തിരുവനന്തപുരം: പൂജപ്പുര മൈതാനിയില്‍ നടന്ന ഹൈസ്‌കൂള്‍ വിഭാഗം വട്ടപ്പാട്ട് മത്സരത്തില്‍ സ്റ്റേജ് വില്ലനായി. പലകകള്‍ പാകി നിര്‍മിച്ച സ്റ്റേജിന്റെ ബലക്ഷയവും ഇളക്കവുമാണ് മത്സരാര്‍ഥികളെ വലച്ചത്. ഇത് സംബന്ധിച്ച് അധ്യാപകരില്‍ നിന്ന് തന്നെ പരാതികള്‍ ഉയര്‍ന്നു. മത്സര വേദി സന്ദര്‍ശിക്കാനെത്തിയ ഡി പി ഐ. എം എസ് ജയയോട് സംഘാടകര്‍ ഇതേക്കുറിച്ച് പരാതിപ്പെട്ടു. സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു ആദ്യം വട്ടപ്പാട്ട് മത്സരം നടത്താന്‍ നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് വേദി പൂജപ്പുര മൈതാനിയിലേക്ക് മാറ്റുകയായിരുന്നു. ഹൈസ്‌കൂള്‍ വിഭാഗം വട്ടപ്പാട്ട് മത്സരത്തില്‍ 28 ടീമുകളാണ് മത്സരിച്ചത്. ഇതില്‍ 14 പേരും അപ്പീല്‍ വഴിയാണ് എത്തിയത്. മത്സരത്തില്‍ പങ്കെടുത്ത ഭൂരിഭാഗം ടീമുകളും മെച്ചപ്പെട്ട നിലവാരം പുലര്‍ത്തിയെന്നാണ് വിധികര്‍ത്താക്കളുടെ വിലയിരുത്തല്‍. ഇക്ബാല്‍ കോപ്പിലന്‍, പക്കര്‍ പന്നൂര്‍, എം സബാഹ് എന്നിവരാണ് വിധികര്‍ത്താക്കളായെത്തിയത്. പ്രവാചകന്റെ മഹത്വങ്ങള്‍ വാഴ്ത്തിക്കൊണ്ടുള്ള ഗാനങ്ങളാണ് അവതരിപ്പിച്ചത്.