അപ്രതീക്ഷിത രാജി, വലിയ ആഘാതം

Posted on: January 24, 2016 12:14 am | Last updated: January 24, 2016 at 10:05 am
SHARE

k babuതിരുവനന്തപുരം: സര്‍ക്കാറിന്റെ കാലാവധി തീരാന്‍ മൂന്ന് മാസം ശേഷിക്കെ ബാര്‍ കോഴ ആരോപണത്തിലെ രണ്ടാമത്തെ രാജി സര്‍ക്കാറിലും മുന്നണിക്കും സൃഷ്ടിക്കുന്നത് കനത്ത ആഘാതം. ഭരണത്തുടര്‍ച്ചയെന്ന വലിയ ലക്ഷ്യം മുന്നില്‍ക്കണ്ട് നീങ്ങുന്ന വേളയിലെ അപ്രതീക്ഷിത തിരിച്ചടിയാണ് കെ ബാബുവിന്റെ രാജിയിലൂടെ സംഭവിച്ചത്.
കെ എം മാണിയുടെ കാര്യത്തിലുണ്ടായത് ബാബുവില്‍ സംഭവിക്കരുതെന്ന് ഉറച്ച നിലപാടെടുത്ത് അന്വേഷണത്തില്‍ കരുതലോടെ നീങ്ങിയ ആഭ്യന്തര വകുപ്പിന് കോടതിയില്‍ നിന്ന് ലഭിച്ചത് കനത്ത പ്രഹരമാണ്.
കെ ബാബുവിന് പത്ത് കോടി രൂപ നല്‍കിയെന്നായിരുന്നു ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് കോടതിയില്‍ നല്‍കിയ രഹസ്യ മൊഴി. വിജിലന്‍സ് ഡി വൈ എസ് പി രമേശന് നല്‍കിയ മൊഴിയിലും ഇത് ആവര്‍ത്തിച്ചു. ആദ്യ ഘട്ടത്തില്‍ ക്വിക്ക് വെരിഫിക്കേഷന്‍ പോലും നടക്കാതെപോയതിന്റെ കാരണവും ഇതുതന്നെ. ലളിത കുമാരി കേസിലെ സുപ്രീം കോടതി വിധി അടിസ്ഥാനമാക്കി ക്വിക്ക് വെരിഫിക്കേഷന് ശേഷം കെ എം മാണിക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യം ബാബുവിന്റെ കാര്യത്തില്‍ ഉണ്ടാകാതിരുന്നതും ഇത് കൊണ്ടായിരുന്നു. പ്രതിപക്ഷവും മാണി കോണ്‍ഗ്രസും ഇക്കാര്യം ചൂണ്ടിക്കാണിച്ചെങ്കിലും, വ്യത്യസ്ത സാഹചര്യമാണെന്ന് പറഞ്ഞ് ക്വിക്ക് വെരിഫിക്കേഷന്‍ പോലുമുണ്ടായില്ല. മാണിയുടെ രാജിക്ക് ശേഷവും കേരളാ കോണ്‍ഗ്രസ് ഇക്കാര്യം ചൂണ്ടിക്കാണിച്ചെങ്കിലും പിന്നീട് അവരും ഉള്‍വലിഞ്ഞു.
രാജി സര്‍ക്കാറിലും പാര്‍ട്ടിയിലും സൃഷ്ടിക്കുന്ന ആഘാതവും ചെറുതല്ല. അഴിമതി കേസില്‍പ്പെട്ടാണ് മാസങ്ങളുടെ ഇടവേളിയില്‍ രണ്ട് പ്രമുഖര്‍ പുറത്താകുന്നത്. ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് തുടര്‍ ഭരണം ലക്ഷ്യമിട്ട് പാര്‍ട്ടി അധ്യക്ഷന്‍ വി എം സുധീരന്‍ നയിക്കുന്ന കേരള രക്ഷാ മാര്‍ച്ച് പര്യടനം തുടരുകയാണ്. മുസ്‌ലിം ലീഗിന്റെ കേരളയാത്ര ഇന്ന് തുടങ്ങുന്നു. ഈ രാഷ്ട്രീയ പരിസരത്താണ് ഒരു മന്ത്രി രാജിവെക്കുന്നത്. രാജിയില്‍ കാര്യങ്ങള്‍ തീരുന്നില്ലെന്നതാണ് മറ്റൊരു പ്രതിസന്ധി. ബാബുവിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയാണ്. അന്വേഷണം ഇനി കോടതിയുടെ മേല്‍നോട്ടത്തിലാണ്. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണത്തിന്റെ ദിശ എങ്ങോട്ടെല്ലാം നീങ്ങുമെന്നത് നിര്‍ണായകമാണ്.
ബാര്‍ കോഴയും തുടര്‍ സംഭവങ്ങളും പ്രതിപക്ഷം രാഷ്ട്രീയായുധമാക്കുമെന്നുറപ്പാണ്. അഞ്ചിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനം ബാര്‍ കോഴയില്‍ കിടന്നുകറങ്ങും. കെ എം മാണിയുടെ കാര്യത്തിലും വിജിലന്‍സ് ക്ലീന്‍ചിറ്റ് നല്‍കി റിപ്പോര്‍ട്ട് തയ്യാറാക്കിയെങ്കിലും കോടതി ഇനിയും അംഗീകരിച്ചിട്ടില്ല. ഫെബ്രുവരി 16നാണ് കേസ് പരിഗണിക്കാനിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here