മാന്ദ്യാവസ്ഥ താല്‍കാലികം: എം എ യൂസഫലി

Posted on: January 24, 2016 3:22 pm | Last updated: January 24, 2016 at 3:30 pm
SHARE

Yusuf-Ali-MAദുബൈ: ലുലു ഗ്രൂപ്പ് കഴിഞ്ഞ ഏതാനും മാസങ്ങളായി ഉല്‍സാഹപൂര്‍ണമായ നിക്ഷേപവും വികസന ഘട്ടവും പ്രഖ്യാപിച്ച് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജസ്വലമാക്കി വരികയാണെന്നും മാന്ദ്യം താല്‍കാലികമാണെന്നും എം എ യൂസുഫലി. ഡാവോസില്‍ ലോകസാമ്പത്തിക ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈജിപ്ത്, സഊദി അറേബ്യ, ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളില്‍ 1.7 ബില്യന്‍ ഡോളറാണ് ഗ്രൂപ് നിക്ഷേപിക്കുന്നത്. സ്വിറ്റ്‌സര്‍ലാന്റിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറവുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് ലുലു ഗ്രൂപ് ചെയര്‍മാന്‍ എം എ യൂസുഫലി ഇങ്ങനെ പറഞ്ഞത്. ‘ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ പുതിയ വിപണികളില്‍ പ്രവേശിക്കാനിരിക്കുന്നതിനാല്‍, ഇന്ത്യയിലും ജി സി സിയിലും സാന്നിധ്യം ശക്തമാക്കിക്കൊണ്ടു തന്നെ, അടുത്ത രണ്ടു വര്‍ഷങ്ങള്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ലുലുവിന് നിലവില്‍ 121 സ്‌റ്റോറുകളുണ്ട്. ബ്രിട്ടന്‍, ബ്രസീല്‍, അമേരിക്ക രാജ്യങ്ങളില്‍ സോഴ്‌സിംഗ് ഓഫീസുകള്‍ സ്ഥാപിച്ച് ലോകമുടനീളം സോഴ്‌സിംഗ് ഓപറേഷന്‍ ശക്തമാക്കുന്നതാണ്’ അദ്ദേഹം വ്യക്തമാക്കി.
പൂര്‍വേഷ്യ, ചൈന, ആഫ്രിക്ക, യൂറോപ്, അമേരിക്ക എന്നിവിടങ്ങളിലടക്കം ഉയര്‍ന്ന ഗുണനിലവാരവും തടസമില്ലാത്ത വിതരണവും മത്സരാത്മകതയും നിലനിര്‍ത്താനാണ് സോഴ്‌സിംഗ് ഓഫീസുകള്‍ വരുന്നത്. നിലവിലുള്ളതും ഭാവിയില്‍ സംഭവിക്കുന്നതുമായ ബിസിനസിന് മല്‍സരാത്മക ഗുണമാണ് ഇത് സമ്മാനിക്കുക. സാമ്പത്തിക രംഗത്തെ മാന്ദ്യാവസ്ഥ സംബന്ധിച്ചുള്ള എല്ലാ നിഷേധാത്മക വികാരങ്ങളും അദ്ദേഹം തള്ളിക്കളഞ്ഞു. അത് താല്‍ക്കാലിക പ്രതിഭാസം മാത്രമാണ്. അറബ് ഭരണകൂടങ്ങളുടെ ദീര്‍ഘകാല വീക്ഷണങ്ങള്‍ക്കനുസൃതമായും സുപ്രധാനമായ വൈവിധീകൃത വരുമാന ഉറവിടങ്ങളുടെയും അടിസ്ഥാനത്തില്‍ സാമ്പത്തിക മേഖല ശക്തമായി തിരിച്ചു വരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.