Connect with us

National

എന്‍ ഐ എ അറസ്റ്റ്: 'ഇവര്‍ ആര്, എവിടുന്ന് എന്നറിയില്ല'

Published

|

Last Updated

ബംഗളൂരു: ഇസില്‍ ബന്ധമാരോപിച്ച് എന്‍ ഐ എ ബംഗളൂരുവില്‍ പിടികൂടിയ അഫ്‌സലിനെ വീട്ടില്‍കയറി അറസ്റ്റ് ചെയ്തത് നിയമപരമായ വാറണ്ടുകള്‍ ഇല്ലാതെയാണെന്നും ഡല്‍ഹി പോലീസില്‍ നിന്നെന്ന് അവകാശപ്പെട്ട അവര്‍ തനിക്ക് നേരെ തോക്ക് ചൂണ്ടിയതായും ഭാര്യ ബുഷ്‌റ ഒരു ചാനലിനോട് വെളിപ്പെടുത്തി. തന്റെ ഭര്‍ത്താവ് നിരപരാധിയാണെന്നും അവര്‍ പറഞ്ഞു.
ശക്തമായ മുട്ടുകേട്ട് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വാതില്‍ തുറന്നത്. അകത്ത് കടന്ന ആദ്യത്തെയാള്‍ തങ്ങള്‍ ഡല്‍ഹി പോലീസില്‍ നിന്നാണെന്ന് അവകാശപ്പെട്ടു, പക്ഷേ അത് തെളിയിക്കുന്ന ഐഡന്റിറ്റി കാര്‍ഡൊന്നും കാണിച്ചില്ല.
അകത്ത് കടന്നുയുടന്‍ ഭര്‍ത്താവിന്റെ മേല്‍ ചാടി വീണ അവര്‍ അദ്ദേഹത്തെ കൈവിലങ്ങണിയിച്ചു. തലക്ക് നേരെ തോക്ക് ചൂണ്ടി ഭര്‍ത്താവിനെ കൊണ്ടുപോകുമ്പോള്‍ അവര്‍ എനിക്ക് തോക്ക് ചൂണ്ടി ആയുധങ്ങളെവിടെ എന്ന് ചോദിച്ചു. ഞാന്‍ ഞെട്ടിപ്പോയി- ബുഷ്‌റ ചാനലിനോട് വെളിപ്പെടുത്തി.
ഞങ്ങളോടൊന്നും വെളിപ്പെടുത്താതെ അറസ്റ്റ് വാറണ്ടോ സെര്‍ച്ച് വാറണ്ടോ കൂടാതെ എന്തടിസ്ഥാനത്തിലാണ് തന്റെ ഭര്‍ത്താവിനെ അവര്‍ കൊണ്ട് പോയതെന്നും ബുഷ്‌റ ചോദിച്ചു.
അഫ്‌സല്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറാണ് ഭാര്യ ബുഷ്‌റ ഹ്യൂമന്‍ റിസോഴ്‌സ് കണ്‍സല്‍ട്ടന്റായി വീട്ടില്‍ നിന്നും ജോലി ചെയ്ത് വരികയായിരുന്നു. നാല് വയസ്സുകാരിയായ മകളുള്‍പ്പെടുന്ന ഈ കുടുംബം താമസിച്ചിരുന്ന ബംഗളൂരുവിലെ അപാര്‍ട്ട്‌മെന്റില്‍ നിന്നായിരുന്നു ഇന്നലെ അര്‍ധ രാത്രി അഫ്‌സലിനെ അറസ്റ്റ് ചെയ്തത്. ഇത്തരത്തില്‍ ഇസില്‍ ബന്ധമാരോപിച്ച് രാജ്യമൊട്ടാകെ 14 പേരെയാണ് എന്‍ ഐ എ കസ്റ്റഡിയിലെടുത്തത്.
ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സിസ് ഹോളണ്ടെ മുഖ്യാതിഥിയാകുന്ന ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ഇസില്‍ ആക്രമണ ഭീഷണിയുണ്ടെന്ന ഉന്നത രാജ്യ സുരക്ഷാ അധികൃതരുടെ വിലയിരുത്തലിനെ തുടര്‍ന്നാണ് ഇസില്‍ അനുഭാവമുള്ളവര്‍ക്കായി എന്‍ ഐ എ അന്വേഷണം തുടങ്ങിയത്.

Latest