Connect with us

Kozhikode

ദേശീയ കൗമാര കായിക മേളക്ക് ഇനി അഞ്ച് നാള്‍

Published

|

Last Updated

കോഴിക്കോട്: ദേശീയ കൗമാര കായിക മേളക്ക് ഇനി അഞ്ച് നാള്‍. മേളയില്‍ പങ്കെടുക്കുന്ന താരങ്ങളെ നാളെ അറിയാം. മെഡിക്കല്‍ കോളജിലെ ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന മേളയുടെ ഉദ്ഘാടനം 29ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി രണ്ടിന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ നിര്‍വഹിക്കും. 61-ാമത് ദേശീയ സ്‌കൂള്‍ കായികമേളയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെത്തിയതായി വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് അറിയിച്ചു. മേളയുടെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കോഴിക്കോട് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന വവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാരുടെ അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. 27ന് തൃക്കോട്ടൂരില്‍ പി ടി ഉഷ ആദ്യം പഠിച്ച സ്‌കൂളില്‍ നിന്നും പുറപ്പെടുന്ന ദീപശിഖ 28ന് മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ എത്തിച്ചേരും.
കോഴിക്കോട്ടെത്തുന്ന ആദ്യ ടീമിനെ കേരളത്തനിമയോടെ സ്വീകരിക്കും. കോഴിക്കോട്, ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ പ്രത്യേക സ്വീകരണ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. 27 മുതല്‍ ബി ഇ എം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രജിസ്‌ട്രേഷന്‍ തുടങ്ങും. രണ്ട് സംസ്ഥാനങ്ങള്‍ക്ക് ഒരു കൗണ്ടര്‍ എന്ന രീതിയില്‍ 16 കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. മേളയുടെ പ്രചരണത്തിനായി 30 കമാനങ്ങള്‍ സ്ഥാപിക്കും. ദേശീയ അന്തര്‍ദേശീയതാരങ്ങളുടെ കട്ടൗട്ടുകള്‍, നഗരത്തില്‍ നിന്ന് മെഡിക്കല്‍ കോളജുവരെ ബഹുവര്‍ണ കൊടികളുയര്‍ത്തും. താരങ്ങളുടെ സൗകര്യാര്‍ഥം ഡി ഡി ഇ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനം ആരംഭിച്ചു. 9446 633963, 9946409002 എന്ന കണ്‍ട്രോള്‍ റൂം നമ്പറുമായി ബന്ധപ്പട്ടാല്‍ മേളയുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ മറുപടി നല്‍കുമെന്ന് ഡി ഡി ഇ ഗീരിഷ് ചോലയില്‍ പറഞ്ഞു.
ഏകദേശം 2700ത്തോളം കായിക താരങ്ങളും അധ്യപകരും ഒഫീഷ്യലുമടക്കം മറ്റ് 500 പേരും മേളക്കായി കോഴിക്കോട്ട് എത്തും. ഇവരെ സ്വീകരിക്കാനായി സ്‌കൂള്‍ ബസുകളും, മറ്റ് സ്വകാര്യ വാഹനങ്ങളും ഒരുക്കിയിട്ടുണ്ട്. നഗരത്തിലും കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്തുമുള്ള 25 സ്‌കൂളുകളിലാണ് താരങ്ങള്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നഗരത്തിലെ തന്നെ ഹോട്ടലുകളില്‍ ഉദ്യോഗസ്ഥര്‍ക്കായി 200 ഓളം മുറികളും ബുക്ക് ചെയ്തു. ആവശ്യാമുള്ളവര്‍ക്ക് ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യവും താമസ സ്ഥലത്ത് ഒരുക്കും. ഇതിന് പുറമെ കേരള ഫുഡ്‌സ്, അതര്‍ ഫുഡ് എന്ന രണ്ട് രീതിയിലുള്ള ഭക്ഷണ മെനുവും സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കുന്നവര്‍ക്കായുണ്ടാകും. പഴയിടം മോഹനന്‍ നമ്പൂതിരി പാചകത്തിന് നേതൃത്വം നല്‍കും. ഫണ്ടിന്റെ ലഭ്യത കുറവുണ്ടെങ്കിലും രണ്ട് കോടി രൂപ മേളക്ക് സംസ്ഥാന സര്‍ക്കാര്‍ മാറ്റിവെച്ചതായി മന്ത്രി അബ്ദുറബ്ബ് പറഞ്ഞു. ബാക്കി സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കായിക താരങ്ങള്‍ക്ക് താമസ സൗകര്യം ഒരുക്കുന്ന സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെങ്കിലും പത്ത്, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ പരമാവധി തടസപ്പെടാതെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ട് പോവാന്‍ കഴിയുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. താമസമൊരുക്കുന്ന സ്‌കൂളുകളില്‍ അധ്യാപകരുടെയും, പി ടി എ ഭാരവാഹികളുടെയും സാന്നിധ്യവും ഉറപ്പാക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
അവലോകന യോഗത്തല്‍ കലക്ടര്‍ എന്‍ പ്രശാന്ത്, ഡി ഇ ഒ ഗിരീഷ് ചോലയില്‍, എം എല്‍ എമാരായ പുരുഷന്‍ കടലുണ്ടി , സി കെ നാണു , ഡി സി പി ഡി സാലി , പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, വിവിധ സംഘാടക കമ്മിറ്റി കണ്‍വീനര്‍മാര്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest