Connect with us

International

സൊമാലിയയിലെ ബീച്ച് ഹോട്ടലില്‍ അല്‍ ശബാബ് ആക്രമണം; 20 മരണം

Published

|

Last Updated

മൊഗാദിശു: സൊമാലിയന്‍ തലസ്ഥാനമായ മൊഗദിശുവില്‍ കടലോരത്തെ ഹോട്ടലിലുണ്ടായ കാര്‍ ബോംബ് ആക്രമണത്തിലും വെടിവെപ്പിലും 20 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ അല്‍ ശബാബ് ഏറ്റെടുത്തു.
നിറയെ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ലിഡോ ബീച്ചിലെ ഹോട്ടലിലേക്ക് പാഞ്ഞടുക്കുകയായിരുന്നു. തുടര്‍ന്ന് ഹോട്ടലില്‍ അതിക്രമിച്ച് കയറിയ ഭീകരര്‍ ഹോട്ടലിലുണ്ടായിരുന്നവര്‍ക്ക് നേരെ നിറയൊഴിച്ചു. ആക്രമണത്തില്‍ എട്ട് ഭീകരരരും ഹോട്ടലിലുണ്ടായിരുന്ന ആറ് പേരുമുള്‍പ്പെടെ 14 പേര്‍ മരിച്ചതായാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നത്. മൃതദേഹങ്ങള്‍ മരിച്ചവരുടെ ബന്ധുക്കള്‍ മറവ് ചെയ്യാനായി അധികൃതരെത്തുന്നതിന് മുമ്പെ ഏറ്റുവാങ്ങിയതിനാല്‍ മരണ സംഖ്യ ഇതിലും കൂടുതലാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ഹോട്ടലിന് മുന്നില്‍ സ്‌ഫോടനം നടത്തിയ ശേഷം നാല് ആക്രമികള്‍ ഹോട്ടലിലേക്ക് കുതിച്ചു കയറിയതായും ഹോട്ടലിലുണ്ടായിരുന്നവര്‍ക്ക് നേരെ നിറയൊഴിച്ചതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ലിഡോ സീ ഫുഡ് റെസ്റ്റോറന്റിലാണ് സ്‌ഫോടനം നടന്നത്. ഹോട്ടലിന് മുന്നില്‍ സ്‌ഫോടനം നടത്തിയ ശേഷം തോക്കുധാരികള്‍ വെടിവെക്കുകയായിരുന്നു. നിരവധി റെസ്‌റ്റോറന്റുകളുള്ള ലിഡോ ബീച്ചില്‍ വ്യാഴാഴ്ചകളില്‍ രാത്രി നല്ല തിരക്ക് അനുഭവപ്പെടാറുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാണെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു.
സുരക്ഷാ സേന റസ്‌റ്റോറന്റിന്റെ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞയാഴ്ച അല്‍ ശബാബിന്റെ നേതൃത്വത്തില്‍ സോമാലിയയില്‍ പ്രവര്‍ത്തിക്കുന്ന ആഫ്രിക്കന്‍ സഖ്യസേനാ താവളത്തില്‍ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ 100 കെനിയന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

Latest