Connect with us

Gulf

ലോക വ്യോമ ഹബ്ബാകാന്‍ ഖത്വര്‍ എയര്‍വേയ്‌സ് നിക്ഷേപം

Published

|

Last Updated

ദോഹ: ഈ വര്‍ഷം കൂടുതല്‍ വിദേശ വിമാനങ്ങളില്‍ കൂടുതല്‍ നിക്ഷേപമിറക്കാന്‍ ഉദ്ദേശിക്കുന്നതായി ഖത്വര്‍ എയര്‍വേയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍. ബഹ്‌റൈന്‍ എയര്‍ഷോയുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്വറിനെ ലോക വ്യോമ ഹബ്ബാക്കി മാറ്റുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഖത്വര്‍ എയര്‍വേയ്‌സ് നിക്ഷേപവികസനമെന്ന് ബിസിനസ് വൃത്തങ്ങള്‍ നിരീക്ഷിച്ചു. ഗള്‍ഫിലെ രണ്ടാമത്തെ വലിയ വിമാന കമ്പനിയായ ഖത്വര്‍ എയര്‍വേയ്‌സ് രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ സാധ്യതകള്‍ കൂടി കണക്കിലെടുത്താണ് വികസനം ലക്ഷ്യം വെക്കുന്നത്. ലോകത്തെ വിവിധ രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് നടത്തുന്നതിനുള്ള ഹബ്ബ് ആയി പ്രവര്‍ത്തിക്കാന്‍ ഖത്വറിനു സാധിക്കും. ഏഷ്യ, യൂറോപ്പ്, അമേരിക്കന്‍ ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്നതിന് ഖത്വറിന് എളുപ്പമാണ്. നിരവധി വിമാന കമ്പനികളെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും ഏറ്റവും സുരക്ഷിതമായ കമ്പകളില്‍ നിക്ഷേപിക്കുമെന്നും സുരക്ഷിതത്വം എന്നാല്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നു എന്നതല്ലെന്നും അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ബ്രിട്ടീഷ് എയര്‍വേയ്‌സ് കമ്പനിയില്‍ ഖത്വര്‍ എയര്‍വേയ്‌സ് 10 ശതമാനം ഓഹരി നിക്ഷേപം നടത്തിയിരുന്നു. ഗള്‍ഫിലെ മറ്റു ചില വിമാനങ്ങള്‍ വിദേശ വിമാനങ്ങളില്‍ നിക്ഷേപം നടത്തി വികസനം നേടിക്കൊണ്ടിരിക്കുന്ന സാഹചരത്തിലാണ് വിദേശ വിമാനങ്ങളില്‍ കൂടുതല്‍ നിക്ഷേപമിറക്കാന്‍ ഖത്വര്‍ എയര്‍വേയ്‌സ് സന്നദ്ധമാകുന്നതെന്ന് ബിസിനസ് മാധ്യമങ്ങള്‍ നിരീക്ഷിച്ചു.
അതേസമയം, അമേരിക്കയിലെയും ഏതാനും യൂറോപ്യന്‍ രാജ്യങ്ങളിലെയും വിമാനകമ്പനികള്‍ ഖത്വര്‍ എയര്‍വേയ്‌സിന്റെ വികസനത്തിനു തടസ്സം നില്‍ക്കുന്നതായി ഗള്‍ഫ്‌ന്യൂസ് നിരീക്ഷിച്ചു. “വണ്‍വേള്‍ഡ്” ഔദ്യോഗിക ബന്ധമാണ് ഈ തടസം. തങ്ങളുടെ വികസനത്തിനു വിലങ്ങാവുകയാണെങ്കില്‍ വണ്‍വേള്‍ഡ് ബന്ധം ഉപേക്ഷിക്കുമെന്ന് കഴിഞ്ഞ ദിവസം അക്ബര്‍ അല്‍ ബാകിര്‍ അമേരിക്കയില്‍ പ്രസ്താവിച്ചിരുന്നു.
ഇന്ത്യന്‍ സ്വകാര്യ വിമാനമായി ഇന്‍ഡിഗോയില്‍ ഖത്വര്‍ എര്‍വേയ്‌സ് നിക്ഷേപം നടത്തുന്നതായി നേരത്തേ വാര്‍ത്തയുണ്ടായിരുന്നു. തങ്ങള്‍ ശ്രമിച്ചു വരികയാണെന്ന് ദുബൈ എയര്‍ഷോയില്‍ അക്ബര്‍ അല്‍ ബാകിര്‍ അറിയിച്ചിരുന്നു. എന്നാല്‍ പുരോഗതിയുണ്ടായിട്ടില്ലെന്നാണ് വിവരം. അതേസമയം, ഗള്‍ഫ് വിമാനങ്ങളുമായി സംയോജിപ്പിക്കാനുള്ള സാധ്യതയെ അക്ബര്‍ അല്‍ ബാകിര്‍ തള്ളി. ലോകത്ത് വിമാനക്കമ്പനികള്‍ ലയിക്കുന്നത് പതിവായ സാഹചര്യത്തില്‍ ഉയര്‍ന്ന ചോദ്യത്തോട് പ്രതികരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കുറഞ്ഞ ഭൂപ്രദേശത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഗള്‍ഫിലെ പ്രധാന വിമാന കമ്പനികളായ ഖത്വര്‍ എയര്‍വേയ്‌സ്, ഇത്തിഹാദ്, എമിറേറ്റ്‌സ് എന്നിവ സംയോജിക്കുന്നത് സംബന്ധിച്ച് എയര്‍ലൈന്‍ വിദഗ്ധര്‍ സൂചനപ്രകടിപ്പിച്ചിരുന്നു. അമേരിക്കയിലെ വിമാന കമ്പനികള്‍ ലയിച്ചത് കൂടുതല്‍ ലാഭം നേടിയെടുക്കുന്നതിന് വഴിവെച്ചതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് ഇത് നല്ല ഫലമല്ല ഉണ്ടാക്കുകയെന്നാണ് ഖത്വര്‍ എയര്‍വേയ്‌സ് സി ഇ ഒയുടെ അഭിപ്രായം.

Latest