മിഷന്‍ 365+

Posted on: January 23, 2016 6:47 pm | Last updated: January 23, 2016 at 6:47 pm
SHARE

soilless farming 3മിതമായ വിലക്ക് ജൈവ പച്ചക്കറി ഉത്പാദിപ്പിക്കുകയെന്ന ഒരു വര്‍ഷത്തെ പദ്ധതി കഴിഞ്ഞ നവംബറില്‍ പരിസ്ഥിതി മന്ത്രാലയം വിജയകരമായി പൂര്‍ത്തിയാക്കി. ഇപ്പോള്‍ അഞ്ച് ജൈവ ഫാമുകളാണ് ഖത്വറിലുള്ളത്. അഞ്ചെണ്ണം ഉടനെ പൂര്‍ത്തിയാകുമെന്ന് മന്ത്രാലയം ദിവസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കുന്നത് ആരോഗ്യമുള്ള ഭക്ഷണസംസ്‌കാരമാണ്. മരുന്നുകളില്‍ മനുഷ്യരെ തളച്ചിടുന്നതില്‍ ജീവിതശൈലിയിലുണ്ടായ മാറ്റത്തിന് വലിയ പങ്കുണ്ട്. ഖത്വറിലെ ആറിനും 19നും ഇടയില്‍ പ്രായമുള്ള സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ 16 മുതല്‍ 22 വരെ ശതമാനം അമിതഭാരമുള്ളവരാണെന്നാണ് സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്തിന്റെ പുതിയ പഠനത്തില്‍ തെളിഞ്ഞത്. ഫാസ്റ്റ് ഫുഡും നാരുകളില്ലാത്ത കൃത്രിമ ഭക്ഷണങ്ങളും സോഫ്റ്റ് ഡ്രിങ്ക്‌സും ശരീരത്തിന് ആശ്വാസമല്ല ആഘാതമാണ് ഉണ്ടാക്കുന്നതെന്ന് തിരിച്ചറിഞ്ഞ് പ്രകൃതിയില്‍ നിന്ന് വിളവെടുക്കുന്ന പച്ചക്കറികളിലേക്കും മറ്റ് ഭക്ഷ്യസാധനങ്ങളിലേക്കും ഖത്വര്‍ ജനതയുടെയും ശ്രദ്ധ തിരിഞ്ഞിട്ടുണ്ട്. മാര്‍ക്കറ്റില്‍ ജൈവ പച്ചക്കറി തേടിയെത്തുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. അതേസമയം പ്രകൃതിവിഭവങ്ങള്‍ എങ്ങനെ ഉത്പാദിപ്പിക്കുന്നു എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. രാസവളങ്ങളും മഹാമാരി വിതക്കുന്ന കീടനാശിനികളും തളിച്ച് തീന്‍മേശയിലേക്കെത്തുന്ന വിവിധ വര്‍ണങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും ‘ദേഹോപദ്രവം’ ഏല്‍പ്പിക്കുന്നവയാണ്. ഈ പശ്ചാത്തലത്തിലാണ് ജൈവ പച്ചക്കറികളുടെ പ്രസക്തി.
