ഫ്രഞ്ച് പ്രസിഡന്റിന് സുരക്ഷ ഒരുക്കാന്‍ അമേരിക്കന്‍ ഏജന്‍സിയും

Posted on: January 24, 2016 12:52 am | Last updated: January 24, 2016 at 12:27 pm
SHARE

red-fort-delhiന്യൂഡല്‍ഹി: രാജ്യത്ത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ക്കിടെ ഭീകരാക്രമണമുണ്ടാകുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറഞ്ഞ പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധ സേനാ വിഭാഗങ്ങള്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. രാജ്യത്തെ സുരക്ഷാ സംവിധാനങ്ങള്‍ക്ക് പുറമേ റിപ്പബ്ലിക് ദിനത്തിലെ സുരക്ഷക്കായി അമേരിക്കന്‍ സുരക്ഷാ ഏജന്‍സിയായ സി ഐ എയും ഇന്ത്യയിലെത്തിയിട്ടുണ്ട്. ഇസില്‍ തീവ്രവാദികള്‍ ഫ്രാന്‍സില്‍ നടത്തിയ ഭീകരാക്രമണത്തിന് തൊട്ടുപിറകെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്യസ് ഹോളണ്ടേ മുഖ്യാതിഥിയായി എത്തുന്ന സാഹചര്യത്തിലാണ് കനത്ത സുരക്ഷക്കായി അമേരിക്കന്‍ സെന്‍ട്രല്‍ ഇന്റലിജന്റ്‌സ് ഏജന്‍സി സുരക്ഷക്കായി ഇന്ത്യയിലെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ സി ഐ എ സംഘം ഫരീദാബാദ്, ഗുഡ്ഗാവ് എന്നിവിടങ്ങളില്‍ ക്രൈം സ്റ്റാറ്റസ് സംബന്ധിച്ച വിശദാംശങ്ങള്‍ പരിശോധിച്ചു. ആരവല്ലി പര്‍വത നിരയില്‍ നിന്നുള്ള ദീര്‍ഘദൂര സുരക്ഷക്കും സി ഐ എ പ്രാധാന്യം നല്‍കുന്നതായാണ് സൂചന. മിവാത് ജില്ലയില്‍ നിന്ന് ഐ എസ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്തത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സി ഐ എ വിലയിരുത്തിയിരുന്നു. അമേരിക്കയും ഫ്രാന്‍സും സൈനികമായും രാഷ്ട്രീയമായും നല്ല സൗഹൃദം നിലനിര്‍ത്തുന്നതിനാലാണ് സി ഐ എ നേരിട്ടെത്തി ഫ്രഞ്ച് പ്രസിഡന്റിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ ഏറ്റെടുക്കുന്നത്.
ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യയിലെത്തുമ്പോള്‍ ആക്രമണം നടത്താന്‍ ഇസില്‍ ഭീകരര്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ന് രാത്രിയോടെ ചണ്ഡീഗഢിലെത്തുന്ന ഫ്രഞ്ച് പ്രസിഡന്റ് ആഘോഷ ചടങ്ങുകള്‍ക്ക് മുമ്പായി നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോളാര്‍ എനര്‍ജി സന്ദര്‍ശിക്കുന്നുണ്ട്. അതേസമയം ഇസില്‍ അനുഭാവമുള്ളവരെ തേടിയുള്ള അന്വേഷണ ഏജന്‍സികളുടെ തിരച്ചില്‍ തുടരുകയാണ്. പല സംസ്ഥാനങ്ങളില്‍ ഒരേ സമയത്താണ് സേനാ-പോലീസ് സംയുക്ത തിരച്ചില്‍ നടത്തുന്നത്. ഇന്നലെ പുലര്‍ച്ചെ എട്ട് ഇസില്‍ അനുയായികളെക്കൂടി എന്‍ ഐ എ അറസ്റ്റ് ചെയ്തു. മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, ഡല്‍ഹി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ സായുധ പരിശീലനത്തിനായി തയ്യാറെടുത്തെന്നും ഇവരുടെ പക്കല്‍നിന്ന് സ്‌ഫോടക ശേഖരവും പിടികൂടിയിട്ടുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ അവകാശപ്പെടുന്നുണ്ട്.
ഇന്നലെ 14 പേരെ പിടികൂടുകയും അഞ്ച് പേരെ അന്വേഷണവിധേയമായി അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനിടെ ബി ജെ പി നേതാവ് ഷാനവാസ് ഹുസൈനെതിരെ സോഷ്യല്‍ മീഡിയയിലൂടെ ഇസില്‍ ഭീഷണി ലഭിച്ചെന്ന് അദ്ദേഹം നോര്‍ത്ത് അവന്യൂ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഡി സി പി ജാറ്റിന്‍ നര്‍വാള്‍ അറിയിച്ചു. ഉറുദുവിലും ഇംഗ്ലീഷിലുമായിരുന്നുവത്രേ ഭീഷണി സന്ദേശം.