വനം വകുപ്പില്‍ ബീറ്റ് ഓഫീസര്‍മാരെ നിയമിക്കാന്‍ നടപടികളായില്ല

Posted on: January 24, 2016 11:58 am | Last updated: January 24, 2016 at 11:58 am
SHARE

മാനന്തവാടി: വന്യമൃഗശല്യവും കാട്ടുതീയും വര്‍ധിക്കുമ്പോഴും ജില്ലയില്‍ ഒഴിഞ്ഞു കിടക്കുന്ന 96 ഫോറസ്റ്റ് ഗാര്‍ഡ്(ബീറ്റ് ഓഫീസര്‍മാര്‍) മാരുടെ തസ്തികയില്‍ സ്ഥിരനിയമനം നടത്താന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടികളായില്ല.

രണ്ട് വര്‍ഷത്തിലധികമായി ഈ തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുകയാണ്. വനം വകുപ്പിലെ 1962ലെ സ്റ്റാഫ് പാറ്റേണ്‍ പ്രകാരം ജില്ലയില്‍ ആകെ ആവശ്യമുള്ള 264 ബീറ്റ് ഓഫീസര്‍മാരേയാണ്. ഒരു ഗാര്‍ഡിന് 4’9ചതുരശ്ര സ്‌ക്വയര്‍ കിലോമീറ്റര്‍ വനത്തിന്റെ ചുമതലയാണുള്ളത്. വന്യമൃഗങ്ങള്‍ ആളുകളെ ആക്രമിക്കുകയും കൃഷി നശിപ്പിക്കുകയും വളര്‍ത്തുമൃഗങ്ങളെ കൊന്നൊടുക്കുന്നതും ജില്ലയില്‍ നിത്യേന വര്‍ധിക്കുമ്പോഴും സ്റ്റാഫ് പാറ്റേണ്‍ പുതുക്കി നിശ്ചയിക്കുന്നതിന് സര്‍ക്കാര്‍ തയ്യാറായിട്ടും വനം സംരക്ഷണസമിതികളുടെ പ്രവര്‍ത്തനങ്ങളും ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ നിരവധി ആരംഭിച്ചതുമെല്ലാം വനം വകുപ്പ് ജീവനക്കാരുടെ ജോലി ഭാരം വര്‍ധിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ുദ്യോഗസ്ഥരുടെ കാര്യക്ഷമമായ ഇടപെടല്‍ കാരണമാണ് വന്യജീവികള്‍ വേട്ടയാടപ്പെടാതെ വര്‍ധിക്കുന്നതെന്നും ഈ വര്‍ധനവമാണ് ജനവാസ കേന്ദ്രങ്ങളുള്‍പ്പെടെ വന്യജീവികള്‍ എത്തിപ്പെടാന്‍ കാരണമെന്നും സ്വകാര്യ ഏജന്‍സി നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.
ഇത്രയേറെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചിട്ടും ജോലി ഭാരം ലഘൂകരിക്കുന്നതിനുള്ള യാതൊരു സഹായവും സര്‍ക്കാര്‍ ഭാഗത്ത് നിന്നുണ്ടാവുന്നില്ലെന്നാണ് ജീവനക്കാര്‍ക്കിടയില്‍ നിന്ന് ഉയരുന്ന ആരോപണം. നിലവിലെ ബീറ്റ് ഓഫീസര്‍ തസ്തികയിലേക്ക് നിയമനം നടത്താന്‍ പി എസ് സിയോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെയായി അപേക്ഷ പോലും ക്ഷണിച്ചിട്ടില്ല. 2010ലെ നിര്‍ദേശ പ്രകാരം ബീറ്റ് ഓഫീസര്‍ തസ്തികയിലേക്ക് വേണ്ട യോഗ്യത കണക്ക്, സയന്‍സ് വിഷയങ്ങളില്‍ പ്ലസ്ടു ആയിരുന്നുവെങ്കില്‍ 2014ല്‍ പ്ലസ്ടുമാത്രമാക്കുകയും ചെയ്തിരുന്നു. ഈ നോട്ടിഫിക്കേഷന്‍ ലഭിച്ചില്ലെന്ന ന്യായം ഉയര്‍ത്തിയാണ് പി എസ് സി അപേക്ഷ പോലും ക്ഷണിക്കാത്തത്. എന്നാല്‍ നോട്ടിഫിക്കേഷന്‍ ആറു മാസം മുമ്പ് പി എസ് സി സെക്രട്ടറിക്ക് നല്‍കിയപ്പോള്‍ ഇത്രയും തസ്തികകളില്‍ നിയമനം ആവശ്യമാണെന്ന് വനം വകുപ്പ് നേരിട്ടറിയിക്കണമെന്നായിരുന്നു പി എസ് സി നിലപാട്. നിലവില്‍ ജില്ലയില്‍ എംപ്ലോയ്‌മെന്റ് ഓഫീസ് മുഖേന ആറ് മാസക്കാലാവധിക്ക് നിയമനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും താല്‍ക്കാലികമായുള്ള നിയമനമായതിനാല്‍ തന്നെ ഇവര്‍ ജോലിയില്‍ വേണ്ടത്ര വിജയിക്കുന്നില്ലെന്നാണ് പറയപ്പെടുന്നത്. ഭൂരിഭാഗം ആദിവാസികളുടെ ജില്ല എന്ന നിലക്ക് വയനാട്ടില്‍ ആവശ്യമായ ബീറ്റ് ഓഫീസര്‍മാരെ നിയമിക്കാന്‍ അടിയന്തിര നടപടികള്‍ വേണമെന്നാണ് ആവശ്യമുയരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here