Connect with us

Wayanad

മെഡിക്കല്‍ കോളജ് പ്രവര്‍ത്തി ആരംഭിക്കാത്തതിന്റെ പിന്നില്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍- പി എം ജോയി

Published

|

Last Updated

കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തി ആരംഭിക്കാത്തതിന്റെ പിന്നില്‍ സംസ്ഥാന സര്‍ക്കാരും, ചില നിക്ഷിപ്തതാല്‍പര്യക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് കൊണ്ടാണെന്ന് ജനതാദള്‍ എസ് സംസ്ഥാന വൈസ് പ്രസിഡന്റ്് പി എം ജോയി ആരോപിച്ചു.
മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് യുവജനതാദള്‍ എസ് സിവില്‍ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മെഡിക്കല്‍ കോളജിന്റെ അവസ്ഥ രാത്രികാല നിരോധനത്തിനും, വൈരക്കുപ്പപാലത്തിനും സമാനമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
തറക്കല്ലിട്ട് ആറുമാസം കഴിഞ്ഞിട്ടും, റോഡുപോലും നിര്‍മ്മിക്കാന്‍ കഴിയാത്തത് ഗവണ്‍മെന്റിന്റെ തികഞ്ഞ അനാസ്ഥയാണ്. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി ഒന്നിന് എം എല്‍ എ മാര്‍ ഉള്‍പ്പെടെ പങ്കെടുത്ത് കൊണ്ട് കളക്‌ട്രേറ്റ് പടിക്കല്‍ ഉപവാസ സമരം നടത്തുമെന്നും പി എം ജോയി പറഞ്ഞു.യുവജനതാദള്‍ എസ് ജില്ലാപ്രസിഡണ്ട് ലെനിന്‍ സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ്് എന്‍ കെ മുഹമ്മദ് കുട്ടി, കിസാന്‍ ജനതാദള്‍ എസ് ജില്ലാ പ്രസിഡന്റ്് പി പ്രഭാകരന്‍ നായര്‍, യുവ ജനതാദള്‍ എസ് നേതാക്കളായ ജിജോ മുള്ളന്‍കൊല്ലി, കെ ഒ ഷിബു, കെ വിശ്വനാഥന്‍, ലെനിന്‍ ജോക്കബ്, നിക്‌സണ്‍ ജോര്‍ജ്ജ്, സി പി റഹീസ്, ഒ സി ഷിബു, നിസാര്‍ പള്ളിമുക്ക്, ജി മുരളീധരന്‍, വി കെ വീജീഷ്, ഒ എച്ച് ജംഷീര്‍, സി അഫ്‌സല്‍, സി പി ഗീതേഷ്, കെ എം ജെയിംസ്, കെ കെ മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Latest