Connect with us

Ongoing News

സിഡ്‌നി ഏകദിനത്തില്‍ ഇന്ത്യക്ക് ആശ്വാസ ജയം

Published

|

Last Updated

സിഡ്‌നി: രോഹിത് ശര്‍മ സെഞ്ച്വറി നേടിയപ്പോഴൊക്കെ ആസ്‌ത്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യ തോല്‍വിയറിഞ്ഞെങ്കില്‍, ഇന്നലെ ഒരു റണ്‍സരികെ രോഹിത് സെഞ്ച്വറി നഷ്ടപ്പെടുത്തിയപ്പോള്‍ ഇന്ത്യ ജയിച്ചു കയറി ! രോഹിതിന്റെ 99 ഉം മനീഷ് പാണ്‌ഡെയുടെ ആദ്യ അന്താരാഷ്ട്ര ഏകദിന സെഞ്ച്വറിയും ആസ്‌ത്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ ആശ്വാസ ജയം സമ്മാനിച്ചു. സ്‌കോര്‍ : ആസ്‌ത്രേലിയ ഏഴ് വിക്കറ്റിന് 330 ; ഇന്ത്യ 49.4 ഓവറില്‍ നാല് വിക്കറ്റിന് 331. അഞ്ച് മത്സര പരമ്പര 4-1ന് ആസ്‌ത്രേലിയ സ്വന്തമാക്കി.
മനീഷ് കളിയിലെ താരമായപ്പോള്‍, രോഹിത് ശര്‍മ പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
ഓസീസ് ഉയര്‍ത്തിയ 331 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ രണ്ട് പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു. മനീഷ് പാണ്ഡയുടെ ആദ്യ അന്താരാഷ്ട്ര ഏകദിന സെഞ്ചുറിയും (104*) രോഹിത് ശര്‍മയുടെ (99) ഉജ്വല ബാറ്റിംഗുമാണ് ഇന്ത്യക്കു പരമ്പരയിലെ ആശ്വാസ ജയം സമ്മാനിച്ചത്. രോഹിതും ശിഖര്‍ ധവാനും (78) അടിത്തറ പാകിയപ്പോള്‍ , മനീഷ് പാണ്ഡെ അത് മുതലെടുത്ത് ഇന്ത്യയെ, പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിയില്‍ നിന്നു രക്ഷപെടുത്തുകയായിരുന്നു. മനീഷ് പാണ്ഡെയ്ക്കു ശക്തമായ പിന്തുണ നല്‍കിയ ക്യാപ്റ്റന്‍ ധോണി 42 പന്തില്‍ നിന്നും 34 റണ്‍സെടുത്തു.
അവസാന ഓവറില്‍ ഇന്ത്യക്കു ജയിക്കാന്‍ ആവശ്യമായിരുന്നത് 13 റണ്‍സ്. മിച്ചല്‍ മാര്‍ഷിന്റെ ആദ്യപന്ത് വൈഡ്. രണ്ടാം പന്തില്‍ ധോണിയുടെ സൂപ്പര്‍ സിക്‌സ്. കളി ഇന്ത്യയുടെ കൈയിലെത്തിച്ച് അടുത്ത പന്തില്‍ ധോണി പുറത്ത്. കൂറ്റന്‍ അടിക്കുശ്രമിച്ച ധോണിയെ ലോംഗ് ഓഫില്‍ വാര്‍ണര്‍ കൈയിലൊതുക്കി. തൊട്ടടുത്ത പന്തില്‍ ഇന്ത്യന്‍ ആരാധകര്‍ കാത്തിരുന്ന നിമിഷമെത്തി. പാണ്ഡേയ്ക്കു സെഞ്ചുറിയിലേക്കെത്താന്‍ രണ്ടു റണ്‍സും ഇന്ത്യന്‍ ജയത്തിനു ആറു റണ്‍സും. മിച്ചല്‍ മാര്‍ഷ് യോര്‍ക്കറിനു ശ്രമിച്ചെങ്കിലും പന്ത് ഓഫ് സ്റ്റമ്പിനു വെളിയിലായി മൂളിയെത്തി. പന്തിനെ ചെറുതായി ബാറ്റുകൊണ്ട് തഴുകിയ മനീഷ് തേര്‍ഡ്മാനിലൂടെ അതിര്‍ത്തി കടത്തി. കന്നി സെഞ്ച്വറിയുമായി പാണ്ഡേ ആകാശത്തേക്കു ഉയര്‍ന്ന് ചാടിയപ്പോള്‍ മുള്‍മുനയില്‍ നിന്ന ഇന്ത്യന്‍ ആരാധകര്‍ ഗാലറികളില്‍ ആനന്ദത്തിലാറാടി.
