Connect with us

Gulf

ദുബൈയില്‍ പൊതുഗതാഗതം വന്‍വിജയം; യാത്രക്കാര്‍ വര്‍ധിച്ചു

Published

|

Last Updated

ദുബൈ മെട്രോസ്റ്റേഷനിലെ തിരക്ക്‌

ദുബൈ: ദുബൈയില്‍ പൊതുഗതാഗത സംവിധാനം വന്‍വിജയത്തില്‍. 2015ല്‍ 53.9 കോടി യാത്രകളാണ് ആര്‍ ടി എ ബസ്, മെട്രോ, അബ്ര തുടങ്ങിയവയിലൂടെ നടന്നത്. പ്രതിദിനം 15 ലക്ഷം യാത്രക്കാര്‍ പൊതുഗതാഗത സംവിധാനം വഴി നടക്കുന്നുവെന്ന് ആര്‍ ടി എ ചെയര്‍മാന്‍ മത്തര്‍ അല്‍തായര്‍ അറിയിച്ചു.

2014ല്‍ പ്രതിദിനം 14.75 ലക്ഷം യാത്രികരായിരുന്നു. 2013ല്‍ 13 ലക്ഷം. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ഉണ്ടായത്. 4.8 കോടി യാത്രകള്‍ നടന്നു. ദുബൈ മെട്രോയില്‍ 1.71 കോടി, ടാക്‌സിയില്‍ 1.73 കോടി, ബസില്‍ 1.18 കോടി, ജലഗതാഗത സംവിധാനങ്ങളില്‍ 14 ലക്ഷം, ദുബൈ ട്രാമില്‍ 4.6 ലക്ഷം എന്നിങ്ങനെയാണ് കണക്ക്. ഡിസംബര്‍ 31ന് 18.59 ലക്ഷമാണ് യാത്രകള്‍ നടന്നത്.
2014ല്‍ 16.43 കോടി യാത്രകളാണ് മെട്രോയില്‍ നടന്നതെങ്കില്‍ 2015ല്‍ 17.86 കോടിയായി. ചുകപ്പ് പാതയില്‍ 11.27 കോടി യാത്രകള്‍ നടന്നിട്ടുണ്ട്. 2014ല്‍ ഇത് 10.4 കോടിയായിരുന്നു. പച്ചപ്പാതയില്‍ 6.59 കോടിയാണ് യാത്രകള്‍ നടന്നത്.
ബസുകളില്‍ 13.47 കോടി യാത്രകള്‍ നടന്നു. 2014ല്‍ 14.81 കോടിയായിരുന്നു. മെട്രോ സ്റ്റേഷനുകളിലെ ഫീഡര്‍ സര്‍വീസുകളിലെ യാത്രക്കാരുടെ എണ്ണത്തിലും വന്‍ വര്‍ധനവുണ്ടായി. അബ്രകളില്‍ 1.37 കോടി യാത്രകളാണ് നടന്നത്. വാട്ടര്‍ ബസ്, വാട്ടര്‍ ടാക്‌സി, ഫെറി എന്നിവയിലും യാത്രക്കാരുടെ വര്‍ധനവുണ്ടായി. 2006ല്‍ പൊതുഗതാഗത സംവിധാനത്തെ ആറ് ശതമാനം പേരാണ് ആശ്രയിച്ചതെങ്കില്‍ 2015ല്‍ അത് 15 ശതമാനമായി. നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് മതര്‍ അല്‍തായര്‍ പറഞ്ഞു.