Connect with us

Gulf

കൃഷിക്ക് മണ്ണ് ആവശ്യമില്ല!

Published

|

Last Updated

ഫലഭൂയിഷ്ഠതയുള്ള മണ്ണ് കര്‍ഷകന്റെ കണ്ണുകളെ മയക്കുന്നതാണ്. മികച്ച വിളവ് പ്രതീക്ഷിക്കുന്നവര്‍ ആരോഗ്യമുള്ള മണ്ണ് തേടുക സ്വാഭാവികം. എന്നാല്‍ വളക്കൂറുള്ള മണ്ണ് ഇല്ലാത്തയിടങ്ങളില്‍ എങ്ങനെ മികച്ച വിളവ് നേടാം എന്നോര്‍ത്ത് വിഷണ്ണരാകേണ്ടതില്ല. മണ്ണില്ലാതെ നൂറുമേനിവിളവ് നേടിത്തരുന്ന വിദ്യ ഖത്വറില്‍ പരിചയപ്പെടുത്തുകയാണ് ഹസ്സാദ് ഫുഡ് കമ്പനി. മണ്ണ് വേണ്ട എന്ന് മാത്രമല്ല, ഈ കൃഷിരീതിക്ക് വെള്ളവും വളരെ കുറച്ച് മതി. സ്‌പെയ്‌നിലെ പ്രിമലോര്‍ ഗ്രൂപ്പിന്റെ കണ്‍സോര്‍ഷ്യമായ ഒയാസിസ് ആഗ്രോടെക്‌നോളജിയുമായി ചേര്‍ന്ന് അല്‍ ശഹാനിയ്യയിലെ ഫാമില്‍ ഈ രീതി ഉപയോഗിച്ച് ഹസ്സാദ് ഫുഡ് തക്കാളി വിജയകരമായി വിളയിച്ചു. ഖത്വറിന്റെ വരണ്ട ചൂടന്‍ കാലാവസ്ഥക്ക് അനുയോജ്യമായ രീതിയിലാണ് സംവിധാനം ഒരുക്കിയത്. മണ്ണോ മറ്റ് ഘടകങ്ങളോ ഉപയോഗിക്കാതെ ഡ്രൈ എയര്‍ കൂളിംഗ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ന്യൂ ഗ്രോവിംഗ് ടെക്‌നോളജി അടിസ്ഥാനമാക്കിയാണ് ഈ കൃഷിരീതി. വെള്ളവും ഉപയോഗിക്കുകയില്ല. അതിനാല്‍ തീരെ ഈര്‍പ്പം ഉണ്ടാവില്ല. ലോകത്തെ ഏറ്റവും മുന്തിയ ഹൈഡ്രോപോണിക് സംവിധാനമാണിത്. 2023ഓടെ 50 മുതല്‍ 70 വരെ ശതമാനം ഭക്ഷ്യസ്വയംപര്യാപ്തത കൈവരുത്താന്‍ രാജ്യത്തെ ഈ സംവിധാനം സഹായിക്കും. യുറോപ്യന്‍ നിലവാരമനുസരിച്ച് ഓരോ ചതുരശ്രമീറ്ററിലും 37 കിലോഗ്രാമിലേറെ വിളവ് ലഭിക്കും. പഴം, പൂവ് ഉത്പാദനത്തിനും ഇത് ഉപയോഗിക്കാം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സുസ്ഥിര ഉത്പാദന മാതൃകയാണ് ഇത്. വര്‍ഷത്തിലുടനീളം കനത്ത ചൂടുകാലാവസ്ഥയിലും കൃഷി ചെയ്യാമെന്നതാണ് പ്രത്യേകത.
ഗ്രീന്‍ഹൗസുകള്‍ക്കുള്ളിലെ ഊഷ്മാവ് നിയന്ത്രിച്ച് ചെടികളുടെ വളര്‍ച്ചക്ക് സഹായിക്കുന്ന സ്മാര്‍ട്ട് സംവിധാനമാണിത്. പൊടിക്കാറ്റ്, ചൂട്, ഭൂഗര്‍ഭവെള്ളത്തിന്റെ ദൗര്‍ലഭ്യം തുടങ്ങി പുറത്തെ സാധാരണ കൃഷിരീതികള്‍ക്ക് വരുന്ന വെല്ലുവിളികള്‍ ഇതിന് ബാധകമാകില്ല. കര്‍ഷകര്‍ക്ക് ചെലവ് കുറഞ്ഞ രീതിയില്‍ ഉത്പാദനം നടത്താനും സഹായിക്കും. പ്രാദേശിക ആവശ്യം അനുസരിച്ച് വ്യത്യസ്ത ഇനങ്ങള്‍ കൃഷി ചെയ്യാനാകും. 2023ഓടെ ആയിരം ഹെക്ടറില്‍ ഈ സംവിധാനം ഉപയോഗിച്ച് കൃഷി ചെയ്യാനാണ് ഹസ്സാദ് ഫുഡിന്റെ ലക്ഷ്യം.

Latest