റബ്ബര്‍ കര്‍ഷകര്‍ എന്തു ചെയ്യണം?

Posted on: January 25, 2016 4:49 am | Last updated: January 24, 2016 at 11:24 pm
SHARE

വിലയിടിവില്‍ പൊറുതിമുട്ടിയ റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം പകരാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളില്‍ നിന്നും മൂര്‍ത്തമായ നടപടികളൊന്നും ആയില്ല. സ്വാഭാവിക റബ്ബര്‍ ഇറക്കുമതി കേന്ദ്ര സര്‍ക്കാര്‍ മാര്‍ച്ച് 31 വരെ നിരോധിച്ചത് കര്‍ഷകര്‍ക്ക് കാര്യമായ ആശ്വാസമൊന്നും ആകില്ല. ഈ തീരുമാനം പോലുംകേന്ദ്രം അര്‍ധമനസ്സോടെയാണ് കൈകാര്യം ചെയ്തത്. ചെന്നൈ, മുംബൈ തുറമുഖങ്ങളിലൂടെ മാത്രമേ റബ്ബര്‍ ഇറക്കുമതി ചെയ്യാവൂ എന്ന് നിബന്ധനവെച്ച് ബുധനാഴ്ച കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മുംബൈ, ചെന്നൈ തുറമുഖങ്ങളിലൂടെ മാത്രമായി ഇറക്കുമതി അനുവദിക്കുന്നത് കര്‍ഷകര്‍ക്ക് ഒരു ഗുണവും ചെയ്യില്ല. ഇത് വന്‍കിട ടയര്‍ വ്യവസായികളെ മാത്രമേ സഹായിക്കൂ. ഇറക്കുമതി നിയന്ത്രണം റബ്ബര്‍ കര്‍ഷകര്‍ക്ക് ഒരു ഗുണവും ചെയ്യില്ലെന്നതിനാലാണ് സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതി താത്കാലികമായി മാര്‍ച്ച് 31 വരെ നിരോധിച്ചുകൊണ്ട് കേന്ദ്ര വാണിജ്യ മന്ത്രാലയം ഉത്തരവിറക്കിയത്. രണ്ട് മാസത്തേക്കുള്ള നിരോധം കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമോ എന്ന് ചോദിച്ചാല്‍ കാത്തിരുന്ന് കാണാം എന്ന്മാത്രമേ പറയാനാകൂ. അത്രയും കടുത്തതാണ് റബ്ബര്‍ കര്‍ഷകര്‍ അനുഭവിക്കുന്ന വിലയിടിവ്. സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതി ആറുമാസത്തേക്ക് നിരോധിക്കുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍ കേരളത്തില്‍ നിന്നുള്ള എം പി മാര്‍ക്ക് നല്‍കിയ ഉറപ്പ് പോലും പാലിക്കാന്‍ കേന്ദ്രത്തിനായിട്ടില്ല.
കിലോഗ്രാമിന് 243 രൂപയില്‍ നിന്ന് റബ്ബര്‍വില 94 രൂപയായി കുറഞ്ഞിരിക്കുകയാണ്. തൊഴിലാളികള്‍ക്ക് കൂലി തീര്‍ത്തുകൊടുക്കാന്‍ പോലും കര്‍ഷകര്‍ക്കാവുന്നില്ല. മഹാഭൂരിപക്ഷം കര്‍ഷകരും തോട്ടങ്ങളില്‍ പണി എടുപ്പിക്കുന്നില്ല. റബ്ബറിന്റെ ഇറക്കുമതി തീരുവ 70 ശതമാനമെങ്കിലും ആക്കണമെന്നതാണ് കര്‍ഷകരുടെ ആവശ്യം. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ കൂട്ടായ പരിശ്രമവും ഇതിനാവശ്യമാണ്. റബ്ബര്‍ കര്‍ഷകരുടെ രക്ഷക്ക് സഹായകമാകുമെന്ന പ്രതീക്ഷയോടെ, കേരളാ സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ് (റബ്ബര്‍മാര്‍ക്ക്), കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ് (മാര്‍ക്ക് ഫെഡ്) എന്നീ സഹകരണ സംഘങ്ങളെ ഉപയോഗിച്ച് റബ്ബര്‍ സംഭരിക്കാനായിരുന്നു സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം. എന്നാല്‍ റബ്ബര്‍ വാങ്ങാന്‍ തയ്യാറല്ലെന്ന് ഈ ഏജന്‍സികള്‍ തീരുമാനിക്കുകയായിരുന്നു. റബ്ബര്‍ കിലോഗ്രാമിന് 150 രൂപയെങ്കിലും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി അങ്ങനെ തകിടം മറിക്കപ്പെട്ടു. സഹകരണ ബേങ്കുകളില്‍ നിന്ന് കടമെടുത്ത് സ്വന്തം നിലയില്‍ റബ്ബര്‍ സംഭരിക്കണമെന്നാണ് ധനവകുപ്പ് മുന്നോട്ടുവെച്ച നിര്‍ദേശം. പലിശ സര്‍ക്കാര്‍ നല്‍കുമെന്നും വാഗ്ദാനം ചെയ്തിരുന്നു. മറ്റ് ആനുകൂല്യങ്ങളൊന്നും നല്‍കാനാകില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തു. റബ്ബര്‍മാര്‍ക്കും മാര്‍ക്കറ്റ് ഫെഡും സംഭരണത്തില്‍ നിന്നും പിന്‍മാറിയതിന് കാരണമായി പറയുന്നതും സര്‍ക്കാറിന്റെ ഈ നിലപാടാണ്. സര്‍ക്കാറിനെ വിശ്വാസത്തിലെടുത്ത് നേരത്തെ രണ്ട് തവണ സംഭരണം നടത്തിയതിന്റെ ചെലവിലേക്ക് മുതല്‍ പോലും സര്‍ക്കാറില്‍ നിന്ന് ലഭിച്ചില്ലെന്ന് ‘റബ്ബര്‍ മാര്‍ക്ക്’ അധികൃതര്‍ പരാതി പറയുന്നു.
വിലയിടിവ് തടയാനും ഉത്പാദകര്‍ കടുത്ത പ്രതിസന്ധികള്‍ അഭിമുഖീകരിക്കുമ്പോള്‍, ഇറക്കുമതി തീരുവ ഉയര്‍ത്തി ആവശ്യമായ നടപടി എടുക്കാന്‍ ഗാട്ട് കരാറില്‍ തന്നെ വ്യവസ്ഥയുണ്ട്. എന്നാല്‍ കര്‍ഷകര്‍ പ്രതിസന്ധിയുടെ വറചട്ടിയില്‍ പൊരിയുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ വെറും കാഴ്ചക്കാരായി മാറിനില്‍ക്കുന്നത് കര്‍ഷക സമൂഹത്തില്‍ കടുത്ത പ്രതിഷേധമുളവാക്കിയിട്ടുണ്ട്. റബ്ബര്‍ വിലയിടിവിനെതിരെ കോട്ടയം തിരുനക്കര മൈതാനത്ത് കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി ജോസ് കെ മാണി ഉപവാസം നടത്തുകയാണ്. റബ്ബര്‍ കര്‍ഷകരെ രക്ഷിക്കാന്‍ ഇറക്കുമതി പൂര്‍ണമായി നിരോധിക്കണമെന്ന് അസോസിയേഷന്‍ ഓഫ് പ്ലാന്റേഴ്‌സ് കേരള ആവശ്യപ്പെടുന്നു. സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതി മാര്‍ച്ച് 31 വരെ നിരോധിച്ചതുകൊണ്ട്മാത്രം ഒരു കാര്യവുമില്ല. അനിയന്ത്രിതമായ ഇറക്കുമതി കര്‍ഷകരുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. നമ്മുടെ നാട്ടില്‍ കൃഷിക്കാര്‍ ‘രണ്ടാം തരം പൗരന്മാ’രാണ്. എല്ലാ പരിഗണനയും വ്യവസായ മേഖലക്കാണ്. ബേങ്കുകളും മറ്റ് ധനകാര്യസ്ഥാപനങ്ങളും വ്യവസായികള്‍ക്ക് പിന്നാലെയാണ്. ഉദാര വ്യവസ്ഥകളില്‍ അവര്‍ക്ക് ആവശ്യമനുസരിച്ച് വായ്പ ലഭിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് വായ്പക്ക് കടമ്പകള്‍ ഏറെ കടക്കേണ്ടിവരുന്നു. കര്‍ഷകരില്‍ വരേണ്യ വിഭാഗമായാണ് ഒരു കാലത്ത് റബ്ബര്‍ കര്‍ഷകരെ കണക്കാക്കിയിരുന്നത്. ആ നല്ല കാലമെല്ലാം പോയ്മറഞ്ഞിരിക്കുകയാണ്. ഇന്ന് അവര്‍ നിലനില്‍പ്പിനായുള്ള ജീവന്‍മരണ പോരാട്ടത്തിലാണ്. ഇവരെ സഹായിച്ചേപറ്റൂ.

LEAVE A REPLY

Please enter your comment!
Please enter your name here