Connect with us

Editorial

ബാര്‍ കോഴയില്‍ തട്ടി മന്ത്രി ബാബുവും

Published

|

Last Updated

കെ എം മാണിക്ക് പിറകെ മന്ത്രി കെ ബാബുവും മന്ത്രി സ്ഥാനം ഉപേക്ഷിക്കേണ്ടി വന്നിരിക്കയാണ് ബാര്‍ കോഴക്കേസില്‍. ബാബുവിനെതിരായ ദ്രുത പരിേശാധനാ റിപ്പോര്‍ട്ട് സമര്‍പ്പണത്തിന് ഒരു മാസത്തെ അവധി കൂടി ചോദിച്ച വിജിലന്‍സിന് ഇന്നലെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ നിന്നേറ്റ രൂക്ഷമായ വിമര്‍ശങ്ങളാണ് ബാബുവിനെ രാജിക്ക് നിര്‍ബന്ധിതനാക്കിയത്. ദ്രുത പരിേശധനാ റിപ്പോര്‍ട്ടല്ല അന്വേഷണ റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കേണ്ടതാണെന്നായിരുന്നു ഇതിന് കോടതിയുടെ പ്രതികരണം. മാത്രമല്ല, അന്വേഷണം കോടതിയുടെ നേതൃത്വത്തിലായിരിക്കണമെന്നും ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കണമെന്നും കോടതി നിര്‍ദേശിക്കുകയുണ്ടായി. കൂടുതല്‍ സമയം ചോദിച്ച വിജിലന്‍സ് വക്കീലിനോട് ഒരു മാസമല്ല നൂറുമാസം തരാമെന്ന് പരിഹാസ രൂപേണ പറഞ്ഞ കോടതി ഇത്രയും ദിവസങ്ങള്‍ നിങ്ങള്‍ എന്തെടുക്കുകയായിരുന്നുവെന്നും ചോദിക്കുകയുമുണ്ടായി. വിജിലന്‍സിനേറ്റ ഈ കടുത്ത പ്രഹരം യഥാര്‍ഥത്തില്‍ ബാബുവിനെതിരായ പ്രഹരം കൂടിയായിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം ഇന്നലെ ഉച്ചക്ക് ശേഷം കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ രാജി പ്രഖ്യാപിച്ചത്. രാജിക്കത്ത് ഇന്നലെ തന്നെ മുഖ്യമന്ത്രിക്ക് കെമാറുകയും ചെയ്തു.
താന്‍ ഗൂഢാലോചനയുടെ ഇരയാണെന്നും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എം എല്‍ എ ശിവന്‍കുട്ടിയുടെ വീട്ടില്‍ വെച്ച് കോടിയേരി ബാലകൃഷ്‌ന്റെ സാന്നിധ്യത്തിലാണ് ബാറുടമകള്‍ തന്നെ കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തിയതെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ആരോപിക്കുകയുണ്ടായി. എന്നാല്‍ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച ബാര്‍ ഉടമ ബിജു രമേഷ് ഇക്കാര്യം ശക്തിയായി നിഷേധിച്ചു. അങ്ങനെ ഒരു ഗൂഢാലോചന നടന്നിട്ടില്ലെന്നും കോടതി പരാമര്‍ശത്തില്‍ പുറത്തു പോകേണ്ടി വന്നതിലുള്ള ജാള്യമാണ് ബാബുവിന്റെ ഈ ആരോപണത്തിന് പിന്നിലെന്നുമാണ് ബിജുവിന്റെ വിലയിരുത്തല്‍. ബാര്‍ ലൈസന്‍സ് പുതുക്കുന്നതിന് ബാറുടമകളില്‍ നിന്ന് ഒരു കോടി കോഴ വാങ്ങിയെന്നാണ് ബാബുവിനെതിരെ ഉയര്‍ന്ന ആരോപണം. എന്നാല്‍ മാണിക്കെതിരെയുള്ള ആരോപണത്തിന് നല്‍കിയ പ്രാധാന്യവും ഗൗരവവും ബാബുവിനെതിരായ ആരോപണത്തിന് മാധ്യമങ്ങളും സര്‍ക്കാറും തുടക്കത്തില്‍ നല്‍കിയിരുന്നില്ല. മാത്രമല്ല ബാബുവിനെ പരമാവധി സംക്ഷിക്കാനും ഭരണവൃത്തങ്ങള്‍ ശ്രമിച്ചു. മാണിക്ക് ഒരു നീതിയും ബാബുവിന് മറ്റൊരു നീതിയുമെന്ന കേരള കോണ്‍ഗ്രസിന്റെ വിമര്‍ശത്തിന് ഇതിടയാക്കുകയും ചെയ്തിരുന്നു. ബിജുരമേശ് ഉള്‍പ്പെടെയുള്ള ബാര്‍ ഉടമകളും ആദ്യ ഘട്ടത്തില്‍ മാണിയെയാണ് കൂടുതല്‍ കടന്നാക്രമിച്ചത്. മാണി രാജിവെച്ചതിന് പിന്നാലെയാണ് ബാബുവിനെതിരെ അവര്‍ ശക്തിയായി രംഗത്ത് വരുന്നത്.
