Connect with us

Kerala

പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യ ഹരജി വാദത്തിനായി മാറ്റി

Published

|

Last Updated

തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ 25ാം പ്രതിയാക്കപ്പെട്ടതിനെ തുടര്‍ന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജി തലശ്ശേരി ജില്ലാ കോടതി വാദത്തിനായി മാറ്റി. ഈ മാസം 28ലേക്കാണ് ഹരജി മാറ്റിയത്. അന്ന് കോടതിയിലെത്താന്‍ സി ബി ഐ ഉദ്യോഗസ്ഥര്‍ക്ക് ജഡ്ജി വി ജി അനില്‍കുമാര്‍ ഉത്തരവ് നല്‍കി. സി ബി ഐയുടെ കേസ് ഡയറി കോടതി മുമ്പാകെ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ജയരാജന് വേണ്ടി ഹാജരായി അഡ്വ. കെ വിശ്വന്‍ അപേക്ഷിച്ചു. വധഗൂഢാലോചനാ കുറ്റമാണ് മനോജ് കേസില്‍ ജയരാജനെതിരെ ചുമത്തിയത്. യു എ പി 14, 15, 18, 19, എ 14, 15, 18, 19 വകുപ്പും ചേര്‍ത്താണ് പ്രതിയാക്കിയിയത്. ഇത് മൂന്നാം തവണയാണ് ജയരാജന്‍ തലശ്ശേരി കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കുന്നത്. നേരത്തെ രണ്ട് തവണയും ജയരാജന്റെ ഹരജി കോടതി അനുവദിച്ചിരുന്നില്ല.
യു എ പി എ യിലെ ഏറ്റവും ശക്തമായ വകുപ്പാണ് ജയരാജനെതിരെ സി ബി ഐ ചുമത്തിയിട്ടുള്ളത്. യു എ പി എ 19 എല്‍ പറയുന്നത് തീവ്രവാദസ്വഭാവമുള്ള കേസിലെ പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചുവെന്നതാണ്. ഇത് തെളിയിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവിന് വ്യവസ്ഥയുണ്ട്. സി പി എം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി ഐ മധുസൂദനന്റെ പേരിലും യു എ പി എ കുറ്റം ചുമത്തിയിരുന്നു. മനോജ് കേസില്‍ 20 ാം പ്രതിയായ മധുസൂദനനന്‍ ഇപ്പോള്‍ ജാമ്യത്തിലാണുള്ളത്. മധുസൂദനനന്റെ ജാമ്യഹരജി വിചാരണക്കെത്തിയപ്പോള്‍ യു എ പി എ പ്രകാരമുള്ള കുറ്റം ചെയ്തതായി സ്ഥാപിക്കാന്‍ സി ബി ഐക്ക് പറ്റിയിരുന്നില്ല. ഇതേ സാഹചര്യം ജയരാജന്റെ കാര്യത്തിലും സംഭവിച്ചാല്‍ സി പി എം ജില്ലാ സെക്രട്ടറിക്ക് തലശ്ശേരി കോടതി വഴി ജാമ്യം ലഭിച്ചേക്കും. പ്രതിഭാഗത്തിനുള്ള ഏക പ്രതീക്ഷയും ഇതാണ്. അതിനിടെ, അറസ്റ്റ് തയ്യാറെടുപ്പിന്റെ ഭാഗമായി പി ജയരാജനെ ഇപ്പോള്‍ ചികിത്സിക്കുന്ന ഡോക്ടറില്‍ നിന്ന് റിപ്പോര്‍ട്ട് തേടാന്‍ സി ബി ഐ നീക്കം തുടങ്ങിയതായി വിവരമുണ്ട്.

Latest