കണ്ണൂരില്‍ ജനകീയ പ്രതിരോധം: ജയരാജനെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കില്ല

Posted on: January 23, 2016 4:07 am | Last updated: January 23, 2016 at 12:08 am
SHARE

p jayarajanകണ്ണൂര്‍: ആര്‍ എസ് എസ് നേതാവ് കതിരൂരിലെ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ യു എ പി എ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം സി ബി ഐ പ്രതിയാക്കിയ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കില്ല. പൊതുവില്‍ കണ്ണൂരിലെ രാഷ്ട്രീയ സാഹചര്യവും ജയരാജന്റെ ആശുപത്രി വാസവുമെല്ലാം കണക്കിലെടുത്താണ് ഉടന്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യതയില്ലെന്ന് സൂചനയുള്ളത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ കഴിഞ്ഞ ചൊവ്വാഴ്ച പ്രവേശിപ്പിക്കപ്പെട്ട ജയരാജന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തന്നെ തുടരുകയാണ്. ആശുപത്രിയില്‍ നിന്ന് ജയരാജനെ സി ബി ഐ അറസ്റ്റ് ചെയ്യുമോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെങ്കിലും അങ്ങനെയൊരു നീക്കം പെട്ടെന്നുണ്ടായാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇതിനെ വികാരപരമായിത്തന്നെ എടുക്കുമെന്നും അത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നും പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം കണക്കു കൂട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സൂക്ഷ്മമായി വിലയിരുത്തിയ ശേഷമേ അറസ്റ്റിന് സി ബി ഐ ഒരൂങ്ങൂയെന്നാണ് സൂചന.
അതേസമയം, സി പി എം ജില്ലാ സെക്രട്ടറി പി ജയരാജനെ പ്രതിയാക്കിയ സി ബി ഐ നടപടിയെ രാഷ്ട്രീയമായും നേരിടാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ജനകീയ പ്രതിരോധമെന്ന നിലയില്‍ ജില്ലയിലെ 18 ഏരിയാ കേന്ദ്രങ്ങളിലും ഇന്നലെ ബഹുജന പ്രകടനം നടത്തി. ഓരോ മേഖലയിലും നൂറ് കണക്കിനാളുകളാണ് പ്രതിഷേധ സമരത്തില്‍ അണി ചേര്‍ന്നത്. കതിരൂര്‍ സംഭവത്തിന്റെ പേരില്‍ ജയരാജന്റെയും മറ്റുള്ളവരെയുടെയും പേരില്‍ ബോധപൂര്‍വമാണ് കള്ളക്കേസ് ചുമത്തുന്നതെന്നാണ് സി പി എം ആരോപിക്കുന്നത്. അന്വേഷണ ഏജന്‍സി 505 ദിവസം അന്വേഷിച്ചിട്ടും ജയരാജനെതിരെ ഒരു തെളിവും കോടതിയില്‍ ഹാജരാക്കാനായില്ല. ജനുവരി 18ന് മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്തപ്പോഴും ജയരാജന്‍ പ്രതിയല്ലെന്നാണ് സി ബി ഐ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. രണ്ട് ദിവസത്തിനുള്ളില്‍ ജയരാജനെ പ്രതി ചേര്‍ക്കുകയും ചെയ്തു. സി ബി ഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പുതുതായി ഒരു കാര്യവും പറയുന്നില്ല. നേരത്തെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മറ്റ് പ്രതികളുടെ മേല്‍ ആരോപിക്കപ്പെട്ട കുറ്റം മാത്രമാണ് ജയരാജനെതിരെയും കെട്ടിച്ചമച്ചിട്ടുള്ളതെന്നും സി പി എം ആരോപിക്കുന്നു.
അസാധാരണമായ രാഷ്ട്രീയ ഇടപെടലാണ് കതിരൂര്‍ സംഭവത്തില്‍ ഉണ്ടായതെന്നാണ് സി പി എമ്മിന്റെ വിലയിരുത്തലെങ്കിലും ജയരാജനെതിരേയെടുത്ത കേസ് രാഷ്ട്രീയപ്രേരിതമെന്ന് പറഞ്ഞ് നിസ്സാരമാക്കി തള്ളാവുന്നതല്ലെന്ന നിരീക്ഷണവും പാര്‍ട്ടിക്കുണ്ട്. അറസ്റ്റിലായി റിമാന്‍ഡ് ചെയ്താല്‍ ഒരു മാസം കഴിഞ്ഞ് മാത്രമേ ജാമ്യത്തിലിറങ്ങാന്‍ അപേക്ഷ നല്‍കാന്‍ പോലുമാകൂ. ഈ കേസില്‍ നേരത്തെ അറസ്റ്റിലായ പ്രതികള്‍ മാസങ്ങളോളം റിമാന്‍ഡില്‍ കഴിഞ്ഞിരുന്നു. മിക്കവരും ഇപ്പോഴും റിമാന്‍ഡിലാണ്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ജില്ലാ സെക്രട്ടറിയെ പോലൊരാള്‍ ഇത്തരമൊരു കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്നതു പാര്‍ട്ടിക്ക് കനത്തതോതില്‍തന്നെ ദോഷം ചെയ്യുമെന്നും കണക്കു കൂട്ടുന്നുണ്ട്. യു ഡി എഫ് സര്‍ക്കാരിന്റെ അഴിമതിയും മറ്റും ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരുങ്ങുന്ന സി പി എമ്മിന് കൊലക്കേസില്‍ പ്രതിയായ പാര്‍ട്ടി നേതാവിനെ സംരക്ഷിക്കാനും ഇതുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങളെ പ്രതിരോധിക്കാനും സമയം ചെലവഴിക്കേണ്ടിവരുന്നത് ഒട്ടും ആശാസ്യമല്ല. എതിരാളികള്‍ക്കാകട്ടെ മൂര്‍ച്ചയുള്ള ഒരു തിരഞ്ഞെടുപ്പ് ആയുധമാണ് ലഭിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here