Connect with us

Kerala

തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതി പ്രവര്‍ത്തനം നടപ്പാക്കുന്നതില്‍ വീഴ്ചയെന്ന് വിലയിരുത്തല്‍

Published

|

Last Updated

തിരുവനന്തപുരം: പദ്ധതികള്‍ നടപ്പാക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ വീഴ്ച വരുത്തിയെന്ന് സംസ്ഥാന ധനകാര്യകമ്മീഷന്‍. പദ്ധതികളുടെ ബാഹുല്യമാണ് ഇതിന്റെ പ്രധാന കാരണം. പദ്ധതികള്‍ക്ക് രൂപം നല്‍കുന്ന ഘടനയില്‍ തന്നെ മാറ്റം വരുത്തണമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. ബി പ്രകാശ് തിരുവനന്തപുരത്ത് ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതികളുടെ എണ്ണം കുറക്കണം. ഗ്രാമപഞ്ചായത്തുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കോര്‍പറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും പദ്ധതി പ്രവര്‍ത്തനം വളരെ പിന്നാക്കമാണ്. കഴിഞ്ഞവര്‍ഷം തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ വിനിയോഗം 68 ശതമാനം മാത്രമാണ്. കോര്‍പറേഷന്റേത് 45.6 ശതമാനവും. ഇവിടെയുണ്ടായിരുന്ന പദ്ധതികളുടെ എണ്ണം യഥാക്രമം 1019, 1161 ആണ്. ഇവയില്‍ പൂര്‍ത്തിയായത് 789ഉം 258ഉം. മറ്റു ജില്ലാ പഞ്ചായത്തുകളുടെയും കോര്‍പറേഷനുകളുടെയും സ്ഥിതിയും വിഭിന്നമല്ല. കൊല്ലം ജില്ലാ പഞ്ചായത്തിലെ കഴിഞ്ഞ വര്‍ഷത്തെ വിനിയോഗം 52.56 ശതമാനം മാത്രമാണ്. ഇവിടെ 729 പദ്ധതികളില്‍ പൂര്‍ത്തിയാക്കിയത് 227. എറണാകുളം ജില്ലാപഞ്ചായത്തിലാണെങ്കില്‍ 52.13 ശതമാനമാണ് വിനിയോഗിച്ചത്. ആവിഷ്‌കരിച്ച 1654 പദ്ധതികളില്‍ 842 എണ്ണം പൂര്‍ത്തീകരിച്ചു. കൊച്ചി കോര്‍പറേഷന്റെ വിനിയോഗം 53.1 ശതമാനമായപ്പോള്‍ ആവിഷ്‌കരിച്ച 708 പദ്ധതികളില്‍ പൂര്‍ത്തീകരിക്കാനായത് വെറും 255 മാത്രമാണെന്നും കമ്മീഷന്‍ വ്യക്തമാക്കുന്നു. വലിയ തദ്ദേശസ്ഥാപനങ്ങളിലും താരതമ്യേന കൂടുതല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നിടത്തുമാണ് പദ്ധതിയുടെ വിനിയോഗം കുറയുന്നത്. പദ്ധതി ആസൂത്രണവും അംഗീകാരം തേടലുമെല്ലാമായി ഡിസംബര്‍ മാസം വരെ നഷ്ടപ്പെടുകയാണ്. ഈ സ്ഥിതിക്ക് മാറ്റം വരുത്തണം. വികസനപരിപാടികളില്‍ മാറ്റം വരുത്താതെ തന്നെ ആദ്യത്തെ രണ്ട് മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കണം. പദ്ധതി കോഓര്‍ഡിനേറ്റര്‍മാരുടെ നിയമനം, വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ രൂപവത്കരണം, സ്റ്റേക്ക് ഹോള്‍ടേഴ്‌സ് കണ്‍സള്‍ട്ടേഷന്‍, വികസന സെമിനാര്‍ എന്നിവ കൊണ്ട് പ്രയോജനം ലഭിക്കുന്നില്ല. ഗ്രാമസഭകളിലും വാര്‍ഡ് സഭകളിലും പങ്കെടുക്കുന്ന കൂടുതല്‍ പേരും വനിതകളും കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങളുമായതിനാല്‍ വികസന പ്രശ്‌നങ്ങളെക്കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടക്കുന്നില്ല. ബി പി എല്‍ പദ്ധതി വഴി ലഭിക്കേണ്ട ആനുകൂല്യങ്ങളെക്കുറിച്ചും വ്യക്തിഗത ആനുകൂല്യങ്ങളുമാണ് പ്രധാനമായി ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണമായി തയ്യാറാക്കിയ പദ്ധതികളല്ല ഡി പി സി അനുമതിക്കായി നല്‍കുന്നത്. പൂര്‍ണമായ എസ്റ്റിമേറ്റ് ഉള്‍പ്പെടുന്ന പ്രൊജക്ടുകള്‍ പിന്നീടാണ് സമര്‍പ്പിക്കുന്നത്. ഇത് മൂലം പ്രൊജക്ടുകള്‍ നടപ്പാക്കാന്‍ വേണ്ട സാങ്കേതിക അനുമതിക്ക് കാലതാമസം നേരിടുന്നു. സെപ്തംബര്‍ മുതല്‍ നവംബര്‍ വരെ ഇതിന് സമയമെടുക്കും. കരാര്‍ നടപടിക്രമങ്ങള്‍ക്ക് പിന്നെയും രണ്ട് മാസമെടുക്കും. ഫലത്തില്‍ ജനുവരി മുതല്‍ മാര്‍ച്ച് വരെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഒരു സാമ്പത്തിക വര്‍ഷത്തെ മൊത്തം പദ്ധതി തുകയുടെ കൂടുതല്‍ ഭാഗവും മാര്‍ച്ചിലാണ് ചെലവിടുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമാണ് തിരക്കിട്ട് എന്‍ജിനീയറിംഗ് സ്വഭാവത്തിലുള്ള പദ്ധതികള്‍ നടത്തുന്നത്. ഇക്കാര്യത്തില്‍ വേണ്ടത്ര പരിശോധനകള്‍ നടക്കുന്നുമില്ല. വാര്‍ഷിക പദ്ധതി തുകയും മെയിന്റന്‍സ് ഫണ്ടും വാര്‍ഡ് അനുസരിച്ച് വീതിച്ചെടുക്കുന്നതാണ് പദ്ധതികളുടെ എണ്ണം കൂടാന്‍ കാരണം. വാര്‍ഡ് അംഗങ്ങളുടെ താത്പര്യമനുസരിച്ച് വീതം വെക്കുന്നത് പദ്ധതി പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നു. വേണ്ടത്ര എന്‍ജിനീയര്‍മാരും ഉദ്യോഗസ്ഥരുമില്ലാത്തതും പദ്ധതി വൈകലിന് കാരണമാകുന്നുണ്ട്. മാര്‍ച്ച് മാസത്തെ ട്രഷറി നിയന്ത്രണവും പ്രതിസന്ധി സൃഷ്ടിക്കുന്നു. പദ്ധതികളുടെ നല്ലൊരുഭാഗം ഗുണഭോക്തൃ സമിതികള്‍ വഴി നടപ്പാക്കുന്ന രീതിയും പദ്ധതി പ്രവര്‍ത്തനം മോശമാകാന്‍ കാരണമാകുന്നതായി കമ്മീഷന്‍ കുറ്റപ്പെടുത്തി.

---- facebook comment plugin here -----

Latest