Connect with us

Gulf

വിസ്മയക്കാഴ്ചകളുമായി എമിറേറ്റ്‌സും ബോയിങ്ങും

Published

|

Last Updated

ദുബൈ: ലോകനഗരങ്ങളുടെ ആകാശക്കാഴ്ചകള്‍ യാത്രക്കാരില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് എമിറേറ്റ്‌സും ബോയിങ്ങും ഡ്രോണുകളെ ഉപയോഗിച്ച് ചിത്രീകരിച്ച ദൃശ്യങ്ങള്‍ ഇരു കമ്പനികളും ചേര്‍ന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കി. ദുബൈ, സിഡ്‌നി, സിയാറ്റില്‍ തുടങ്ങിയ നഗരങ്ങളുടെ വ്യക്തവും കൃത്യവുമാര്‍ന്ന ആകാശക്കാഴ്ചകളാണ് ഇവ.
ബോയിങ്ങിന്റെ എമിറേറ്റ്‌സ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന അഞ്ച് ഭൂഖണ്ഡങ്ങളിലെ 18 നഗരങ്ങള്‍ ദൃശ്യവത്കരിച്ചിട്ടുണ്ട്. എമിറേറ്റ്‌സിന്റെ ആസ്ഥാനമെന്ന നിലയില്‍ ദുബൈയും ബോയിങ് ആസ്ഥാനമെന്ന നിലയില്‍ അമേരിക്കയിലെ സിയാറ്റിലും പട്ടികയില്‍ ഇടംപിടിച്ചു. മാലി ദ്വീപ്, ശ്രീലങ്ക, ജര്‍മനി തുടങ്ങിയയിടങ്ങളില്‍ നിന്നുള്ള കാഴ്ചകളും ചിത്രീകരിച്ചിട്ടുണ്ട്.
ദുബായിലെ മരുഭൂക്കാഴ്ചകളും ബീച്ചുകളും ശൈഖ് സായിദ് റോഡും ബുര്‍ജുല്‍ അറബും ബുര്‍ജ് ഖലീഫയും അറ്റ്‌ലാന്റിസുമൊക്കെ കാഴ്ചകളില്‍ ഉള്‍പ്പെടും. ആകാശത്തുനിന്നുള്ള നിശ്ചലദൃശ്യങ്ങളും ഇറക്കിയിട്ടുണ്ട്.
ഡ്രോണുകളെ ഉപയോഗിച്ച് ഇത്രയും നഗരങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ചിത്രീകരണപദ്ധതി ഇതാദ്യമായാണെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. നൂതന സാങ്കേതികത ഉപയോഗിച്ച്, പ്രത്യേക പ്രകാശ സംവിധാനത്തോടുകൂടിയാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്നതും സവിശേഷതയാണ്.
യാത്രക്കാരെ വിവിധ ലോകനഗരങ്ങളുമായി ബന്ധിപ്പിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് എമിറേറ്റ്‌സ് ഡിവിഷനല്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ബുട്രോസ് ബുട്രോസ് പറഞ്ഞു.

Latest