പ്രവാസി ക്ഷേമത്തിന് മുന്‍ഗണന; മന്ത്രി കെ സി ജോസഫ്

Posted on: January 24, 2016 3:26 pm | Last updated: January 24, 2016 at 3:26 pm
SHARE

k c josephഅബുദാബി: കേരള സര്‍ക്കാരിന്റെ വാര്‍ഷിക ബജറ്റിനേക്കാള്‍ കൂടുതലാണ് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണമെന്നും അത് കൊണ്ടുതന്നെ പ്രവാസി ക്ഷേമത്തിന് മുന്‍ഗണന നല്‍കുന്നുവെന്നും പ്രവാസികാര്യ മന്ത്രി കെ സി ജോസഫ്. അബുദാബി മാര്‍ത്തോമ്മാ യുവജനസഖ്യം മുസഫ മാര്‍ത്തോമ്മാ ദേവാലയാങ്കണത്തില്‍ വിവിധ ലേബര്‍ ക്യാംപുകളിലെ തൊഴിലാളികള്‍ക്കായി സംഘടിപ്പിച്ച സുഹൃദ് സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളീയ സമൂഹത്തില്‍ ഇന്നുള്ള പച്ചപ്പിന്റെയും സമൃദ്ധിയുടെയും കാരണം പ്രവാസികളുടെ രക്തവും വിയര്‍പ്പുമാണ്. സഖ്യം പ്രസിഡന്റും മാര്‍ത്തോമ്മാ ഇടവക വികാരിയുമായ റവ. പ്രകാശ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. ഷിബ്‌ലു, രാംസിങ്, സജിത്ത് എന്നീ തൊഴിലാളികള്‍ കേക്ക് മുറിച്ചാണ് സുഹൃദ്‌സംഗമം ഉദ്ഘാടനം ചെയ്തത്.
സഹ വികാരി റവ. ഐസക് മാത്യു, കണ്‍വീനര്‍ ജിലു ജോസഫ്, ഇന്‍കാസ് അബുദാബി പ്രസിഡന്റ് പള്ളിക്കല്‍ സുജാഹി, മലയാളി സമാജം പ്രസിഡന്റ് ബി യേശുശീലന്‍, വൈഎംസിഎ സെക്രട്ടറി വര്‍ഗീസ് ബിനു, മാര്‍ത്തോമ്മാ പള്ളി സെക്രട്ടറി ജിനുരാജന്‍, സഖ്യം സെക്രട്ടറി സുജിത് വര്‍ഗീസ്, ജോയിന്റ് കണ്‍വീനര്‍ ദിപിന്‍ പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. പിന്നണി ഗായകന്‍ ജി വേണുഗോപാല്‍ ഹിന്ദിയിലും മലയാളത്തിലും ഗാനമാലപിച്ചു. നിര്‍ധന തൊഴിലാളികള്‍ക്ക് സൗജന്യ വിമാനടിക്കറ്റ് വിതരണവും നടന്നു. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍നിന്ന് ആയിരത്തഞ്ഞൂറോളം തൊഴിലാളികള്‍ സംഗമത്തില്‍ പങ്കെടുത്തു. വിവിധ രാജ്യങ്ങളിലെ കലാരൂപങ്ങള്‍, വിനോദമത്സരങ്ങള്‍, സ്‌നേഹ സദ്യ എന്നിവയും ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here