Connect with us

International

പ്രക്ഷോഭം പടരുന്നു; ടുനീഷ്യയില്‍ അടിയന്തര ക്യാബിനറ്റ്

Published

|

Last Updated

ടുണിസ്: മുല്ലപ്പൂ വിപ്ലവത്തിന് തുടക്കം കുറിച്ച ടുണീഷ്യയും കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലേക്ക് നീങ്ങുന്നു. രാജ്യവ്യാപകമായി തൊഴിലില്ലായ്മക്കെതിരെ യുവാക്കള്‍ പ്രക്ഷോഭം ആരംഭിച്ചതോടെ സര്‍ക്കാര്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തൊഴിലില്ലായ്മയുടെ പേരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ പ്രധാനമന്ത്രി ഹബീബ് അസ്സിദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അടിയന്തര ക്യാബിനറ്റ് വിളിച്ചുകൂട്ടിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രൂക്ഷമായ തൊഴിലില്ലായ്മ മൂലം അസ്വസ്ഥരായ ആയിരക്കണക്കിന് യുവാക്കള്‍ തെരുവിലിറങ്ങി പ്രക്ഷോഭം നടത്തുകയാണ്. രാജ്യം നേരിടുന്ന മോശം സാമ്പത്തികാവസ്ഥക്കും തൊഴിലില്ലായ്മക്കും അധികൃതര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. അഴിമതിക്ക് അറുതിവരുത്തി രാജ്യത്തെ സുരക്ഷിതമാക്കാന്‍ സര്‍ക്കാര്‍ രംഗത്തുവരുമെന്ന സങ്കല്‍പ്പത്തിലായിരുന്നു ഭൂരിഭാഗം പേരും ഈ സര്‍ക്കാറിനെ അനുകൂലിച്ച് വോട്ടു ചെയ്തത്. എന്നാല്‍ യുവാക്കളുടെ പ്രതീക്ഷകളെ മുഴുവന്‍ തകര്‍ത്താണ് സര്‍ക്കാര്‍ അധികാരം മുന്നോട്ടുകൊണ്ടുപോകുന്നത്. അതോടൊപ്പം ദാരിദ്ര്യം അകറ്റാനും തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കാനും സര്‍ക്കാര്‍ ശ്രമിക്കുമെന്നും വ്യാപകമായി വിശ്വസിക്കപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാറിന് നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സാമ്പത്തികമായ ഒരു ബലവും ഇല്ലെന്ന് വ്യക്തമായിരിക്കുകയാണ്.
രാജ്യത്തെ പടിഞ്ഞാറന്‍ പ്രവിശ്യയായ കസ്സേറിയനിലാണ് ആദ്യമായി തൊഴിലില്ലായ്മക്കെതിരെ പ്രക്ഷോഭം ആരംഭിച്ചത്. എന്നാല്‍ അധികം വൈകാതെ ഇത് രാജ്യത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെ, തൊഴിലില്ലായ്മ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് ബൈജി സെയ്ദ് അസ്സബ്‌സി പറഞ്ഞിരുന്നു. അയല്‍ രാജ്യമായ ലിബിയയില്‍ നിന്ന് ഇസില്‍ തീവ്രവാദികള്‍ രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ഈ പ്രക്ഷോഭം ഇടവരുത്തുമെന്ന് ആരോപിച്ച് പ്രക്ഷോഭത്തെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. രാജ്യം കൂടുതല്‍ അസ്ഥിരതയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്ന് സര്‍ക്കാര്‍ മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്. സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് അടിയന്തര നടപടികള്‍ തൊഴിലില്ലായ്മയുടെ വിഷയത്തിലും പട്ടിണിയുടെ വിഷയത്തിലും ഉണ്ടാകണമെന്ന് പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നുണ്ട്.