മാണി രാജി സമര്‍പ്പിച്ചതിന്റെ തൊട്ടടുത്ത ദിവസം ബിജു നടത്തിയ പത്രസമ്മേളനത്തില്‍ ബാര്‍ ലൈസന്‍സ് പുതുക്കുന്നതിന് ബാബുവിന് ഒരു കോടി രൂപ നല്‍കിയ ആരോപണം ആവര്‍ത്തിക്കുകയും ഇതിന് മതിയായ തെളിവ് സമര്‍പ്പിക്കാമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പ്രീ ബജറ്റ് ചര്‍ച്ചയുടെ ഭാഗമായി ബാറുടമകള്‍ ബാബുവിന്റെ വീട്ടിലെത്തിയ ഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ പുറത്തു പോയ തക്കത്തിലായിരുന്നു ബാബു ഈ ആവശ്യമുന്നയിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ഇതേക്കുറിച്ചു അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വിജിലന്‍സിന് കത്ത് നല്‍കുകയും ചെയ്തതോടെ അന്വേഷണത്തിന് വിജിലന്‍സ് നിര്‍ബന്ധിതമാകുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് എസ് പി നടത്തിയെന്നവകാശപ്പെടുന്ന ദ്രുതപരിശോധനക്കൊടുവില്‍ ബാബുവിനെതിരെ ഒരു തെളിവും കണ്ടെത്താനായില്ലെന്നും ബിജു രമേശിന്റെ ആരോപണം മുഖവിലക്കെടുക്കാകുന്നതല്ലെന്നുമുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. ബാബുവിനെ കുറ്റമുക്തനാക്കുന്ന ഈ റിപ്പോര്‍ട്ടിന് പിന്നാലെ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഒരു പൊതുതാത്പര്യ ഹരജിയുടെ പരിഗണനാ വേളയിലാണിപ്പോള്‍ ബാബുവിന്റെ രാജിയിലേക്ക് കാര്യങ്ങളെത്തിച്ച രൂക്ഷമായ പരാമര്‍ശങ്ങളുണ്ടായത്.
ബാബുവിനെ പ്രതിക്കൂട്ടിലേക്ക് കയറ്റി നിര്‍ത്തുന്നതിനൊപ്പം വിജിലന്‍സിന്റെ പിടിപ്പുകേടിലേക്കും കൊള്ളരുതായ്മയിലേക്ക് കൂടി വിരല്‍ ചൂണ്ടുന്നതാണ് വിജിലന്‍സ് കോടതി പരാമര്‍ശങ്ങള്‍. വിജിലന്‍സിന് ആത്മാര്‍ഥതയും ഇച്ഛാശക്തിയുമില്ലാത്തതാണ് കോഴക്കേസുകളില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങാനും വേണ്ടത്ര കാര്യക്ഷതയില്ലാത്തതിനും കാരണമെന്ന് കോടതി കുറ്റപ്പെടുത്തുകയുണ്ടായി. കാര്യങ്ങള്‍ നേര്‍ വഴിക്കെെല്ലങ്കില്‍ അതിനുള്ള വഴിയെന്തെന്ന് തനിക്കറിയമാമെന്ന് വിജിലന്‍സ് ജഡ്ജി മുന്നറിയിപ്പും നല്‍കി. മറ്റൊരു കേസിന്റെ പരിഗണനാ വേളയില്‍ കഴിഞ്ഞ തിങ്കളാഴ്ച ഹൈക്കോടതി ജഡ്ജി കമാല്‍പാഷ വിജിലന്‍സിനെതിരെ നടത്തിയ പരാമര്‍ശങ്ങളും സമാനമായിരുന്നു. അഴിമതിക്കേസുകളില്‍ വിജിലന്‍സ് അന്വേഷണങ്ങള്‍ ഈ നിലയില്‍ തുടര്‍ന്നാല്‍ അന്വഷണത്തിന് മറ്റു സംവിധാനങ്ങളെ ആശ്രയിക്കുകയോ, വേറെ ഏജന്‍സികള്‍ക്ക് വിടുകയോ ചെയ്യേണ്ടി വരുമെന്നായിരുന്നു കമാല്‍ പാഷയുടെ നിരീക്ഷണം. കേരളത്തില്‍ വിജിലന്‍സ് സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് വരെ ചോദിക്കുകയുണ്ടായി അദ്ദേഹം. മാണിക്കെതിരായ കേസിന്റെ പരിഗണനാ വേളയിലും ഹൈക്കോടതി തത്തുല്യ പരാമര്‍ശം നടത്തിയിരുന്നു. ഡയറക്ടര്‍ സ്ഥാനത്തേക്ക് യോഗ്യത മറികടന്നു ഈയിടെ നടത്തിയ നിയമനവും വിജിലന്‍സിന്റെ വിശ്വാസ്യതക്ക് മങ്ങലേല്‍പ്പിക്കുകയുണ്ടായി. ഈ സാഹചര്യത്തില്‍ ഉടച്ചു വാര്‍ത്തും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് പരമാവധി മുക്തമാക്കിയും വിജിലന്‍സിന്റെ വിശ്വാസ്യത വീണ്ടെടുക്കാന്‍ സമഗ്ര നടപടികള്‍ ആവശ്യമാണ്.