മലപ്പുറത്ത് ഉദ്ഘാടനത്തിനൊരുങ്ങി എട്ട് ടൂറിസം പദ്ധതികള്‍

Posted on: January 24, 2016 11:27 am | Last updated: January 24, 2016 at 11:27 am

kottakunnuമലപ്പുറം: ജില്ലയിലെ ടൂറിസം രംഗത്തിന് കുതിപ്പേകാന്‍ എട്ട് പദ്ധതികള്‍ ഉദ്ഘാടനത്തിനൊരുങ്ങി. വണ്ടൂര്‍ ടൗണ്‍ സ്‌ക്വയര്‍, വാണിയമ്പലം ടൂറിസം പദ്ധതി, ഊരകം മമ്പീതി, ശാന്തി തീരം റിവര്‍സൈഡ് വാക് വേ, ബിയ്യം കായല്‍, കോട്ടക്കുന്ന് സൈക്കിള്‍ ട്രാക്ക്, ചേറുമ്പ് ഇക്കോ വില്ലേജ് രണ്ടാം ഘട്ടം, മലപ്പുറം തൃപുരാന്തക ക്ഷേത്രം നടപ്പാത നിര്‍മാണം എന്നിവയാണ് ഉദ്ഘാടനത്തിനൊരുങ്ങിയത്.

7ഉ തിയേറ്റര്‍, ഷോപ്പിംഗ് കോംപ്ലക്‌സ് തുടങ്ങിയവയാണ് വണ്ടൂരിലുള്ളത്. ബോട്ടിംഗ്, ഗാര്‍ഡനിംഗ്, മുതിര്‍ന്നവര്‍ക്കുള്ള വിശ്രമ സ്ഥലം, നടപ്പാത മുതലായവയാണ് മമ്പീതി പാര്‍ക്കിലുള്ളത്. കടലുണ്ടിപ്പുഴയുടെ തീരത്താണ് മമ്പീതി പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. സിവില്‍ സ്റ്റേഷന് പിറകുവശത്ത് കടലുണ്ടിപ്പുഴയുടെ തീരത്താണ് ശാന്തിതീരം സ്ഥിതി ചെയ്യുന്നത്. നടപ്പാത, ബോട്ടിംഗ്, വിശ്രമ സ്ഥലം, വൈദ്യുതീകരണം തുടങ്ങിയവയാണ് ശാന്തി തീരത്തിലുള്ളത്.
ഫെബ്രുവരി 15നകം പാര്‍ക്ക് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കും. ജില്ലയിലെ പ്രധാന കായലിലൊന്നായ ബിയ്യം കായലിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് ടൂറിസം പദ്ധതി പൂര്‍ത്തിയാക്കിയിട്ടുള്ളത്. വിദേശ നിര്‍മിത സൈക്കിളുകളാണ് കോട്ടക്കുന്ന് ട്രാഫിക് പാര്‍ക്കില്‍ ഉണ്ടാവുക.
മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഉപയോഗിക്കാവുന്ന തരത്തിലുള്ള സൈക്കിളുകളാണ് ട്രാക്കില്‍ ഉപയോഗിക്കുന്നത്. ഉദ്ഘാടനത്തിനൊരുങ്ങിയ എട്ട് പദ്ധതികള്‍ക്ക് പുറമെ നാല് പുതിയ പദ്ധതികള്‍ക്കും അംഗീകാരമായിട്ടുണ്ട്. ഇവയുടെ നിര്‍മാണവും ഉടന്‍ തുടങ്ങും. തുവ്വൂര്‍ ഫ്രീഡം പാര്‍ക്ക്, ആനക്കയം കാര്‍ഷിക ടൂറിസം പദ്ധതി, മൂക്കുതല ക്ഷേത്രം, വണ്ടൂര്‍ ശിവക്ഷേത്രം എന്നിവയുടെ പദ്ധതികള്‍ക്കാണ് അംഗീകാരമായിട്ടുള്ളത്.
തൂവ്വൂരിലെ പൊതു കുളവും സമീപത്തുള്ള സ്ഥലവും ഉള്‍പ്പെടുത്തിയാണ് ഫ്രീഡം പാര്‍ക്ക് വരുന്നത്. ഇതിനായി 1.5 കോടി അനുവദിച്ചിട്ടുണ്ട്. ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെടുത്തിയാണ് ആനക്കയം ടൂറിസം പദ്ധതി വരുന്നത്. 40 ലക്ഷം ചെലവിലാണ് ആനക്കയം പദ്ധതി പൂര്‍ത്തിയാക്കുന്നത്. എടപ്പാള്‍ മൂക്കുതല ക്ഷേത്രത്തിലും വണ്ടൂര്‍ ശിവക്ഷേത്രത്തിലും അടിസ്ഥാന സൗകര്യ വികസനത്തിനാണ് തുക അനുവദിച്ചിട്ടുള്ളത്.