കുറഞ്ഞ തുകക്ക് പദ്ധതി പൂര്‍ത്തീകരിക്കുകയെന്നത് വളരെ വിരളമാണ്. ഡല്‍ഹിയിലെ മൂന്ന് ഫ്‌ളൈ ഓവറുകളുടെ പണി പൂര്‍ത്തിയാക്കുമ്പോള്‍ അരവിന്ദ് കെജ്‌രിവാളിന്റെ എ എ പി സര്‍ക്കാര്‍ ഇതിനായി അനുവദിച്ച തുകയില്‍നിന്നും 350 കോടിയോളം രൂപ കുറവായിട്ടാണ് ചെലവഴിച്ചിരിക്കുന്നത്. എന്നു മാത്രമല്ല ഇങ്ങനെ മിച്ചംവരുന്ന തുക ഫെബ്രുവരി ഒന്നു മുതല്‍ ഡല്‍ഹി സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള 38 ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നവര്‍ക്ക് മരുന്നിനും ലാബ് പരിശോധനകള്‍ക്കുമായി ഉപയോഗിക്കുമെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കിയിരിക്കുകയുമാണ്. ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന കെജ്‌രിവാള്‍ സര്‍ക്കാര്‍ ജനോപകാരപ്രദമായ നടപടികള്‍ കൊണ്ട് വിപ്ലവം സൃഷ്ടിക്കുകയാണെന്ന് തന്നെ പറയാം. യഥാര്‍ഥത്തില്‍ ഇതല്ലേ ജനങ്ങള്‍ ആഗ്രഹിക്കുന്നതും വാര്‍ത്താപ്രാധാന്യം നേടേണ്ടതും? കാര്‍ഗില്‍ അതിര്‍ത്തിയില്‍ വീരമൃത്യു വരിച്ചവരെ അടക്കം ചെയ്യാനുള്ള ശവപ്പെട്ടി വാങ്ങുന്നതില്‍ പോലും അഴിമതി നടന്ന രാജ്യത്ത് ഇതൊരു പുതിയ വാര്‍ത്ത തന്നെയാണ്. അഴിമതിക്കഥകള്‍ക്കു പിന്നാലെ പായുന്ന മാധ്യമങ്ങള്‍ക്ക് അഴിമതിരഹിത പ്രവര്‍ത്തനത്താല്‍ ലഭിച്ച ഈ നേട്ടം ഒരു വാര്‍ത്തയാകുന്നില്ല എന്നത് തീര്‍ത്തും നിരാശാജനകമാണ്.
2,200 കോടി മതിപ്പു ചെലവ് കണക്കാക്കുന്ന, വികാസ്പൂരില്‍ നിന്നും വസീറാബാദ് വരെയുള്ള 23.6 കിലോമീറ്റര്‍ ദൂരം വരുന്ന സിഗ്‌നല്‍ ഫ്രീ കോറിഡോര്‍ വിഭാവനം ചെയ്യുന്നത് ഡല്‍ഹിയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് കുറയ്ക്കുക എന്ന ലക്ഷ്യം വെച്ചാണ്. പന്ത്രണ്ട് കിലോമീറ്ററോളം ഫ്‌ളൈഓവറുകളും ബാക്കി ഭാഗം ഉയര്‍ത്തപ്പെട്ട റോഡുകളുമുള്ള ഈ പദ്ധതിയിലെ ഏഴ് ഫ്‌ളൈ ഓവറുകളില്‍ മൂന്നെണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുമ്പോഴാണ് ഡല്‍ഹി സര്‍ക്കാര്‍ 350 കോടി രൂപ മിച്ചം പിടിക്കുന്നത്. രണ്ട് ഫ്‌ളൈഓവറുകള്‍ ഉദ്ഘാടനം ചെയ്തുകഴിഞ്ഞു. മൂന്നാമത്തേത് നിര്‍മാണം പൂര്‍ത്തിയായി വരികയാണ്.
കോടികള്‍ വന്ന വഴി
ഇടനാഴിയിലെ ആദ്യത്തെ ഫ്‌ളൈഓവറായ പ്രേംപുരി-ആസാദ്പൂരിന് വകയിരുത്തിയത് 247 കോടിയായിരുന്നുവെങ്കില്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തപ്പോള്‍ 143 കോടി മാത്രമാണ് നിര്‍മാണത്തിനായി ഉപയോഗിച്ചത്. നൂറ് കോടിയിലധികം ഈ ഫ്‌ളൈഓവറിന്റെ നിര്‍മാണത്തില്‍ നിന്ന് മിച്ചംവരുന്നത്. രണ്ടാമത്തേത് മംഗല്‍പുരിയില്‍ നിന്ന് മധുബാന്‍ചൗക്കിലേക്കായിരുന്നു. ഇതിന് 450 കോടി രൂപ വകയിരുത്തിയപ്പോള്‍ ചെലവായത് 300 കോടി മാത്രം. 150 കോടി മിച്ചം. അടുത്തുതന്നെ ഗതാഗതത്തിന് തുറന്നുകൊടുക്കുന്ന മധുബാന്‍ചൗക്ക്-മുകര്‍ബചൗക്ക് ഫ്‌ളൈഓവറിനായി വകയിരുത്തിയത് 422 കോടിയാണ്. ഇതില്‍ ബാക്കി വരും എന്ന് കണക്കാക്കുന്ന ഏതാണ്ട് നൂറുകോടി കൂടി ചേര്‍ത്താണ് 350 കോടി ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സ സൗജന്യമാക്കാന്‍ ഉപയോഗിക്കുന്നത്.
ഈ പദ്ധതിക്കായി കണക്കാക്കിയ 2,200 കോടിയില്‍ പകുതി ചെലവഴിക്കുമ്പോള്‍ 350 കോടിയോളം രൂപ മിച്ചം വരുന്നത് നമ്മുടെ രാജ്യത്ത് നടമാടിക്കൊണ്ടിരിക്കുന്ന അഴിമതിയുടെ വലിപ്പവും ആഴവും വ്യക്തമാക്കുന്നതാണ്. ഓരോ നിര്‍മാണപ്രവൃത്തികള്‍ക്കും വേണ്ടി സര്‍ക്കാറുകള്‍ വകയിരുത്തുന്ന തുകയുടെ ഏതാണ്ട് 30-35 ശതമാനം ഇടനിലക്കാരും ഉദ്യോഗസ്ഥരും അടിച്ചുമാറ്റുന്നു എന്ന വസ്തുതയാണ് ഇത് വരച്ചുകാട്ടുന്നത്. ഡല്‍ഹി സര്‍ക്കാറിന്റെ കടുത്ത അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളും അതിനോടൊപ്പം മികച്ച എന്‍ജിനീയറിംഗും ചേര്‍ന്നപ്പോഴാണ് ഇത്രയും തുക ലാഭിക്കാനാകുന്നത്. ഇന്ത്യന്‍ റവന്യൂ സര്‍വീസിലെ തന്റെ പ്രവര്‍ത്തനപരിചയവും മെക്കാനിക്കല്‍ എന്‍ജിനീയര്‍ കൂടിയായ കെജ്‌രിവാളിന് പിന്‍ബലമേകുന്നതാണ്.
കെജ്‌രിവാളിന്റെ ഒരു വര്‍ഷം
ആദ്യതവണ ഡല്‍ഹിയില്‍ ഭരണത്തിലേറി 49 ദിവസത്തിനകം രാജിവെച്ചിറങ്ങിയ അരവിന്ദ് കെജ്‌രിവാള്‍ രണ്ടാം തവണ ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി ഒരു വര്‍ഷം തികക്കുമ്പോള്‍ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊക്കെ പാലിച്ച് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ വ്യത്യസ്തനാകുകയാണ്. മാസത്തില്‍ 400 യൂനിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് 50 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ച് തുടങ്ങിയ തന്റെ ജനോപകാര പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ വന്‍കിട പദ്ധതികളില്‍ നിന്ന് കോടികള്‍ ലാഭിക്കുന്നതിലേക്ക് എത്തിനില്‍ക്കുകയാണ്. 