നേരത്തെ മിച്ചല്‍ മാര്‍ഷിന്റെ കന്നി സെഞ്ചുറിയും ഡേവിഡ് വാര്‍ണറിന്റെ കരുത്തുറ്റ ശതകവും നല്കിയ അടിത്തറയിലാണ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. മിന്നല്‍ വേഗത്തില്‍ സെഞ്ചുറി നേടിയ മിച്ചല്‍ മാര്‍ഷും (84 പന്തില്‍ 102 നോട്ടൗട്ട്) 113 പന്തില്‍ 122 റണ്‍സ് നേടിയ വാര്‍ണറും കളം വാണപ്പോള്‍ ആതിഥേയര്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സ് നേടി.
21.2 ഓവറിനുള്ളില്‍ 117 റണ്‍സ് എടുക്കുന്നതിനിടെ നാലു വിക്കറ്റ് നഷ്ടപ്പെട്ട ഓസീസ്, മിച്ചല്‍ മാര്‍ഷിന്റെയും വാര്‍ണറിന്റെയും ബാറ്റിംഗ് ബലത്തില്‍ കരകയറുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഓസ്‌ട്രേലിയയ്ക്ക് ആരോണ്‍ ഫിഞ്ച് (6), സ്റ്റീവന്‍ സ്മിത്ത് (28), ജോര്‍ജ് ബെയ്‌ലി (6), ഷോണ്‍ മാര്‍ഷ് (7) എന്നിവരുടെ വിക്കറ്റ് തുടക്കത്തിലേ നഷ്ടപ്പെട്ടു. എന്നാല്‍, അഞ്ചാം വിക്കറ്റില്‍ വാര്‍ണറും മിച്ചല്‍ മാര്‍ഷും ചേര്‍ന്ന് 118 റണ്‍സ് നേടി. 100 പന്തില്‍നിന്നാണ് വാര്‍ണര്‍ തന്റെ അഞ്ചാം ഏകദിന സെഞ്ച്വറി നേടിയത്. 113 പന്തില്‍നിന്ന് 122 റണ്‍സുമായി മടങ്ങുമ്പോള്‍ വാര്‍ണറിന്റെ ബാറ്റില്‍നിന്ന് മൂന്ന് സിക്‌സും ഒമ്പത് ഫോറും പിറന്നിരുന്നു. 34 പന്തില്‍ 50ല്‍ എത്തിയ മിച്ചല്‍ മാര്‍ഷ് 81 പന്തില്‍നിന്ന് മൂന്നക്ക സ്‌കോര്‍ പൂര്‍ത്തിയാക്കി. 84 പന്തില്‍ രണ്ട് സിക്‌സും ഒമ്പത് ഫോറും അടക്കമാണ് 102 റണ്‍സുമായി മിച്ചല്‍ മാര്‍ഷ് പുറത്താകാതെ നിന്നത്. ഇന്ത്യക്കായി അരങ്ങേറിയ ജസ്പ്രീത് ബുംറാഹ് 10 ഓവറില്‍ 40 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്തിന്റേതാണ് ജസ്പ്രീതിന്റെ കന്നി വിക്കറ്റ്. ഇഷാന്ത് ശര്‍മ 10 ഓവറില്‍ 60 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടി.
ഓസീസിനായി ജോണ്‍ ഹാസ്റ്റിംഗ്‌സ് മൂന്നു വിക്കറ്റു വീഴ്ത്തിയപ്പോള്‍ മിച്ചല്‍ മാര്‍ഷ് ഒരുവിക്കറ്റു വീഴ്ത്തി.

Latest