രാജ്യസൗഹൃദത്തിന്റെ പട്ടുപാതയിലേക്ക് വീണ്ടും

Posted on: January 23, 2016 3:05 pm | Last updated: January 27, 2016 at 10:20 pm
SHARE

gulfക്രിസ്തുവിന് മുമ്പ്, വിമാനം കണ്ടുപിടിക്കുന്നതിന് മുമ്പ്, ചൈനയെയും മധ്യപൗരസ്ത്യദേശങ്ങളെയും ബന്ധിപ്പിക്കുന്ന പാത ‘സില്‍ക് റൂട്ടാ’യിരുന്നു. പാശ്ചാത്യരാജ്യങ്ങളില്‍ നിന്ന് സാമഗ്രികള്‍ ചൈനയില്‍ എത്തിക്കാനും ചൈനയില്‍ നിന്ന് സില്‍ക് കയറ്റിയയക്കാനും ഹാന്‍ ഭരണ വംശമാണ്, പര്‍വതങ്ങളും താഴ്‌വരകളും മരുപ്രദേശങ്ങളും കടന്ന്, അറേബ്യയുടെ വിരിമാറിലൂടെ റോഡ് വെട്ടിയത്. ഇതിന് കൈവഴികളുമുണ്ടായിരുന്നു. അതിലൊന്ന് മക്കയിലേക്കാണ്. അത് കൊണ്ടാകണം പ്രവാചക ശ്രേഷ്ഠര്‍ പറഞ്ഞത്, ‘നിങ്ങള്‍ ചൈനയില്‍ പോയെങ്കിലും വിദ്യ അഭ്യസിക്കുക’. പിന്നീട്, ഒട്ടോമന്‍ സാമ്രാജ്യം, പാശ്ചാത്യവിരുദ്ധരായതിനാല്‍, സില്‍ക് റോഡ് അടച്ചു. കുറഞ്ഞത്, 500 വര്‍ഷം, മധ്യപൗരസ്ത്യദേശങ്ങള്‍ വഴി ചൈനയെയും പാശ്ചാത്യരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ഈ മലമ്പാതയിലൂടെ ഉല്‍പന്നങ്ങള്‍ ഇടതടവില്ലാതെ കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടിരുന്നു. ഈജിപ്ത്, സഊദി അറേബ്യ, തുര്‍ക്കി, ഇറാന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളായിരുന്നു പ്രധാന ഗുണഭോക്താക്കള്‍. ഉല്‍പന്നങ്ങള്‍ മാത്രമല്ല, കലയും സംസ്‌കാരവും ഇരുദിശകളിലേക്കും ഒഴുകിക്കൊണ്ടിരുന്നു. പ്രകൃതി ദുരന്തങ്ങളും പടയോട്ടങ്ങളും പട്ടുപാതക്ക് അന്ത്യം കുറിച്ചു. സമുദ്രപാതകളാണ് പിന്നീട് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിച്ചത്. എന്നാല്‍, സില്‍ക് പാതയുടെ അന്ത്യത്തോടെ മധ്യപൗരസ്ത്യമേഖലയുടെ ഉള്‍പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു.
ഈയിടെ ചൈനീസ് പ്രസിഡന്റ് സീജിന്‍പിംഗ് സഊദി അറേബ്യയും ഈജിപ്തും സന്ദര്‍ശിച്ചപ്പോള്‍, സില്‍ക് പാത, ഭരണാധികാരികളുമായുള്ള ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. പഴയ സില്‍ക് പാത, വീണ്ടും കൂട്ടിയോജിപ്പിക്കുകയാണെങ്കില്‍ വാണിജ്യപരമായും സാമൂഹികമായും ഇരു മേഖലക്കും വന്‍ നേട്ടമായിരിക്കുമെന്ന് ജിന്‍പിംഗ്, സഊദി അറേബ്യയുടെ ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഈദ് രാജാവിനെ ഉണര്‍ത്തി.
മേഖലയിലെ ഭീകരവാദത്തിന് തടയിടാന്‍ ഇത്തരം പാരസ്പര്യങ്ങള്‍ സഹായിക്കും. വന്‍ വ്യാവസായിക കുതിപ്പുണ്ടാകും. ഡിന്‍പിംഗ് ചൂണ്ടിക്കാട്ടി.
അസംസ്‌കൃത എണ്ണക്ക് ചൈന ഏറ്റവും ആശ്രയിക്കുന്നത് സഊദി അറേബ്യയെ. ഇലക്‌ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ മധ്യപൗരസ്ത്യദേശങ്ങളിലേക്ക് എത്തുന്നത് കൂടുതലും ചൈനയില്‍ നിന്ന്.
‘സില്‍ക് റൂട്ട് എക്കണോമിക് ബെല്‍റ്റ്’ എന്ന പഴയ, പുതിയ ആശയം ലോകത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. മധ്യപൗരസ്ത്യദേശങ്ങളില്‍ 5,500 കോടി ഡോളറാണ് ചൈന നിക്ഷേപിക്കാന്‍ പോകുന്നത്. യു എ ഇ, ഖത്തര്‍ എന്നീ രാജ്യങ്ങളുമായി ചേര്‍ന്ന് 2,000 കോടി ഡോളറിന്റെ പൊതു നിക്ഷേപനിധി ഇതില്‍ ഉള്‍പെടും. മധ്യപൗരസ്ത്യമേഖലയിലെ വ്യാവസായിക പദ്ധതികള്‍ക്ക് ചൈന 1,500 കോടി ഡോളര്‍ വായ്പ നല്‍കും. വൈദ്യുതി, ഗതാഗതം എന്നീ രംഗങ്ങളിലേക്കാണ് നിക്ഷേപം പോവുക.