400 യൂനിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ ബില്‍ തുക തന്നെ നല്‍കുകയും വേണം. ഇത് ഉപഭോക്താക്കളെ വൈദ്യുതി കുറച്ച് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നു. മാസം 20,000 ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് 50 ശതമാനം നിരക്കിളവ് നല്‍കിയതാണ് മറ്റൊരു പ്രധാന തീരുമാനം. ഈവര്‍ഷം ജനുവരി ഒന്നു മുതല്‍ പരീക്ഷണാര്‍ഥം നടപ്പാക്കിയ ഒറ്റ-ഇരട്ട നമ്പര്‍ വാഹനഗതാഗതം വിജയപ്രദമാണെന്നാണ് ഡല്‍ഹിയില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍. പല വിദേശ രാജ്യങ്ങളിലും വിജയിച്ച ഈ പരീക്ഷണം ഡല്‍ഹിയിലെ ഗതാഗതക്കുരുക്ക് കുറക്കുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പലരേയും വാഹനം പങ്കുവെക്കാനും പൊതുവാഹനങ്ങള്‍ ഉപയോഗിക്കുവാനും നിര്‍ബന്ധിതരാക്കുന്നു. ഗതാഗതക്കുരുക്ക് കുറയ്ക്കുക എന്നതിലുപരി ഈ പരിഷ്‌കരണം മൂലം ഇന്ധന ചെലവ്, അന്തരീക്ഷമലിനീകരണം എന്നിവയും കുറയ്ക്കാന്‍ കഴിയുന്നു. മന്ത്രിമാര്‍ വരെ ഓട്ടോ റിക്ഷകളും സൈക്കിളുകളും ഉപയോഗിക്കുന്നു. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഡല്‍ഹി സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന മറ്റൊരു പദ്ധതി പബ്ലിക്-പ്രൈവറ്റ് പാര്‍ട്ട്ണര്‍ഷിപ്പിലൂടെ (പി പി പി) ആയിരം എയര്‍കണ്ടീഷന്‍ഡ് ലോ ഫ്‌ളോര്‍ ബസുകള്‍ നിരത്തിലിറക്കുകയെന്നതാണ്. ഈ വര്‍ഷം ജുലൈയില്‍ തുടങ്ങാനിരിക്കുന്ന പദ്ധതിക്ക് ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനായിരിക്കും നേതൃത്വം കൊടുക്കുക. കെജ്‌രിവാള്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളിലെ ചില പ്രധാന തീരുമാനങ്ങള്‍ മാത്രമാണിത്.
പുതിയ രാഷ്ട്രീയപാര്‍ട്ടിയുടെ ബാലാരിഷ്ഠകള്‍ പലതുമുണ്ടെങ്കിലും വെറും നാലു വര്‍ഷം മാത്രം പ്രായമായ ഒരു പാര്‍ട്ടി നടത്തുന്ന അഴിമതിരഹിതവും ജനോപകാരപ്രദവുമായ ഭരണം, മറ്റെന്ത് കുറവുകളുണ്ടായാലും പ്രശംസിക്കപ്പെടേണ്ടതുതന്നെയാണ്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പാര്‍ട്ടികള്‍ പലതുമുണ്ടെങ്കിലും ഇത്തരത്തിലുള്ള നീക്കങ്ങള്‍ ആരുടെയും ഭാഗത്തുനിന്നുണ്ടാകാറില്ല. എല്ലാവര്‍ക്കും സ്വന്തം പാര്‍ട്ടിയുടെയും അനുയായികളുടെയും “ക്ഷേമ”മാണ് പ്രശ്‌നം. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗും കേന്ദ്ര സര്‍ക്കാറും ഉയര്‍ത്തിയ പല പ്രതിബദ്ധങ്ങളും മറികടന്നാണ് ഈ കാര്യങ്ങളൊക്കെയും നടപ്പിലാക്കുന്നത് എന്നതാണ് ഇതിലെ എടുത്തു പറയേണ്ട വസ്തുത.
ഡല്‍ഹി ടച്ച് കേരളത്തിലും
കൊങ്കണ്‍ റെയില്‍വേ പാത നിര്‍മിച്ച് ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയ ഇ ശ്രീധരന്‍ കേരളത്തില്‍ കെജ്‌രിവാളിന്റെ മാതൃകയാകുന്നുവോ? കഴിഞ്ഞ ദിവസം ട്രയല്‍ റണ്‍ നടത്തിയ കൊച്ചി മെട്രോ നിര്‍മാണത്തില്‍ വരുന്ന പച്ചാളം മേല്‍പ്പാലത്തിനായി വകയിരുത്തിയ 52 കോടിയില്‍ 39 കോടി രൂപ മാത്രം ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. 13 കോടി രൂപയാണ് ഇതിലൂടെ ലാഭിക്കുന്നത്. അടങ്കല്‍തുകയിലും കൂടുതല്‍ ചെലവഴിച്ച് പാലങ്ങള്‍ നിര്‍മിക്കുകയും അതിലും കൂടുതല്‍ ടോള്‍ വഴി പിരിക്കുകയും ചെയ്യുന്ന കേരളത്തില്‍ ഇത് ഒരു പുതിയ വാര്‍ത്തയാണ്. ശ്രീധരന്‍ ഉദ്യോഗസ്ഥനും കെജ്‌രിവാള്‍ രാഷ്ട്രീയക്കാരനുമാണെങ്കിലും പ്രവര്‍ത്തനത്തില്‍ രണ്ടുപേരിലും ഏറെ സാമ്യതകളുണ്ട്. സത്യസന്ധത, അഴിമതിരഹിത പ്രവര്‍ത്തനം, കൃത്യനിഷ്ഠ എന്നിവയാണ് ഇവരുടെ പ്രവര്‍ത്തനത്തിന്റെ കാതല്‍. ഇച്ഛാശക്തിയും ആര്‍ജവവുമുള്ള ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഒന്നിച്ചാല്‍ രാജ്യത്ത് പലമാറ്റങ്ങളും വരുത്താന്‍ കഴിയുമെന്നത് ഇതില്‍നിന്നും വ്യക്തമാണ്. 6728 കോടി മുതല്‍മുടക്കില്‍ തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഡി എം ആര്‍ സിയുടെ കണ്‍സള്‍ട്ടന്‍സിയില്‍ നിര്‍മിക്കുന്ന ലൈറ്റ് മെട്രോയുടെ കാര്യമെടുക്കുമ്പോഴും ഉദ്യോഗസ്ഥ ലോബിയുടെ കളി വളരെ വ്യക്തമാണ്. ശ്രീധരന്റെ സാന്നിധ്യം തങ്ങളുടെ താത്പര്യങ്ങള്‍ക്ക് കൂച്ചുവിലങ്ങിടും എന്ന് ബോധ്യമുള്ള ഉദ്യോഗസ്ഥവൃന്ദം ശ്രീധരനെ ഒഴിവാക്കാന്‍ ആവത് ശ്രമിച്ചതാണ്. പക്ഷേ, ശ്രീധരന്റെ ജനകീയതയാണ് അദ്ദേഹത്തെ പദ്ധതിയുടെ മുഖ്യഉപദേശകനായി നിലനിര്‍ത്തിയത്. ജപ്പാന്‍ ഇന്റര്‍നാഷനല്‍ കോ-ഓര്‍പ്പറേഷന്‍ ഏജന്‍സി (ജൈക്ക)യില്‍നിന്ന് വായ്പയെടുത്ത് പദ്ധതി നടത്താനുള്ള ശ്രീധരന്റെ നീക്കത്തിന് തടയിടാനും സ്വകാര്യ സംരംഭകരെ പദ്ധതി നടത്തിപ്പില്‍ പങ്കാളിയാക്കാനും ഉദ്യോഗസ്ഥര്‍ ആവത് ശ്രമിക്കുന്നുണ്ട്. ശ്രീധരന്റെ മേല്‍നോട്ടത്തില്‍ ലൈറ്റ് മെട്രോ നിര്‍മാണം നടക്കുകയാണെങ്കില്‍ നിശ്ചിത അടങ്കല്‍തുകയേക്കാളും കുറഞ്ഞ തുകക്ക് പദ്ധതിക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് ഉറപ്പാണ്.
കരാറുകാരുമായി ഒത്ത് ടെന്‍ഡര്‍ ഉറപ്പിക്കുകയും താഴെക്കിടയിലുള്ള എന്‍ജിനീയര്‍ മുതല്‍ വകുപ്പ് തലവന്മാര്‍ വരെ തങ്ങളുടെ “വിഹിതം” കരസ്ഥമാക്കുകയും ചെയ്യുന്നതാണ് അടങ്കല്‍തുക ഇങ്ങനെ വര്‍ധിക്കാനിടയാക്കുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും എല്ലാ ഉദ്യോഗസ്ഥരും അഴിമതിക്കാരാണെന്ന് ആര്‍ക്കും അഭിപ്രായമില്ല. പലരും കാലങ്ങളായുള്ള “കീഴ്‌വഴക്കങ്ങള്‍ക്ക്” അടിമപ്പെടുകയോ അല്ലെങ്കില്‍ താനായിട്ടെന്തിന് പ്രശ്‌നക്കാരനാകണം എന്ന് ചിന്തിക്കുകയോ ചെയ്യുമ്പോഴാണ് ഇത്തരം അഴിമതികളും തീവെട്ടിക്കൊള്ളകളും നടക്കുന്നത്.