ബാര്‍കോഴ: ക്വിക്ക് വെരിഫിക്കേഷന് ഒരു മാസം കൂടി അനുവദിക്കണം- വിജിലന്‍സ്

Posted on: January 23, 2016 12:06 am | Last updated: January 23, 2016 at 12:06 am
SHARE

k babu-കൊച്ചി: എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരായ ബാര്‍കോഴ ആരോപണം സംബന്ധിച്ച ക്വിക്ക് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുന്നതിന് ഒരു മാസം കൂടി അനുവദിക്കണമെന്ന് വിജിലന്‍സ്. ക്വിക്ക് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥയായ വിജിലന്‍സ് എസ് പി ആര്‍ നിശാന്തിനി ഒരു മാസത്തെ സാവകാശം ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച അപേക്ഷ വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും.
ക്വിക്ക് വെരിഫിക്കേഷന് മൂന്ന് മാസം വരെ സമയമെടുക്കാന്‍ കഴിയുമെങ്കിലും ജോര്‍ജ് വട്ടുകുളത്തിന്റെ പൊതുതാത്പര്യ ഹരജിയില്‍ വിധി പറഞ്ഞ കോടതി ഡിസംബര്‍ 23നകം ക്വിക്ക് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അന്വേഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തില്‍ തന്നെയാണ്. പരാതിക്കാരനായ ജോര്‍ജ് വട്ടുകുളം തെളിവായി നല്‍കിയത് ഒരു ടെലിവിഷന്‍ അഭിമുഖത്തിന്റെ സി ഡി മാത്രമാണ്. ജോര്‍ജ് വട്ടുകുളത്തിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം ഏഷ്യാനെറ്റ് ന്യൂസിലെ അവതാരകനായ ജിമ്മി ജെയിംസിന്റെ മൊഴിയാണ് പ്രധാനമായും രേഖപ്പെടുത്തിയത്. ബാറുടമകളടക്കമുള്ളവരുടെയും മൊഴിയെടുക്കേണ്ടതുണ്ട്. മന്ത്രി ബാബുവിന്റെ മൊഴിയും രേഖപ്പെടുത്തുമെന്നാണ് സൂചന.
നേരത്തെ വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ബിജു രമേശ് അടക്കമുള്ളവരുടെയും മന്ത്രി കെ ബാബുവിന്റെയും മൊഴിയെടുക്കുകയും ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങളുടെ വസ്തുതാ പരിശോധന നടത്തുകയും ചെയ്തിരുന്നു. ആരോപണത്തിന് തെളിവില്ലെന്ന നിഗമനത്തിലാണ് കേസന്വേഷിച്ച വിജിലന്‍സ് ഡിവൈ എസ് പി എത്തിയത്. എന്നാല്‍ വിജിലന്‍സ് കേസുകളില്‍ പ്രാഥമിക അന്വേഷണം നടത്തുന്നതിന് വകുപ്പില്ലെന്നും ക്വിക്ക് വെരിഫിക്കേഷനാണ് വേണ്ടതെന്നും ചൂണ്ടിക്കാണിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ക്വിക്ക് വെരിഫിക്കേഷന്‍ നടത്താന്‍ കോടതി ഉത്തരവായത്.

LEAVE A REPLY

Please enter your comment!
Please enter your name here