Connect with us

Gulf

ഓടുന്ന വാഹനങ്ങളുടെ വിന്റോഗ്ലാസ് തുറക്കല്‍; അധികൃതര്‍ ബോധവത്കരണത്തിന്‌

Published

|

Last Updated

ഷാര്‍ജ: വാഹനം ഓടിക്കൊണ്ടിരിക്കെ കുട്ടികളായ യാത്രക്കാര്‍ വിന്റോഗ്ലാസ് തുറക്കുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു. ഗ്ലാസ് തുറന്ന് കയ്യും തലയും പുറത്തിട്ട് അപകടത്തില്‍പെടുന്ന സംഭവങ്ങള്‍ അടുത്തിടെയായി ഏറിവരികയാണെന്ന് അധികൃതര്‍. ചിലപ്പോള്‍ ദേഹം മുഴുവന്‍ പുറത്തേക്ക് തള്ളി നില്‍ക്കുന്ന കാഴ്ചയും കാണാറുണ്ട്. ഇത് ഏറെ ഭീതിപ്പെടുത്തുന്നു. പിഞ്ചുകുട്ടികളാണ് ഇതിനു മുതിരുന്നത്. കാറിലും ബസുകളിലും ഇത്തരം കാഴ്ചകളുണ്ട്. പ്രത്യേകിച്ച് ചില സ്‌കൂള്‍ ബസുകളില്‍. ബസ് വിട്ടാല്‍ ഉടന്‍ കുട്ടികള്‍ ഗ്ലാസ് തുറക്കും. തുടര്‍ന്ന് കയ്യും തലയും പുറത്തിടാന്‍ ശ്രമിക്കും. ഇതു ഡ്രൈവര്‍മാരുടെയോ മറ്റോ ശ്രദ്ധയില്‍പ്പെട്ടെന്നുവരില്ല. ചില ബസുകളില്‍, പ്രത്യേകിച്ച് മിനിബസുകളില്‍ ഡ്രൈവര്‍ മാത്രമേ ഉണ്ടാകൂ. അറ്റന്റര്‍മാര്‍ ഉണ്ടാകില്ല.
കഴിഞ്ഞ ദിവസം അല്‍ വഹ്ദ റോഡില്‍ ഈസി മാര്‍ട്ട് ഹൈപ്പര്‍മാര്‍ക്കറ്റിനു സമീപത്തെ സിഗ്‌നലില്‍ ബസില്‍ യാത്ര ചെയ്യവേ പിഞ്ചുകുട്ടി ഗ്ലാസ് തുറന്ന് ആദ്യം കൈയും തലയും പുറത്തിടുകയും തുടര്‍ന്ന് ഗ്ലാസില്‍ തൂങ്ങിനില്‍ക്കുകയും ചെയ്ത സംഭവം മറ്റു വാഹനങ്ങളിലെ യാത്രക്കാരെ ഏറെ അശങ്കപ്പെടുത്തി. കുട്ടി പുറത്തേക്ക് ചാടിയേക്കുമോയെന്നായിരുന്നു ഏവരുടെയും ആശങ്ക. എന്നാല്‍ തനിച്ചായിരുന്ന ഡ്രൈവര്‍ ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല. സിഗ്നലില്‍ നിര്‍ത്തിയിട്ടതായിരുന്നു ബസ്. ഗ്ലാസ് നേരത്തെ തന്നെ കുട്ടി തുറന്നിട്ടുണ്ടാകാമെന്നാണ് അനുമാനിക്കപ്പെടുന്നത്. ഡ്രൈവറും കുട്ടിയും തനിച്ചായിരുന്നു ബസില്‍. സിഗ്‌നല്‍ ഓപ്പണ്‍ ആയതോടെ ബസ് മുന്നോട്ട് നീങ്ങുകയും ചെയ്തു. അപ്പോഴും കുട്ടി തുറന്നഗ്ലാസില്‍ പുറം കാഴ്ച കാണുകയായിരുന്നു.
പിഞ്ചുകുരുന്നുകള്‍ക്ക് സംഭവിച്ചേക്കാവുന്ന അപകടങ്ങളെക്കുറിച്ച് ബോധവാന്മാരല്ല. അവര്‍ ഒരു വിനോദമായാണ് ഇതൊക്കെ കാണുന്നത്. കുറേ കുട്ടികള്‍ ഒന്നിച്ച് ഗ്ലാസ് തുറക്കുകയും പരസ്പരം പുറത്തേക്ക് തള്ളുകയോ മറ്റോ ചെയ്താല്‍ ഉണ്ടാകാവുന്ന അപകടം വലുതായിരിക്കും. പിന്നീട് വേദനിച്ചിട്ട് കാര്യമുണ്ടായെന്നും വരില്ല. അതുകൊണ്ടു തന്നെ കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ ഡ്രൈവറടക്കമുള്ള ബസ് ജീവനക്കാര്‍ അതീവ ശ്രദ്ധപുലര്‍ത്തേണ്ടത് അനിവാര്യമാണ്. സ്‌കൂള്‍ ബസുകളില്‍ കുട്ടികളുടെ സുരക്ഷക്കു സ്‌കൂള്‍ അധികൃതര്‍ പ്രഥമ പരിഗണനയാണ് നല്‍കുന്നത്. ഇതിനായി ആവശ്യമായ മുഴുവന്‍ നടപടികളും കൈക്കൊള്ളുന്നുണ്ട്. ബന്ധപ്പെട്ടവരും ഇക്കാര്യത്തില്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്.

Latest