ചൈനക്ക് രാഷ്ട്രീയ ദുഷ്ടലക്ഷ്യങ്ങള്‍ ഇല്ലാത്തതിനാല്‍, സഹകരണത്തില്‍ യാതൊരു സംശയവും ഉയര്‍ന്നുവരില്ല. സ്വന്തം ജനതക്ക് തൊഴിലവസരങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതിനാലാണ് ചൈനയുടെ ശ്രദ്ധ. വന്‍തോതില്‍ കാര്‍ഷിക, വ്യാവസായിക വിപ്ലവം ചൈനയില്‍ നടന്നുകൊണ്ടിരിക്കുന്നു. ഉല്‍പന്നങ്ങള്‍ വിദേശരാജ്യങ്ങളില്‍ ഇടതടവില്ലാതെ എത്തണം. മധ്യപൗരസ്ത്യദേശങ്ങള്‍ വളര്‍ന്നുവരുന്ന കമ്പോളമാണ്. സില്‍ക് റൂട്ട് പുനഃസ്ഥാപിച്ചാല്‍ ഉല്‍പന്നങ്ങള്‍ റോഡ് വഴിയും എത്തിക്കാം.
ഭീകരതക്കെതിരെയുള്ള നീക്കത്തില്‍ ചൈനയുമായി സൗഹൃദത്തിലാകുന്നതില്‍ ആരും ഒരു മടിയും കാട്ടേണ്ടതില്ല. പാശ്ചാത്യരാജ്യങ്ങളുടെ മട്ടും ഭാവവുമല്ല ചൈനയുടേത്. ചൈന, ഇക്കാര്യത്തില്‍ കുളം കലക്കിമീന്‍ പിടിക്കുമെന്ന് തോന്നുന്നില്ല.
ചൈനയും മധ്യപൗരസ്ത്യദേശങ്ങളും തമ്മില്‍ സൗഹൃദത്തിലാകുന്നതിനെ തുരങ്കം വെക്കാന്‍ പലവിദേശ ശക്തികളും ശ്രമിക്കും. അത് ഏത് വിധത്തിലായിരിക്കുമെന്ന് ഊഹിക്കാന്‍ കഴിയില്ല. ഇന്ത്യയെയും പാക്കിസ്ഥാനെയും എങ്ങിനെയാണ് തമ്മിലടിപ്പിക്കുന്നതെന്ന് സമീപകാലത്താണ് പലര്‍ക്കും വ്യക്തമാകുന്നത്. പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും വിധ്വംസകരെ മുന്നില്‍നിര്‍ത്തി, ആക്രമണങ്ങള്‍ സംഘടിപ്പിക്കുകയാണ്. എല്ലാകാലത്തും ഇന്ത്യയും പാക്കിസ്ഥാനും അകന്നുകഴിയണമെന്നത് ചില രാജ്യങ്ങളിലെ ആയുധക്കമ്പനികളുടെ സാമ്പത്തിക താല്‍പര്യമാണ്. ഏഷ്യയിലെ പൂര്‍വീകരുടെ ചരിത്രപരമായ വിഡ്ഡിത്തങ്ങള്‍ അവര്‍ക്ക് അടിത്തറപാകിക്കൊടുത്തിട്ടുണ്ട് എന്നത് വിസ്മരിക്കുന്നില്ല.
സിറിയയില്‍ ദായിഷ് (ഐ എസ്) ഭീകരര്‍ ചൈനക്കാരെയും കൊലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറിലാണത്. ഫാന്‍ജിംഗ് ഹൂയിയുടെ കൊലപാതകത്തെ പ്രസിഡന്റ് ജിന്‍പിംഗ് അപലപിച്ചിരുന്നു. ബന്ദിയാക്കപ്പെട്ട ഫാന്‍ജിംഗ് ഹൂയിയെ രക്ഷപ്പെടുത്താന്‍ ചൈന ശ്രമം നടത്തിയിരുന്നു. പക്ഷേ, വിജയിച്ചില്ല. ഫാന്‍ജിംഗിന്റെ കൊലപാതകം ചൈനയില്‍ ക്ഷോഭത്തിന് കാരണമായി. ദായിഷ് ഭീകരരെ ഉന്‍മൂലനം ചെയ്യണമെന്ന് ആവശ്യമുയര്‍ന്നു. എന്നാല്‍, വ്യോമാക്രമണത്തില്‍ അമേരിക്കയോടോ റഷ്യയോടോ സഹകരിക്കാന്‍ ചൈനതയ്യാറായില്ല. വിദേശ രാജ്യങ്ങളില്‍ ആക്രമണം നടത്തുകയെന്നത് ചൈനയുടെ വിദേശനയത്തില്‍ ഇപ്പോഴില്ല.
രാഷ്ട്രീയ വ്യവസ്ഥ മറ്റുരാജ്യങ്ങളിലേക്ക് കയറ്റിയയക്കാനും കുറേകാലമായി ചൈന ശ്രമിക്കാറില്ല. അമേരിക്കയുടെ ശ്രമം, അവരുടെ ഭരണരീതി മറ്റു രാജ്യങ്ങളിലും നടപ്പാക്കണമെന്നാണ്. ഏകലോക ധ്രുവമാണ് അവരുടെ പരമമായ ലക്ഷ്യം. അതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ സമീപനമുള്ള, പൂച്ച കറുത്തതോ വെളുത്തതോ, ആകട്ടെ എലിയെ പിടിച്ചാല്‍ മതിയെന്ന, കാഴ്ചപ്പാടുള്ള ചൈന പുതിയൊരു ‘ഹസ്തദാന’മാണ് മുന്നോട്ടുവെക്കുന്നത്.