Connect with us

Health

റഷ്യയില്‍ 10 ലക്ഷം എയ്ഡ്‌സ് ബാധിതര്‍

Published

|

Last Updated

മോസ്‌കോ: റഷ്യയില്‍ രജിസ്റ്റര്‍ ചെയ്ത എയ്ഡ്‌സ് ബാധിതരുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞു. ഇതോടെ രോഗബാധിതരുടെ എണ്ണം റെക്കാര്‍ഡിലെത്തിയതായി രാജ്യത്തെ ഉന്നത എയ്ഡ്‌സ് വിദഗ്ധന്‍ പറഞ്ഞു. തെക്കന്‍ റഷ്യയിലെ 26 കാരിയായ യുവതി കൂടി ബുധനാഴ്ച എയ്ഡ്‌സ് ബാധിതരുടെ പട്ടികയില്‍ ഇടംപിടിച്ചതോടെയാണ് രാജ്യത്തെ എയ്ഡ്‌സ് ബാധിതരുടെ എണ്ണം പത്ത് ലക്ഷമായതായി ഫെഡറല്‍ എയ്ഡ്‌സ് സെന്ററിന്റെ തലവന്‍ വാദിം പൊക്രൊവ്‌സ്‌കി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. എന്നാല്‍ റഷ്യയില്‍ എയ്ഡ്‌സ് ബാധിതരുടെ യഥാര്‍ഥ എണ്ണം 15 ലക്ഷമോ അല്ലങ്കില്‍ ജനസംഖ്യയുടെ ഒരു ശതമാനമൊ വരുമെന്നും വിദഗ്ധരുടേയും തന്റെ തന്നെയും കണക്കുകള്‍ ഉദ്ധരിച്ച് പൊക്രോവ്‌സ്‌കി പറഞ്ഞു.
റഷ്യയില്‍ 1987ല്‍ അദ്യമായി എയ്ഡ്‌സ് രോഗം കണ്ടെത്തിയതിന് ശേഷം ഇതുവരെ 204,000 പേര്‍ എയ്‌യ്‌സ് ബാധിച്ച് മരിച്ചിട്ടുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു. 2015ല്‍ 93,000 പേര്‍ക്കും 2014ല്‍ 90,000 പേര്‍ക്കും രോഗം ബാധിച്ചിട്ടുണ്ടെന്ന് പ്രതീക്ഷിക്കുന്നതായി പക്രോവ്‌സ്‌കി പറഞ്ഞു. എണ്ണ വിലയിടിവും പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധവും കറന്‍സിയുടെ വിലയിടിവും റഷ്യയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കെയാണ് എയ്ഡ്‌സ് രോഗബാധിതരുടെ എണ്ണത്തിലും റെക്കാഡ് വര്‍ധനയുണ്ടായിരിക്കുന്നത്.