വട്ടപ്പാട്ടിനൊപ്പം വട്ടംചുറ്റി ബഷീര്‍

Posted on: January 24, 2016 4:02 am | Last updated: January 24, 2016 at 3:52 pm

ramesh peelikode storyതിരുവനന്തപുരം: മാപ്പിളകലകളുടെ പ്രചാരണത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ബഷീര്‍ പുറക്കാടിന് കലാപ്രവര്‍ത്തനം ജീവിത സപര്യയാണ്. തനിമ ഒട്ടും ചോര്‍ന്നുപോകാതെ മാപ്പിളകലകളെ കൂടുതല്‍ ജനകീയമാക്കുന്നതിനുള്ള ഇടപെടലുകളാണ് കഴിഞ്ഞ 25 വര്‍ഷമായി കലകളുടെ ഈ തോഴന്‍ നടത്തിവരുന്നത്.
ഇരുപതാമത്തെ വയസ്സില്‍ തുടങ്ങിയതാണ് ബഷീറിന്റെ കലാപ്രവര്‍ത്തനം. ഈ കലാകാരന്റെ ശിഷ്യത്വം സ്വീകരിച്ച് കലാരംഗത്ത് പ്രതിഭകളായി ഉയര്‍ന്നവര്‍ നിരവധി. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വട്ടപ്പാട്ട് മത്സരത്തില്‍ പങ്കെടുക്കാനെത്തിയ കോഴിക്കോട് സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീമിന്റെ മുഖ്യപരിശീലകനാണ് ഇദ്ദേഹം.
സ്‌കൂള്‍ കലോത്സവങ്ങളില്‍ വട്ടപ്പാട്ടില്‍ ബഷീര്‍ മാസ്റ്റര്‍ പരിശീലനം നല്‍കുന്നത് തികച്ചും വ്യത്യസ്തമായ രീതിയിലാണ്. ഒരു വര്‍ഷം അവതരിപ്പിച്ച വരികള്‍ അടുത്ത വര്‍ഷം അവതരിപ്പിക്കുകയില്ല. ഗുരുക്കന്മാരില്‍ നിന്ന് പുതിയ വരികള്‍ പഠിച്ച ശേഷം അതിന് ഈണം നല്‍കുകയാണ് ബഷീര്‍ മാസ്റ്ററുടെ രീതി.
കോഴിക്കോട്ടെ ഹസന്‍ നെടിയനാട്, മൊയ്തുമാസ്റ്റര്‍ വാണിമേല്‍, മലപ്പുറത്തെ ഒ എം കരുവാരക്കുണ്ട് എന്നിവരാണ് വട്ടപ്പാട്ടിന്റെ പുതിയ വരികള്‍ പകര്‍ന്നുകൊടുക്കുന്നത്.
പ്രവാചകന്റെ കല്യാണമാണ് വട്ടപ്പാട്ടിന്റെ ഇതിവൃത്തം. വഴിനീളം, അഭിമുഖം, വിരുത്തം, കല്യാണപ്പാട്ട്, സീറ, ഒപ്പന ചായല്‍, ചായല്‍ മുറുക്കം, വെറ്റിലപ്പാട്ട് എന്നിങ്ങനെ ക്രമാനുഗതമായി മുന്നേറുന്ന വട്ടപ്പാട്ട് അവസാനിക്കുന്നത് മംഗള സ്തുതിയോടെയാണ്. മുന്‍കാലങ്ങളില്‍ ആണ്‍കുട്ടികളുടെ ഒപ്പനയായി അവതരിപ്പിച്ചുവന്നിരുന്ന കലയാണ് ഇപ്പോള്‍ വട്ടപ്പാട്ടായി അറിയപ്പെടുന്നത്.
ഇതോടൊപ്പം മറ്റു മാപ്പിളകലകളായ ദഫ്മുട്ട്, അറബനമുട്ട്, കോല്‍ക്കളി, മാപ്പിളപ്പാട്ട് എന്നിവയിലും ബഷീര്‍ മാസ്റ്റര്‍ പരിശീലനം നല്‍കി വരുന്നു. കലാരംഗത്തെ സേവനങ്ങള്‍ കണക്കിലെടുത്ത് വിവിധ സംഘടനകള്‍ അദ്ദേഹത്തെ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. പ്രശസ്ത സംഗീത സംവിധായകനായിരുന്ന ഛാന്ദ്പാഷയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പുരസ്‌കാരം ഉള്‍പ്പെടെ പത്തോളം പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മാപ്പിളകലകളില്‍ പുതിയ തലമുറയിലെ കുട്ടികള്‍ക്ക് ശോഭനമായ ഭാവിയാണുള്ളതെന്ന് തെളിയിക്കുന്നതാണ് കലോത്സവ വേദിയില്‍ നടക്കുന്ന മത്സരങ്ങളെന്ന് ബഷീര്‍ പുറക്കാട് പറയുന്നു.
മാപ്പിളകലകളുടെ വികാസത്തിന് സര്‍ക്കാര്‍ വിവിധങ്ങളായ പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. കൊണ്ടോട്ടി ആസ്ഥാനമായി മഹാകവി മോയീന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിള കലാ അക്കാദമി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. സാംസ്‌കാരിക വകുപ്പിന് കീഴിലാണ് ഇത് പ്രവര്‍ത്തിച്ച് വരുന്നത്.
15 വയസ്സ് മുതല്‍ 45 വയസ്സ് വരെയുള്ളവര്‍ക്ക് എല്ലാ വര്‍ഷവും മെയ് മാസം മാപ്പിളകലകളില്‍ പരിശീലനം നല്‍കുകയാണ് സ്ഥാപനം ചെയ്യുന്നത്.