വേളത്ത് സി പി എം- ലീഗ് സംഘര്‍ഷം; ബോംബേറ്; വീടുകളും കാറും തകര്‍ത്തു

Posted on: January 23, 2016 11:25 am | Last updated: January 23, 2016 at 11:25 am
SHARE

കുറ്റിയാടി: വേളം പഞ്ചായത്തിലെ കാക്കുനിയില്‍ സി പി എം- മുസ്‌ലിം ലീഗ് സംഘര്‍ഷം തുടരുന്നു. നിരവധി വീടുകളും വാഹനങ്ങളും തകര്‍ത്തു. വ്യാഴാഴ്ച രാത്രി നമ്പാം വയലിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ വടക്കൂക്കര അജ്മലി (25)നെ വെട്ടിപ്പരുക്കേല്‍പ്പിച്ചതിന് പിന്നാലെയാണ് അക്രമം വ്യാപകമായത്.
കാക്കുനിയിലെ ലീഗ് പ്രവര്‍ത്തകനും അബൂദബി കെ എം സി സി പ്രവര്‍ത്തകനുമായി അരിയാക്കീന്റെവിട റശീദിന്റെ വീട് ബോംബേറില്‍ ഭാഗികമായി തകര്‍ന്നു. വീടിന്റെ വാതിലും ജനല്‍ ചില്ലുകളും അടിച്ചുതകര്‍ത്തു. ബോംബിന്റെ അവശിഷ്ടങ്ങള്‍ വീട്ടിനകത്തും വരാന്തയിലും ചിതറിക്കിടപ്പുണ്ട്. തൊട്ടടുത്ത കണ്ണങ്കണ്ടി ഫൈസലിന്റെ വീടും അടിച്ചുതകര്‍ത്തു. അക്രമികള്‍ കഴിഞ്ഞ ദിവസം ബോംബെറിഞ്ഞ ചെറുമണ്ണ്കണ്ടി കുഞ്ഞാലിയുടെ വീടിന് നേരെയും അക്രമമുണ്ടായി.
പിലാക്കൂല്‍ അബ്ദുല്ല ഹാജിയുടെ വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട മകന്‍ ഹാരിസിന്റെ ഇന്നോവ കാര്‍ അടിച്ചു തകര്‍ത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പാലോടിയില്‍ ഇബ്‌റാഹിമിന്റെ വീട്ടിലെത്തിയ അക്രമി സംഘം പൈപ്പ് ബോംബെറിഞ്ഞു. പൊട്ടിത്തെറിച്ച് ജനല്‍ ഗ്ലാസുകള്‍ വീടിനകത്ത് വീണ് കുട്ടികള്‍ക്ക് പരുക്കേറ്റു. ചങ്ങരോത്ത് മൊയ്തുവിന്റെ കടയുടെ മുകള്‍ഭാഗം വലിച്ചു താഴെയിട്ട് സാധനങ്ങള്‍ നശിപ്പിച്ചു. വെട്ടേറ്റ് ഗുരുതരമായി പരുക്കേറ്റ അജ്മല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍. വേളം പഞ്ചായത്ത് മുന്‍ പ്രസിഡന്റും സി പി എം നേതാവുമായ എന്‍ കെ കാളിയത്തിന്റെ വീടിന് നേരെയും ബോംബേറുണ്ടായി. സി പി എം നേതാവ് കണ്ണങ്കണ്ടി കൃഷ്ണന്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു. വീട് ഭാഗികമായി തകര്‍ന്നു. സി പി എം പ്രവര്‍ത്തകന്‍ തെക്കാലക്കണ്ടി ബാബുവിന്റെയും തറക്കണ്ടി രാജീവിന്റെയും വീടുകള്‍ക്ക് നേരെയും അക്രമമുണ്ടായി.
അക്രമം നടന്ന വീടുകള്‍ മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ പാറക്കല്‍ അബ്ദുല്ല, വൈസ് പ്രസിഡന്റ് പി അഹമ്മദ് മാസ്റ്റര്‍, മണ്ഡലം പ്രസിഡന്റ് നൊച്ചാട്ട് കുഞ്ഞബ്ദുല്ല, കെ കെ ലതിക എം എല്‍ എ, വേളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി കെ അബ്ദുല്ല, സ്ഥിരം സമിതി ചെയര്‍മാന്‍ ബഷീര്‍ മാണിക്കോത്ത്, ആര്‍ ബി അടിയോടി, ഡി സി സി ജന. സെക്രട്ടറി മഠത്തില്‍ ശ്രീധരന്‍, വി എം ചന്ദ്രന്‍, ശ്രീജേഷ് ഊരത്ത്, കെ കൃഷ്ണന്‍, കെ കെ ദിനേശന്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. സ്ഥലത്ത് ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here