കൊച്ചി മെട്രോ: മുട്ടം യാര്‍ഡില്‍ പിറന്നത് നവചരിതം

Posted on: January 23, 2016 3:13 pm | Last updated: January 24, 2016 at 10:00 am
SHARE

chn metroകൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അടുത്ത തലമുറയുടെ പ്രതിനിധി അഞ്ച് വയസ്സുകാരി ഗൗരിയും ചേര്‍ന്ന് പച്ചക്കൊടി വീശിയതോടെ കൊച്ചി മെട്രോ ട്രെയിന്‍ പരീക്ഷണ ട്രാക്കിലൂടെ ചൂളം വിളിച്ച് കുതിച്ചു. സാക്ഷിയാകാന്‍ ആലുവ മുട്ടത്തുള്ള യാര്‍ഡിലും സമീപ റോഡുകളിലും ആയിരങ്ങളാണ് തടിച്ചു കൂടിയത്. രാവിലെ ടെസ്റ്റ് ട്രാക്കില്‍ ഫഌഗ് ഓഫിനായി നിര്‍ത്തിയിട്ട മെട്രോ ട്രെയിനിന് മുന്നില്‍ ഇ ശ്രീധരന്റെയും ഡി എം ആര്‍ സി ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ പൂജ നടത്തി.
പത്തുമണിക്ക്ആരംഭിച്ച പൊതുസമ്മേളനത്തിന് ശേഷം വേദിയിലും സദസിലുണ്ടായിരുന്ന മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടക്കമുള്ള വിശിഷ്ട വ്യക്തികള്‍ മെട്രോ ട്രൈനിലേക്ക് കയറി. ട്രെയിനിനുള്ളിലെ നൂതന സംവിധാനങ്ങള്‍ അവര്‍ നോക്കിക്കണ്ടു. മുഖ്യമന്ത്രിയും കൂട്ടരും ഡ്രൈവിംഗ് ക്യാബിനില്‍ എത്തി ടെസ്റ്റ് ഡ്രൈവിന് നേതൃത്വം നല്‍കുന്ന രാഗേഷ്, സിജോ എന്നിവരുമായി അല്‍പനേരം സംസാരിച്ചു. എല്ലാവരും പുറത്തിറങ്ങിയതോടെ മെട്രോ ട്രെയിന്‍ ആദ്യഓട്ടത്തിന് കാതോര്‍ത്തു. പ്ലാറ്റ് ഫോമില്‍ നിന്ന് മുഖ്യമന്ത്രിയും ഗൗരിയും കൊടികള്‍ വീശിയതിനൊപ്പം ഇലക്ട്രിക് സിഗ്നലില്‍ പച്ച വെളിച്ചം തെളിഞ്ഞു. ചൂളംവിളിയുടെ നേര്‍ത്ത ഇരമ്പലോടെ ട്രെയിന്‍ മുന്നോട്ടു കുതിച്ചു.
900 മീറ്റര്‍ പരീക്ഷണ പാളത്തിലൂടെ അതിവേഗം പാഞ്ഞ ട്രെയിന്‍ മിനിറ്റുകള്‍ക്കുള്ളില്‍ തിരിച്ചുവരികയും ചെയ്തു. കഴിഞ്ഞ 10ന് മുട്ടം യാര്‍ഡില്‍ എത്തിച്ച മെട്രോ കോച്ചുകള്‍ കൂട്ടിയോജിപ്പിച്ച ശേഷം ഡിസ്‌പ്ലേ സംവിധാനങ്ങളും ഇലക്ട്രിക്കല്‍ മെക്കാനിക്കല്‍ സംവിധാനങ്ങളും ഘടിപ്പിച്ച് ടെസ്റ്റ് റണ്ണിന് സജ്ജമാക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ടെസ്റ്റ് ട്രാക്കിലെത്തിച്ചത്.
ഫഌഗ് ഓഫ് ചടങ്ങിന് മുമ്പ് അനൗപചാരിക പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ട്രെയിനിലെ വിവിധ സംവിധാനങ്ങളുടെ കാര്യക്ഷമത പരിശോധിക്കുന്ന പരീക്ഷണ ഓട്ടം വരുംദിനങ്ങളില്‍ നടക്കും. അടുത്ത മാസം അവസാനം ഇടപ്പള്ളി വരെയുള്ള ട്രാക്കുകള്‍ സജ്ജമാകുന്നതോടെ മുട്ടം യാര്‍ഡില്‍ നിന്നും മെട്രോ റെയില്‍പാതയിലേക്ക് ട്രെയിന്‍ പരീക്ഷണ ഓട്ടം തുടങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here