ഈജിയന്‍ കടലില്‍ അഭയാര്‍ഥികളുടെ ബോട്ട് മുങ്ങി 42 മരണം

Posted on: January 23, 2016 12:25 am | Last updated: January 23, 2016 at 12:25 am

People check bodies of migrants that were drowned as they were trying to reach Greece, at a port near Izmir, Turkey, Thursday, Jan. 21, 2016. Turkey's coast guard says 12 migrants have drowned after a boat taking them to the Greek islands capsized in rough weather. About 40 migrants have died so far this year off Turkey's coast while trying to cross into Greece, the coast guard says. (IHA via AP) TURKEY OUT

ആതന്‍സ്: ഈജിയന്‍ കടലില്‍ അഭയാര്‍ഥികളുടെ ബോട്ട് മുങ്ങി കുട്ടികളടക്കം 42 പേര്‍ മരിച്ചു. മരിച്ചവരില്‍ 11 പേര്‍ കുട്ടികളാണ്. കിഴക്കന്‍ ഈജിയനിലെ ചെറിയ ഗ്രീക്ക് ദ്വീപായ ഫാര്‍മക്കോനിസിക്കടുത്താണ് ആദ്യ അപകടമുണ്ടായത്. ഇവിടെ നിന്ന് എട്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്ന് ഗ്രീക്ക് തീരസംരക്ഷണ സേനാ വൃത്തങ്ങള്‍ അറിയിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. 41 പേരെ രക്ഷപ്പെടുത്തി. കാലോലിംനോസ് ദ്വീപിനടുത്ത് മുങ്ങിയ രണ്ടാമത്തെ ബോട്ടിലുണ്ടായിരുന്ന 34 പേരാണ് മരിച്ചത്. ഇവിടെ നിന്ന് 26 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
മരണ സംഖ്യ ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ പറയുന്നു. ബോട്ടില്‍ നൂറ് പേരെങ്കിലും ഉണ്ടായിരുന്നുവെന്നാണ് കണക്ക്. ഗ്രീക്ക് തീരസംരക്ഷണ സേനയില്‍ മൂന്ന് ഹെലികോപ്ടറുകളും പട്രോള്‍ ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. യൂറോപ്യന്‍ അതിര്‍ത്തി ഏജന്‍സിയായ ഫ്രോണ്ടക്‌സും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. കഴിഞ്ഞ വര്‍ഷം 8,50,000 അഭയാര്‍ഥികള്‍ ഗ്രീക്ക് തീരത്തെത്തിയെന്നാണ് അഭയാര്‍ഥി ഏജന്‍സികള്‍ പറയുന്നത്. ഇവരില്‍ നല്ലൊരു ശതമാനവും ഗ്രീസ് വഴി മറ്റ് യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലേക്ക് ചേക്കേറിയിട്ടുണ്ട്.
അഭയാര്‍ഥികളെ നിയന്ത്രിക്കാനായി യൂറോപ്യന്‍ യൂനിയന്‍ തുര്‍ക്കിയുമായി ഉണ്ടാക്കിയ കരാര്‍ ഇതിനകം വിവാദമായിട്ടുണ്ട്. സാമ്പത്തിക സഹായം, കൂടുതല്‍ വിസകള്‍ തുടങ്ങിയ അനുവദിച്ചാല്‍ സിറിയയില്‍ നിന്നുള്ള അഭയാര്‍ഥികളെ തങ്ങള്‍ തന്നെ സ്വീകരിച്ചു കൊള്ളാമെന്നാണ് തുര്‍ക്കി ഉറപ്പ് കൊടുത്തിരിക്കുന്നത്. എന്നാല്‍ ഇത് ഇ യുവില്‍ പ്രവേശിക്കുന്നതിനുള്ള തുര്‍ക്കിയുടെ ശ്രമത്തിന്റെ ഭാഗമാണെന്ന വിമര്‍ശമാണ് ഉയരുന്നത്.