Connect with us

Kerala

പടിയിറങ്ങിയത് മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍

Published

|

Last Updated

തിരുവനന്തപുരം: മന്ത്രിസഭയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും അടുത്ത വിശ്വസ്തനായിരുന്നു രാജിവെച്ച കെ ബാബു. അതിനാല്‍ത്തന്നെ ബാബുവിന്റെ രാജിയില്‍ ഏറ്റവും വലിയ തിരിച്ചടിയും മുഖ്യമന്ത്രിക്ക് തന്നെ. ആര്യാടന്‍ മുഹമ്മദും കെ സി ജോസഫും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ ബാബുവുമായിരുന്നു മന്ത്രിസഭയിലെ എ ഗ്രൂപ്പുകാര്‍. ഇതില്‍ കെ സി ജോസഫിനൊപ്പം മുഖ്യമന്ത്രിയോട് ഏറ്റവും അടുത്ത് നിന്നത് ബാബുവാണ്. നിര്‍ണായക ചുമതലകള്‍ പലതും മുഖ്യമന്ത്രി വിശ്വസിച്ച് ഏല്‍പ്പിച്ചതും ബാബുവിനെ തന്നെ.
അധികാരമേല്‍ക്കും മുമ്പ് മന്ത്രിസഭാരൂപവത്കരണ ചര്‍ച്ചകള്‍ തുടങ്ങിയപ്പോഴേ പട്ടികയില്‍ ഇടംപിടിച്ചിരുന്നു ബാബു. സ്ഥാനമോഹികള്‍ മുഖ്യമന്ത്രിക്ക് ചുറ്റും വട്ടംകൂടിയപ്പോള്‍ പദവി ഉറപ്പിച്ച ബാബു ചര്‍ച്ചകളില്‍ നിന്ന് ഒഴിഞ്ഞുനിന്നു. വകുപ്പ് വിഭജനം നടത്തിയപ്പോള്‍ പ്രധാനപ്പെട്ട എക്‌സൈസ് വകുപ്പ് മുഖ്യമന്ത്രി ഏല്‍പ്പിച്ചതും ബാബുവിനെ തന്നെ. തനിക്ക് കിട്ടിയ വകുപ്പ് എക്‌സൈസ് ആണെന്ന് അറിഞ്ഞ ബാബു കന്റോണ്‍മെന്റ് ഹൗസിലെത്തി ഉമ്മന്‍ ചാണ്ടിയെ കണ്ട് ഈ വകുപ്പില്‍ നിന്ന് മാറാന്‍ ആഗ്രഹിച്ചതാണ്. ഒടുവില്‍ ഉമ്മന്‍ ചാണ്ടിയുടെ സ്‌നേഹപൂര്‍വമുള്ള നിര്‍ബന്ധത്തിന് വഴങ്ങിയാണ് എക്‌സൈസും തുറമുഖവും ബാബു ഏറ്റെടുക്കുന്നതും. മുഖ്യമന്ത്രി കൈവശം വെച്ച ഫീഷറീസ് വകുപ്പ് കൂടി പിന്നീട് അദ്ദേഹത്തെ ഏല്‍പ്പിച്ചു. സര്‍ക്കാറിന്റെ നിര്‍ണായകമായ പല പദ്ധതികളുടെയും നടത്തിപ്പും ബാബുവിന്റെ നേതൃത്വത്തിലായിരുന്നു. വിഴിഞ്ഞം പദ്ധതിയും കണ്ണൂര്‍ വിമാനത്താവളവുമാണ് ഇതില്‍ പ്രധാനം. വിഴിഞ്ഞം പദ്ധതിയുടെ കുരുക്കഴിച്ച് അദാനി ഗ്രൂപ്പിന് നടത്തിപ്പ് ചുമതല നല്‍കുന്ന ചര്‍ച്ചകള്‍ക്കെല്ലാം നേതൃത്വം നല്‍കിയത് ബാബുവായിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ കാര്യവും അങ്ങനെ തന്നെ. എന്നാല്‍, കണ്ണൂരില്‍ വിമാനം ഇറങ്ങും മുമ്പ് ബാബുവിന് പദവി ഒഴിയേണ്ടിവന്നു.
സോളാര്‍ കേസ് ഉള്‍പ്പെടെ മുഖ്യമന്ത്രി പ്രതികൂട്ടില്‍ നിന്ന ഘട്ടങ്ങളില്‍ അദ്ദേഹത്തിന് പ്രതിരോധത്തിന്റെ ഇരുമ്പ് മറ തീര്‍ത്തിരുന്നതും ബാബുവിന്റെ നേതൃത്വത്തിലായിരുന്നു. ബാര്‍ കോഴയില്‍ സമാന സാഹചര്യം നേരിട്ടപ്പോള്‍ മുഖ്യമന്ത്രിയും തിരിച്ച് സംരക്ഷണ കവചം ഒരുക്കി.
എല്ലാ പ്രതിരോധങ്ങളെയും തകര്‍ത്ത് വിജിലന്‍സ് കോടതി പ്രഹരിച്ചതോടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് തന്റെ വിശ്വസ്തനെയാണ് മന്ത്രിസഭയില്‍ നിന്ന് നഷ്ടപ്പെട്ടിരിക്കുന്നത്.

Latest