Connect with us

Ongoing News

മാപ്പിളകലകളെ നെഞ്ചേറ്റി കൊട്ടുക്കര പിപിഎംഎച്ച്എസ്എസ്

Published

|

Last Updated

തിരുവനന്തപുരം: മാപ്പിളകലകളെ നെഞ്ചേറ്റി അനന്തപുരിയിലെത്തിയ കൊട്ടുക്കര പി പി എം എച്ച് എസ്എസിന് വട്ടപ്പാട്ടിലും സുവര്‍ണ നേട്ടം. ഹൈസ്‌കൂള്‍ വിഭാഗം വട്ടപ്പാട്ടില്‍ അരീജ് പാമ്പോടന്‍ നയിച്ച കൂട്ടായ്മയാണ് കൊട്ടുക്കരക്കായി ഒന്നാം സ്ഥാനം നേടിക്കൊടുത്തത്. രണ്ടാം ദിനം ഹയര്‍ സെക്കന്‍ഡറി വിഭാഗം ദഫ്മുട്ടിലും കൊട്ടുക്കരക്കായിരുന്നു ഒന്നാം സ്ഥാനം. മാപ്പിള ഗ്രൂപ്പിനങ്ങളില്‍ എപ്പോഴുമെന്നപോലെ മികവു തെളിയിച്ച് കൈനിറയെ സമ്മാനങ്ങളുമായാണ് കൊട്ടുക്കര പി പി എം എച്ച് എസ് എസ് മലപ്പുറത്തേക്ക് മടങ്ങുന്നത്.
ചൊല്‍ക്കെട്ടിലും അവതരണത്തിലും മികവു പുലര്‍ത്തിയാണ് വട്ടപ്പാട്ടില്‍ കൊട്ടുക്കര ഒന്നാമതെത്തിയത്. റസൂലിന്റെ തൃക്കല്യാണത്തെക്കുറിച്ച് വിവരിക്കുന്ന “മിഗ്ദാറുല്‍ ഫിര്‍ദൗസില്‍ ഒളിലെങ്കും പുതുമാരന്‍” എന്ന വരികളില്‍ താളമിട്ടാണ് ടീം ഒന്നാമതെത്തിയത്. സദസ്സിന് സലാം പറഞ്ഞ്, പന്തല്‍വര്‍ണന നടത്തി, ഈണത്തില്‍ പദംപാടി മികവാര്‍ന്ന പ്രകടനത്തിനൊടുവില്‍ മംഗളവും പോക്കുവഴിയും നീട്ടിച്ചൊല്ലിയാണ് ചിട്ടവട്ടങ്ങള്‍ കടുകിട തെറ്റാതെ ഇവര്‍ തങ്ങളുടെ പ്രകടനം അവസാനിപ്പിച്ചത്. അരീജിനൊപ്പം അല്‍ അമീന്‍, ഇജാസ്, മാജിദ്, ജാസിം, ഷാഫി, റാഷിദ്, ഷാദില്‍ മുഫിലിഹ്, അജദ് എന്നിവരായിരുന്നു വേദിയില്‍. കഴിഞ്ഞ വര്‍ഷം കോഴിക്കോട് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കൈവിട്ടു പോയ സമ്മാനമാണ് ഇക്കുറി ഇവര്‍ തിരികെപ്പിടിച്ചത്. കഴിഞ്ഞ വര്‍ഷം ഹയര്‍സെക്കന്‍ഡറി വിഭാഗം വട്ടപ്പാട്ടില്‍ കൊട്ടുക്കരക്കായിരുന്നു ഒന്നാം സ്ഥാനം.