പ്രാദേശിക മാര്‍ക്കറ്റുകളിലാണ് ഓര്‍ഗാനിക ഫാമുകളിലെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നത്. അല്‍ മസ്‌റൂഅ, അല്‍ ഖോര്‍- ദഖീറ, അല്‍ വക്‌റ എന്നീ മാര്‍ക്കറ്റുകളില്‍ നവംബര്‍ ആദ്യം ആരംഭിച്ച വില്‍പ്പന മെയ് പകുതി വരെ നീണ്ടുനില്‍ക്കും. ജൈവപച്ചക്കറി ഫാമുകളില്‍ നിന്നല്ലാത്ത പ്രാദേശിക കര്‍ഷകരുടെ ഉത്പന്നങ്ങളും ഇവിടെ വില്‍ക്കുന്നുണ്ട്. ഫാമുകളില്‍ നിന്ന് നേരിട്ട് സംഭരിച്ച് വില്‍പ്പന നടത്തുന്ന ഷോപ്പുകളും റസ്റ്റോറന്റുകളും ഉണ്ട്. ചില്ലറ വില്‍പ്പന മേഖലയില്‍ ഒരു കിലോഗ്രാം പച്ചക്കറി ഇറക്കുമതി ചെയ്യുന്നതിന് 150 ഖത്വര്‍ റിയാല്‍ ആകും. എന്നാല്‍ ഫാമിലെ പച്ചക്കറിക്ക് കിലോഗ്രാമിന് ശരാശരി 37 റിയാല്‍ മാത്രമേ ചെലവുള്ളൂ. ഇറക്കുമതി ചെയ്യുന്ന ജൈവ ഉത്പന്നങ്ങളെ ആശ്രയിക്കുന്നത് കീശ കാലിയാക്കാനേ ഉപകരിക്കൂ. അതിന് സ്വന്തം പ്രദേശത്ത് തന്നെ കൃഷി നടത്തേണ്ടതുണ്ട്. കൃഷിയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിന് കാര്‍ഷിക വായ്പ പദ്ധതി പരിസ്ഥിതി മന്ത്രാലയം ആവിഷ്‌കരിച്ചിട്ടുണ്ട്. ഗ്രീന്‍ ഹൗസുകളും ജലസേചന ശൃംഖലകളും സ്ഥാപിക്കുന്നതിന് ഖത്വര്‍ ഡെവലപ്‌മെന്റ് ബേങ്കുമായി സഹകരിച്ചാണ് വായ്പ അനുവദിക്കുക. നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് നിലവിലുള്ള ഫാമുകള്‍ക്ക് 73 ഗ്രീന്‍ ഹൗസുകള്‍ നല്‍കും. തേന്‍, മത്സ്യം, കന്നുകാലി വളര്‍ത്തല്‍, കോഴി- വളര്‍ത്തുപക്ഷികള്‍- മുട്ട തുടങ്ങി മറ്റ് കാര്‍ഷിക മേഖലകളും പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതികളുണ്ട്. തേനീച്ച വളര്‍ത്തുഫാമുകളുടെ എണ്ണം 120 ആക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. നിലവിലെ 80 ഫാമുകളില്‍ 1.8 ടണ്‍ തേന്‍ ഉത്പാദിപ്പിക്കുന്നു. മന്ത്രാലയത്തിന്റെ കീഴില്‍ ഇപ്പോള്‍ അല്‍ വക്‌റയില്‍ തേന്‍ മേള നടക്കുന്നുണ്ട്. തുടര്‍ന്ന് അല്‍ ഖോര്‍- ദഖീറ മാര്‍ക്കറ്റിലും മേളയുണ്ടാകും. കന്നുകാലി വളര്‍ത്തല്‍ വികസനത്തിന്റെ ഭാഗമായി കാലിത്തീറ്റ ഉത്പാദനത്തിന് 60 ലക്ഷം ചതുരശ്ര മീറ്റര്‍ ഭൂമി അനുവദിച്ചിട്ടുണ്ട്. 2009-13 കാലയളവില്‍ കാലിത്തീറ്റ ഉത്പാദനത്തില്‍ 73 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. 2013ല്‍ മാംസത്തില്‍ രാജ്യം 8.5 ശതമാനം സ്വയംപര്യാപ്തത നേടി. 2009ല്‍ നിന്ന് വ്യത്യസ്തമായി ആറ് ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായത്. വളര്‍ത്തുമൃഗം, കോഴി- പക്ഷികള്‍, പാല്‍, മുട്ട ഉത്പാദനത്തിന് വലിയ ഫാം സ്ഥാപിക്കുമെന്ന് വാണിജ്യ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് സ്ഥാപിതമായാല്‍ വര്‍ഷം 40000 ഫ്രഷ്, ഫ്രോസണ്‍ കോഴിയിറച്ചിയും 7500 ടണ്‍ മുട്ടയും ഉത്പാദിപ്പിക്കാനാകും. നേരത്തെ 90 ശതമാനം ഭക്ഷ്യസാധനങ്ങളും ഖത്വര്‍ ഇറക്കുമതി ചെയ്യുകയായിരുന്നെങ്കില്‍, ആഭ്യന്തര ഉത്പാദനത്തിന്റെ ഫലമെന്നോണം ഇറക്കുമതി 85 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 2024ഓടെ രാജ്യത്തെ ജനങ്ങളെ 40 ശതമാനവും ‘ഖത്വറിന്റെ സ്വന്തം’ ഭക്ഷണം കഴിപ്പിക്കുകയെന്ന ലക്ഷ്യത്തിലാണ് അധികൃതര്‍,