Connect with us

Gulf

റിയല്‍ എസ്റ്റേറ്റ് പദ്ധതിയില്‍ ദുബൈ മലയാളികള്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍

Published

|

Last Updated

വില്ല വാഗ്ദാനത്തില്‍ വഞ്ചിതരായവര്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനം നടത്തിയപ്പോള്‍

ദുബൈ: നാട്ടില്‍ റിയല്‍ എസ്റ്റേറ്റ് പദ്ധതിയില്‍ വില്ല വാഗ്ദാനത്തില്‍ വഞ്ചിതരായവര്‍ നിരവധി. തൃശൂര്‍ ആസ്ഥാനമായ ശാന്തിമഠം ഉടമക്കെതിരെയാണ് ദുബൈയിലെ 70 ഓളം പേര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മറ്റും പരാതി നല്‍കിയത്. ഉടന്‍ തന്നെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് വഞ്ചിതരായവര്‍ക്കുവേണ്ടി അഡ്വ. ശംസുദ്ദീന്‍ കരുനാഗപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തൃശൂരിലെ ഗുരുവായൂര്‍ ക്ഷേത്രത്തിന് സമീപം വില്ലകളാണ് വാഗ്ദാനം ചെയ്തത്. ഇതുപ്രകാരം ദുബൈയിലെയടക്കം നിരവധി ആളുകള്‍ ലക്ഷങ്ങള്‍ ശാന്തിമഠം ഉടമക്ക് നല്‍കുകയുണ്ടായി. എന്നാല്‍ നിരവധി നിയമക്കുരുക്കില്‍ ഇവര്‍ പെട്ടിരിക്കുകയാണ്. വില്ലാ സമുച്ഛയങ്ങളാണ് പണിയുന്നതെന്ന് പഞ്ചായത്തിന് അറിയിച്ചിരുന്നില്ല. ഒന്നോ രണ്ടോ വില്ലകള്‍ പണിയുമെന്നായിരുന്നു പഞ്ചായത്തിന് ശാന്തിമഠം നല്‍കിയ വിവരം. എന്നാല്‍ നിരവധി വില്ലകള്‍ അവിടെ പണിയുന്നുവെന്ന് മനസ്സിലായപ്പോള്‍ പഞ്ചായത്ത് അനുമതി റദ്ദ് ചെയ്തു. പുരാവസ്തുവകുപ്പിന്റെ കീഴിലുള്ള സ്ഥലത്തിനടുത്താണ് വില്ലാ സമുച്ഛയത്തിന് കണ്ടുവെച്ച സ്ഥലം. ഇത് കാരണം. പുരാവസ്തു വകുപ്പ് എതിര്‍പ്പുമായി രംഗത്തുവന്നു. മുനിമട എന്നസ്ഥലത്താണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 2008ലാണ് പദ്ധതിയുടെ അറിയിപ്പുകള്‍ മാധ്യമങ്ങളിലൂടെ വരുന്നത്. 272 വില്ലകളാണ് ഇവിടെ പണിയുമെന്ന് പറഞ്ഞിരുന്നത്. വില്ലക്ക് മുന്‍കൂറായി പണം നല്‍കുന്നവര്‍ക്ക് തമിഴ്‌നാട്ടിലും മറ്റും ഭൂമി സൗജന്യമായി വാഗ്ദാനം ചെയ്തിരുന്നു. വില്ലക്ക് 25,000 രൂപവരെ വാടകലഭിക്കുമെന്നും വിശ്വസിപ്പിച്ചു. പഞ്ചായത്തിന്റെയും പുരാവസ്തുവകുപ്പിന്റെയും എതിര്‍പ്പ് വന്നതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു. ഒരു വില്ലമാത്രമാണ് പൂര്‍ത്തിയായത്. സ്തംഭനാവസ്ഥ ചൂണ്ടിക്കാട്ടി നിക്ഷേപകര്‍ ഹൈക്കോടതിയുടെ കീഴിലുള്ള കെല്‍സയെ സമീപിച്ചു. എന്നാല്‍ പുരാവസ്തു വകുപ്പിന്റെ ഇടപെടല്‍ ചൂണ്ടിക്കാട്ടി ശാന്തിമഠം അധികൃതര്‍ കാലുമാറി. പാപ്പര്‍ ഹര്‍ജി നല്‍കുകയും ചെയ്തു.
272 ഓളം പേരാണ് ലക്ഷങ്ങള്‍ നിക്ഷേപിച്ചിരിക്കുന്നത്. 70 ശതമാനം ഗള്‍ഫ് മലയാളികളാണ്. ഇവരുടെ പ്രശ്‌നത്തില്‍ ഇടപെടാന്‍ വേണ്ടി കോടതി റസീവറെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ സ്ഥലം വിട്ടുകിട്ടാന്‍ ഇതേവരെ നടപടിയുണ്ടായില്ല. നിക്ഷേപകരുടെ കയ്യില്‍ ആധാരം അടക്കമുള്ള രേഖകളുണ്ട്. എന്നാല്‍ അവ ഉപയോഗപ്രദമല്ല. ഹൈക്കോടതിയില്‍ ഇനി സ്ഥലം വിട്ടുകിട്ടാനുള്ള ഹര്‍ജിയാണ് ഫലപ്രദമാവുകയെന്ന് അഡ്വ. ശംസുദ്ദീന്‍ കരുനാഗപ്പള്ളി പറഞ്ഞു.
2008 മുതലാണ് ശാന്തിമഠത്തിന്റെ വാഗ്ദാനങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഒരു കോടി രൂപവരെ നിക്ഷേപിച്ചവരുണ്ട്. ശരാശരി 45 ലക്ഷം ആണ് ദുബൈ മലയാളികള്‍ക്ക് നഷ്ടപ്പെട്ടത്. ത്രിപ്പൂണിത്തറയില്‍ സുരേഷ്‌കുമാര്‍, ആലുവയിലെ പ്രഭാകര മേനോന്‍, കണ്ണൂരിലെ ഗോവിന്ദന്‍, തിരുവനന്തപുരത്ത് സദാശിവന്‍ പിള്ള, തൊടുപുഴയിലെ വേണുഗോപാല്‍ തുടങ്ങിയവര്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പുരാവസ്തുവകുപ്പിനെ പ്രശ്‌നത്തില്‍ ഉള്‍പെടുത്തിയത് നിര്‍മാതാവ് തന്നെയാണെന്ന് സംശയിക്കുന്നതായി ആലുവ സ്വദേശി പ്രഭാകരമേനോന്‍ പറഞ്ഞു. പുരാവസ്തുവകുപ്പിന്റെ ഭാഗത്ത് നിന്ന് അനുഭാവ പൂര്‍ണമായ നിലപാട് ലഭ്യമാക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് നിവേദനം നല്‍കും.
കണ്ടാണശ്ശേരി പഞ്ചായത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ആറ് കിലോമീറ്റര്‍ ചുറ്റളവിലാണ് പദ്ധതി. രണ്ട്, മൂന്ന്, അഞ്ച്, പത്ത് എന്നിങ്ങനെ സെന്റുകളായി പ്ലോട്ട് വിഭജിച്ചിരുന്നു. 16 ലക്ഷം മുതല്‍ രണ്ട് കോടിവരെയാണ് വില നിശ്ചയിച്ചിരുന്നത്. നിക്ഷേപകര്‍ ഏതാണ്ട് 150 കോടി രൂപ ശാന്തിമഠം ഉടമക്ക് നല്‍കിയതായി കോടതിയില്‍ കേസുണ്ട്. മുനിമട അരയന്നൂര്‍ ഗ്രീന്‍സിറ്റി എന്ന പേരിലാണ് ഈ പദ്ധതി അറിയപ്പെടുന്നത്.

---- facebook comment plugin here -----

Latest